‏ Isaiah 27

ഇസ്രായേലിന്റെ വിമോചനം

1അന്നാളിൽ,

യഹോവ തന്റെ ഭയങ്കരവും വലുതും
ശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും,
കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയും
വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും.
സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും.
2ആ ദിവസത്തിൽ,

“ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടത്തെപ്പറ്റി ഗാനമാലപിക്കുക:
3യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു;
പതിവായി ഞാൻ അതു നനയ്ക്കുന്നു.
ആരും അതിനു ഹാനി വരുത്താതിരിക്കാൻ
രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു.
4ഞാൻ കോപിഷ്ഠനല്ല.
എനിക്കെതിരേ വരുന്നത് മുള്ളും പറക്കാരയും ആയിരുന്നെങ്കിൽ
ഞാൻ അവർക്കെതിരേ പാഞ്ഞുചെന്ന്
അവരെ ആസകലം ആക്രമിച്ച് ദഹിപ്പിച്ചുകളയുമായിരുന്നു.
5അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ;
എന്നോട് സമാധാനസന്ധിയിൽ ഏർപ്പെടട്ടെ,
അതേ, അവർ എന്നോട് സമാധാനസന്ധി ചെയ്യട്ടെ.”

6വരുംനാളുകളിൽ യാക്കോബ് വേരൂന്നുകയും
ഇസ്രായേൽ തളിർത്തു പൂക്കുകയും
ഭൂമിമുഴുവനും ഫലംകൊണ്ടു നിറയ്ക്കുകയും ചെയ്യും.

7അവളെ
അതായത്, ഇസ്രായേലിനെ
അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോ
യഹോവ അവളെ അടിച്ചത്?
അവളെ വധിച്ചവരെ വധിച്ചതുപോലെയാണോ
അവൾ വധിക്കപ്പെട്ടത്?
8യുദ്ധത്തിലൂടെയും പ്രവാസത്തിൽ അയയ്ക്കുന്നതിലൂടെയും അവിടന്ന് അവളോട് എതിർത്തു:
കിഴക്കൻകാറ്റിന്റെ ദിവസത്തിൽ
തന്റെ കൊടുങ്കാറ്റിനാൽ അവിടന്ന് അവരെ പുറന്തള്ളി.
9ഇതിനാൽ, യാക്കോബിന്റെ അകൃത്യത്തിനു പ്രായശ്ചിത്തംവരുത്തും,
അവന്റെ പാപം നീക്കിക്കളയുന്നതിന്റെ പൂർണഫലം ഇതാകുന്നു:
യാഗപീഠത്തിന്റെ കല്ലുകളെല്ലാം അവിടന്ന്
തകർക്കപ്പെട്ട ചുണ്ണാമ്പുകല്ലുകൾപോലെയാക്കുമ്പോൾ
അശേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും
നിവർന്നുനിൽക്കുകയില്ല.
10കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു,
ഉപേക്ഷിക്കപ്പെട്ട ആവാസസ്ഥലവും മരുഭൂമിപോലെ തിരസ്കൃതവും ആയിത്തീർന്നിരിക്കുന്നു.
അവിടെ കാളക്കിടാങ്ങൾ മേഞ്ഞുനടക്കും,
അവിടെ അവ കിടക്കുകയും
ചില്ലകൾ തിന്നുതീർക്കുകയും ചെയ്യും.
11അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും,
സ്ത്രീകൾ വന്ന് അവ കത്തിച്ചുകളയും.
കാരണം അവർ തിരിച്ചറിവില്ലാത്ത ജനമല്ലോ;
അതിനാൽ അവരുടെ സ്രഷ്ടാവിന് അവരോടു കരുണ തോന്നുകയില്ല,
അവരെ നിർമിച്ചവന് അവരോടു കൃപയുണ്ടാകുകയുമില്ല.
12അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്റ്റിലെ നദീതീരംവരെ യഹോവ കറ്റകൾ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങൾ ഓരോരുത്തരായി ശേഖരിക്കപ്പെടും. 13ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.