‏ Hosea 2

1“അന്നു നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ, ‘അമ്മീ’
എന്റെ ജനം എന്നർഥം.
എന്നും സഹോദരിമാരെ ‘രൂഹമാ’
കരുണ ലഭിച്ചവൾ എന്നർഥം.
എന്നും വിളിക്കുക.

ഇസ്രായേലിന്റെ ശിക്ഷയും വീണ്ടെടുപ്പും

2“നിങ്ങളുടെ അമ്മയുമായി വാദിക്കുക, അവളുമായി വാദിക്കുക;
കാരണം അവൾ എന്റെ ഭാര്യയല്ല,
ഞാൻ അവളുടെ ഭർത്താവുമല്ല;
അവൾ തന്റെ മുഖത്തുനിന്നു വ്യഭിചാരിണിയുടെ നോട്ടവും
തന്റെ സ്തനങ്ങൾക്കിടയിൽനിന്ന് അവിശ്വസ്തതയും മാറ്റട്ടെ.
3അതല്ലെങ്കിൽ ഞാൻ അവളെ വിവസ്ത്രയാക്കും
അവൾ ജനിച്ച ദിവസത്തെപ്പോലെ അവളെ നഗ്നയാക്കും;
ഞാൻ അവളെ മരുഭൂമിപോലെയും
വരണ്ട നിലംപോലെയും ആക്കും
അങ്ങനെ ദാഹംകൊണ്ടു ഞാൻ അവളെ വധിക്കും.
4ഞാൻ അവളുടെ മക്കളോടു സ്നേഹം കാണിക്കുകയില്ല,
അവർ വ്യഭിചാരത്തിൽ പിറന്ന മക്കളല്ലോ.
5അവരുടെ അമ്മ അവിശ്വസ്തയായിരുന്നു
അവൾ അപമാനത്തിൽ അവരെ ഗർഭംധരിച്ചു.
അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ കാമുകന്മാരുടെ പിന്നാലെ പോകും;
അവരാണ് എനിക്ക് അപ്പവും വെള്ളവും തരുന്നത്,
കമ്പിളിയും ചണവസ്ത്രവും ഒലിവെണ്ണയും പാനീയവും എനിക്കു തരുന്നതും അവർതന്നെ.’
6അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും;
അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിയാതവണ്ണം ഞാൻ മതിൽകെട്ടി അടയ്ക്കും.
7അവൾ തന്റെ കാമുകന്മാരുടെ പിന്നാലെ ഓടും, എന്നാൽ അവരോടൊപ്പം എത്തുകയില്ല;
അവൾ അവരെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല.
അപ്പോൾ അവൾ പറയും:
‘ഞാൻ എന്റെ ആദ്യഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും,
എന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കാൾ അതായിരുന്നു കൂടുതൽ നല്ലത്.’
8അവൾക്കുവേണ്ട ധാന്യവും പുതുവീഞ്ഞും എണ്ണയും
ബാലിനുവേണ്ടി അവർ യഥേഷ്ടം ഉപയോഗിച്ച
വെള്ളിയും സ്വർണവും അവൾക്കു നൽകിയത്
ഞാൻ ആണെന്ന് അവൾ സമ്മതിച്ചിട്ടില്ല.

