‏ Isaiah 52

1സീയോനേ, ഉണരുക, ഉണരുക,
ശക്തി ധരിച്ചുകൊൾക!
വിശുദ്ധനഗരമായ ജെറുശലേമേ,
നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക.
പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും
ഇനിമേൽ നിന്നിലേക്കു വരികയില്ല.
2ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക;
എഴുന്നേൽക്കുക, സിംഹാസനസ്ഥനാകുക.
ബന്ദിയായ സീയോൻപുത്രീ,
നിന്റെ കഴുത്തിലെ ചങ്ങലകൾ അഴിച്ചുകളയുക.
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“വിലവാങ്ങാതെ ഞാൻ നിന്നെ വിറ്റുകളഞ്ഞു,
ഇപ്പോൾ വിലകൂടാതെ നീ വീണ്ടെടുക്കപ്പെടും.”
4കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“മുൻകാലത്ത് എന്റെ ജനം ജീവിക്കുന്നതിനായി ഈജിപ്റ്റിലേക്കു പോയി;
ഇപ്പോഴിതാ, അശ്ശൂരും അവരെ പീഡിപ്പിച്ചു.
5“ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു.

“കാരണം എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോയിരിക്കെ
അവരുടെ ഭരണാധികാരികൾ അലമുറയിടുന്നല്ലോ,
ചി.കൈ.പ്ര. പരിഹസിക്കുന്നല്ലോ.

യഹോവ അരുളിച്ചെയ്യുന്നു.
“അങ്ങനെ എന്റെ നാമം ദിവസംമുഴുവനും
നിരന്തരം ദുഷിക്കപ്പെടുന്നു.”
6അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും;
അതിനാൽ, ഞാൻ, ഞാൻതന്നെയാണ് അതു പ്രവചിച്ചത്
എന്ന് ആ നാളിൽ അവർ അറിയും.
അതേ, അതു ഞാൻതന്നെ.

7സുവാർത്ത കൊണ്ടുവരികയും
സമാധാനം പ്രഘോഷിക്കുകയും
ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും
രക്ഷ വിളംബരംചെയ്യുകയും
സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്,
പർവതസാനുക്കൾ താണ്ടിവരുന്നവരുടെ
പാദങ്ങൾ എത്ര മനോഹരം!
8ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും;
അവർ ഒരുമിച്ച് ആനന്ദത്താൽ ആർപ്പിടും.
യഹോവ സീയോനെ മടക്കിവരുത്തുന്നത്
അവർ അഭിമുഖമായി ദർശിക്കും.
9ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ,
ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക.
കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു,
അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു.
10എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ
യഹോവ തന്റെ വിശുദ്ധഭുജം വെളിപ്പെടുത്തിയിരിക്കുന്നു,
മൂ.ഭാ. അനാവൃതമാക്കിയിരിക്കുന്നു.

ഭൂമിയുടെ സകലസീമകളും
നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും.

11യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക!
അശുദ്ധമായതൊന്നും സ്പർശിക്കരുത്!
യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ,
അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.
12എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ
ഓടിപ്പോകുകയോ ഇല്ല;
കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും,
ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും.

ദാസന്റെ കഷ്ടതയും മഹത്ത്വവും

13എന്റെ ദാസൻ ജ്ഞാനത്തോടെ പ്രവർത്തിക്കും;
അഥവാ, അഭിവൃദ്ധിയുണ്ടാകും.

അവൻ ഉയർത്തപ്പെടും, ഉന്നതിനേടും, അത്യന്തം മഹത്ത്വീകരിക്കപ്പെടും.
14അവനെ കാണുന്ന അനേകരും സ്തംഭിച്ചുപോകുമാറ്,
മനുഷ്യനെന്നു തോന്നാത്തവിധം, അവൻ വിരൂപനാക്കപ്പെട്ടിരിക്കുന്നു,
അവൻ മനുഷ്യനോ എന്നുപോലും സംശയിക്കുമാറ് വികൃതനാക്കപ്പെട്ടിരിക്കുന്നു.
15അങ്ങനെ അവൻ അനേകം രാഷ്ട്രങ്ങളെ അമ്പരപ്പിക്കും,
രാജാക്കന്മാർ അവന്റെ മുമ്പിൽ വായ് പൊത്തും.
കാരണം ആരും തങ്ങളോട് പറഞ്ഞിട്ടില്ലാത്തത് അവർ കാണുകയും
തങ്ങൾ കേട്ടിട്ടില്ലാത്തത് അവർ മനസ്സിലാക്കുകയും ചെയ്യും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.