Hebrews 6
1– 2ആകയാൽ നമുക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങളാകുന്ന അടിസ്ഥാനം പിന്നെയും ഇടാതെ പക്വതയിലേക്കു മുന്നേറാം. നിർജീവപ്രവൃത്തികളിൽനിന്നുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെപ്പറ്റിയുള്ള ഉപദേശം, കരപൂരണങ്ങൾ, ▼▼അതായത്, വിവിധ ദൈവികശുശ്രൂഷകൾക്കായി നിയോഗിക്കുന്ന കർമം.
മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് അടിസ്ഥാന ഉപദേശങ്ങൾ. 3ദൈവഹിതമായാൽ നമുക്ക് തീർച്ചയായും പക്വതയിലേക്കു മുന്നേറാം. ▼▼അഥവാ, തീർച്ചയായും ദൈവം അനുവദിച്ചാൽ വിവരിക്കും.
4ഒരിക്കൽ സത്യം വ്യക്തമായി ഗ്രഹിച്ചിട്ടും സ്വർഗീയദാനം രുചിച്ചറിഞ്ഞശേഷവും പരിശുദ്ധാത്മാവിന്റെ സഖിത്വം ഉണ്ടായിരുന്നിട്ടും 5ദൈവവചനത്തിന്റെ നന്മയും വരുംകാലത്തിന്റെ പ്രതാപവും അനുഭവിച്ചറിഞ്ഞതിനുശേഷവും 6വിശ്വാസത്യാഗം ചെയ്താൽ അവരെ വീണ്ടും മാനസാന്തരത്തിലേക്കു നയിക്കുക അസാധ്യമാണ്. അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയും അവിടത്തെ പരസ്യമായി പരിഹാസ്യനാക്കുകയുംചെയ്തല്ലോ. 7കാലാകാലങ്ങളിൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ഭൂമി കർഷകനു നല്ല വിളവ് നൽകിയാൽ അത് ദൈവപ്രശംസയ്ക്കു കാരണമാകും. 8എന്നാൽ ഭൂമി മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാൽ അത് ഉപയോഗശൂന്യവും ശാപഗ്രസ്തവുമാണ്, അത് ഒടുവിൽ അഗ്നിക്കിരയാകും.
9പ്രിയരേ, ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കിലും നിങ്ങളിലുള്ള നന്മകളെക്കുറിച്ചും നിങ്ങളുടെ രക്ഷയെ സംബന്ധിച്ചും ഞങ്ങൾക്ക് പൂർണനിശ്ചയമുണ്ട്. 10ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല. 11നിങ്ങൾ ഓരോരുത്തർക്കും പ്രത്യാശയെക്കുറിച്ചുള്ള പരിപൂർണനിശ്ചയം ഉണ്ടാകേണ്ടതിന് അവസാനംവരെ ഇതേ ശുഷ്കാന്തി പ്രകടമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 12നിങ്ങൾ അലസരാകരുത്, മറിച്ച് വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരെ അനുകരിക്കുന്നവരാകുക.
ദൈവികവാഗ്ദാനങ്ങൾ സുനിശ്ചിതമാണ്
13ദൈവം അബ്രാഹാമിനു വാഗ്ദാനം നൽകിയപ്പോൾ, ശപഥംചെയ്യാൻ തന്നെക്കാൾ വലിയവരാരും ഇല്ലാത്തതുമൂലം, സ്വന്തം നാമത്തിൽ ശപഥംചെയ്തു: 14“ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും, ഞാൻ നിന്നെ ഏറ്റവും വർധിപ്പിക്കും.” c , ▼▼മൂ.ഭാ. അനുഗ്രഹിച്ച് അനുഗ്രഹിക്കും, വർധിപ്പിച്ച് വർധിപ്പിക്കും.
എന്ന് അരുളിച്ചെയ്തു. 15അതനുസരിച്ച്, അബ്രാഹാം ദീർഘക്ഷമയോടെ വാഗ്ദാനനിവൃത്തിക്കായി കാത്തിരുന്നു; അതു ലഭിക്കുകയും ചെയ്തു. 16തങ്ങളെക്കാൾ ഉന്നതരെക്കൊണ്ടാണ് മനുഷ്യർ ശപഥംചെയ്യുന്നത്. അങ്ങനെയുള്ള ശപഥം, വാഗ്ദാനം നിറവേറപ്പെടുമെന്ന് ഉറപ്പ് നൽകുകയും എല്ലാ തർക്കത്തിനും അന്തം വരുത്തുകയുംചെയ്യുന്നു. 17ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി. 18ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും മാറ്റം വരിക അസാധ്യം. നമ്മുടെമുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ചോടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്. 19ഈ പ്രത്യാശ നമ്മുടെ പ്രാണന് തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിക്കാൻ പര്യാപ്തമായ സുദൃഢവും സുഭദ്രവുമായ ഒരു നങ്കൂരം ആകുന്നു! 20അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു.
Copyright information for
MalMCV