9“അതുകൊണ്ട്, ധാന്യം വിളയുമ്പോൾ എന്റെ ധാന്യത്തെയും
പുതുവീഞ്ഞു തയ്യാറാകുമ്പോൾ എന്റെ പുതുവീഞ്ഞിനെയും ഞാൻ എടുത്തുകളയും.
അവളുടെ നഗ്നത മറയ്ക്കുന്നതിനുള്ള
എന്റെ കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും
10ഇപ്പോൾത്തന്നെ അവളുടെ കാമുകന്മാരുടെമുമ്പിൽ
അവളുടെ ഗുഹ്യഭാഗം ഞാൻ അനാവൃതമാക്കും;
എന്റെ കൈയിൽനിന്ന് ആരും അവളെ വിടുവിക്കുകയില്ല.
11ഞാൻ അവളുടെ എല്ലാ ഉത്സവങ്ങളും നിർത്തലാക്കും:
അവളുടെ വാർഷികോത്സവങ്ങളും അമാവാസികളും
ശബ്ബത്ത് നാളുകളും—നിശ്ചയിക്കപ്പെട്ട എല്ലാ ആഘോഷങ്ങളുംതന്നെ.
12അവളുടെ കാമുകന്മാർ അവൾക്കു കൂലിയായി നൽകിയിരിക്കുന്ന
മുന്തിരിയും അത്തിവൃക്ഷവും ഞാൻ നശിപ്പിക്കും;
ഞാൻ അതിനെ കുറ്റിച്ചെടിയാക്കും,
വന്യമൃഗങ്ങൾ അതിനെ നശിപ്പിച്ചുകളയും.
13ബാലിനു ധൂപം കാട്ടിയ ആ കാലങ്ങളിലെല്ലാം
ഞാൻ അവളെ ശിക്ഷിക്കും;
അവൾ മോതിരങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്വയം അലങ്കരിച്ചുകൊണ്ട്
തന്റെ കാമുകന്മാരെ പിൻതുടർന്നു,
എന്നെയോ, അവൾ മറന്നുകളഞ്ഞു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.

14“അതുകൊണ്ട്, ഞാൻ അവളെ വശീകരിക്കാൻ പോകുന്നു;
ഞാൻ അവളെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും
അവളോടു ഹൃദ്യമായി സംസാരിക്കുകയും ചെയ്യും.
15അവിടെ, അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു മടക്കിക്കൊടുക്കും,
ആഖോർ
ദുരിതം എന്നർഥം.
താഴ്വരയെ പ്രത്യാശയുടെ കവാടമാക്കും.
അവിടെ, അവളുടെ യൗവനനാളുകളിലെപ്പോലെ,
ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന ദിവസങ്ങളിലെപ്പോലെ അവൾ പാട്ടുപാടും.

16“ആ ദിവസത്തിൽ,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ എന്നെ ‘എന്റെ ഭർത്താവേ’ എന്നു വിളിക്കും;
‘എന്റെ യജമാനനേ’
മൂ.ഭാ. എന്റെ ബാലേ
എന്ന് ഇനിയൊരിക്കലും വിളിക്കുകയില്ല.
17ഞാൻ ബാലിന്റെ നാമങ്ങളെ അവളുടെ നാവിൽനിന്ന് മാറ്റിക്കളയും;
അവരുടെ നാമങ്ങൾ ഇനിയൊരിക്കലും അവൾ ഉച്ചരിക്കയുമില്ല.
18ആ ദിവസം, ഞാൻ അവർക്കുവേണ്ടി
വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും
നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.
വില്ലും വാളും യുദ്ധവും
ദേശത്തുനിന്നു ഞാൻ നീക്കിക്കളയും,
അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും.
19ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും;
ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും
ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും.
20ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും,
അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും.

21“അന്നു ഞാൻ ഉത്തരം നൽകും,”
യഹോവ അരുളിച്ചെയ്യുന്നു—
“ഞാൻ ആകാശത്തിന് ഉത്തരം നൽകും,
ആകാശം ഭൂമിക്ക് ഉത്തരം നൽകും;
22ഭൂമി ധാന്യത്തിനും
പുതുവീഞ്ഞ് ഒലിവെണ്ണയ്ക്കും ഉത്തരം നൽകും,
അവ യെസ്രീലിന് ഉത്തരം നൽകും.
23എനിക്കുവേണ്ടി ഞാൻ അവളെ ദേശത്തു നടും;
‘എന്റെ പ്രിയപ്പെട്ടവളല്ല,’ എന്നു പറഞ്ഞവളോടു ഞാൻ എന്റെ സ്നേഹം കാണിക്കും.
‘എന്റെ ജനമല്ല,’ എന്നു പറഞ്ഞിരുന്നവരോട് ‘നിങ്ങൾ എന്റെ ജനം’ എന്നു ഞാൻ പറയും;
‘അവിടന്ന് ആകുന്നു എന്റെ ദൈവം,’ ” എന്ന് അവർ പറയും.
Copyright information for MalMCV