‏ Isaiah 39

ബാബേലിൽനിന്നുള്ള സ്ഥാനപതികൾ

1അക്കാലത്ത് ബലദാന്റെ മകനും ബാബേൽരാജാവുമായ മെരോദക്-ബലദാൻ ഹിസ്കിയാവിന്റെ രോഗവിവരവും രോഗസൗഖ്യത്തെക്കുറിച്ചും കേട്ടിരുന്നതിനാൽ അദ്ദേഹത്തിനു കത്തുകളും സമ്മാനവും കൊടുത്തയച്ചു. 2ഹിസ്കിയാവ് ആ സ്ഥാനപതികളെ സന്തോഷത്തോടെ സ്വീകരിച്ചു; തന്റെ കലവറകളും വെള്ളിയും സ്വർണവും സുഗന്ധവർഗങ്ങളും വിശിഷ്ടതൈലവും എല്ലാ ആയുധശേഖരവും തന്റെ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന സകലവസ്തുക്കളും അദ്ദേഹം അവരെ കാണിച്ചു. തന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല.

3അപ്പോൾ പ്രവാചകനായ യെശയ്യാവ് രാജാവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “ആ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നാണു വന്നത്?”

ഹിസ്കിയാവ് മറുപടി പറഞ്ഞു: “അവർ ഒരു ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് എന്റെ അടുത്തുവന്നു.”

4“അവർ നിന്റെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു.

ഹിസ്കിയാവു പറഞ്ഞു: “അവർ എന്റെ കൊട്ടാരത്തിലുള്ളതെല്ലാം കണ്ടു; ഞാൻ അവരെ കാണിക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ യാതൊന്നുമില്ല.”

5അപ്പോൾ യെശയ്യാവു ഹിസ്കിയാവിനോടു പറഞ്ഞു: “സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു കേൾക്കുക: 6നിന്റെ കൊട്ടാരത്തിലുള്ളതെല്ലാം, നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചു വെച്ചിരുന്നതെല്ലാം ബാബേലിലേക്ക് അപഹരിച്ചുകൊണ്ടുപോകുന്ന കാലം നിശ്ചയമായും വരും. യാതൊന്നും അവശേഷിക്കുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു. 7നിന്റെ സന്തതികളിൽ ചിലരെ—നിന്റെ സ്വന്തമാംസവും സ്വന്തരക്തവുമായി നിനക്കു ജനിക്കുന്ന സന്തതികളെ—അവർ പിടിച്ചുകൊണ്ടുപോകും. അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിത്തീരും.”

8“എന്റെ ജീവിതകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടാകുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. അതിനാൽ “അങ്ങ് ഉച്ചരിച്ച യഹോവയുടെ വാക്കുകൾ നല്ലതുതന്നെ,” എന്നു ഹിസ്കിയാവ് മറുപടി പറഞ്ഞു.

Copyright information for MalMCV