‏ Isaiah 35

വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം

1മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും;
മരുഭൂമി ആനന്ദിച്ചു പുഷ്പിണിയാകും.
കുങ്കുമച്ചെടിപോലെ
2അത് പൊട്ടിവിടരും;
ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും.
ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും,
കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ,
അവർ യഹോവയുടെ തേജസ്സും
നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും.

3തളർന്ന കൈകൾ ശക്തിപ്പെടുത്തുക,
കുഴഞ്ഞ കാൽമുട്ടുകൾ നേരേയാക്കുക;
4ഹൃദയത്തിൽ ഭയമുള്ളവരോട്:
“ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട,
നിങ്ങളുടെ ദൈവം വരും,
പ്രതികാരവുമായി അവിടന്ന് വരും;
പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്,
അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും” എന്നു പറയുക.

5അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും,
ചെകിടരുടെ കാതുകൾ അടഞ്ഞിരിക്കുകയുമില്ല.
6മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും,
ഊമരുടെ നാവ് ആനന്ദത്താൽ ആർപ്പിടും.
മരുഭൂമിയിൽ വെള്ളവും വരണ്ടുണങ്ങിയ നിലത്ത്
അരുവികളും പൊട്ടിപ്പുറപ്പെടും.
7വരണ്ടപ്രദേശം ജലാശയമായും
ദാഹാർത്തമായ ഭൂമി നീരുറവകളായും തീരും.
ഒരിക്കൽ കുറുനരികളുടെ വാസസ്ഥലം ആയിരുന്നിടത്ത്,
പുല്ലും ഓടപ്പുല്ലും ഞാങ്ങണയും വളരും.

8അവിടെ ഒരു രാജവീഥി ഉണ്ടാകും;
അത് പരിശുദ്ധിയുടെ പാത എന്നു വിളിക്കപ്പെടും;
തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമാണ് ആ രാജവീഥി.
അശുദ്ധർ അതിൽ യാത്രചെയ്യുകയില്ല;
ദുഷ്ടരായ ഭോഷർ ആ വഴി വരുകയേയില്ല.
9അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല;
ഒരു ഹിംസ്രമൃഗവും അവിടെ സഞ്ചരിക്കുകയില്ല;
ആ വകയൊന്നും അവിടെ കാണുകയില്ല.
വീണ്ടെടുക്കപ്പെട്ടവർമാത്രം അതിൽ സഞ്ചരിക്കും,
10യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.
സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും;
നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും.
ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും,
ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.
Copyright information for MalMCV