‏ Hebrews 13

അവസാന പ്രബോധനങ്ങൾ

1നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക.
മൂ.ഭാ. സഹോദരസ്നേഹം തുടർന്നുകൊണ്ടിരിക്കുക.
2അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. 3നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.

4വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും. 5നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.

“ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,
ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,” b
എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ.
6അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,

“കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.
വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”
7നിങ്ങളെ ദൈവവചനം അഭ്യസിപ്പിച്ച് നയിച്ചവരെ ഓർക്കുക. അവരുടെ ജീവിതങ്ങളിൽനിന്ന് ഉണ്ടായ സത്ഫലങ്ങൾ പരിഗണിച്ച്, അവരുടെ വിശ്വാസം അനുകരിക്കുക. 8യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ.

9വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്. 10നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽനിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല.

11മഹാപുരോഹിതൻ, പാപപരിഹാരാർഥം മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ജഡം മനുഷ്യവാസസ്ഥാനത്തിനു പുറത്ത് ദഹിപ്പിക്കുന്നു. 12അങ്ങനെതന്നെ യേശുവും, സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരകവാടത്തിനു പുറത്ത് പീഡനം സഹിച്ചു. 13ആയതിനാൽ, അവിടന്ന് സഹിച്ച അപമാനം ചുമന്നുകൊണ്ടു, നമുക്ക് പാളയത്തിനുപുറത്ത് തിരുസന്നിധിയിൽ ചെല്ലാം. 14ഇവിടെ നമുക്കു സുസ്ഥിരമായ നഗരമില്ല, എന്നാൽ നാം വരാനുള്ള നഗരത്തെയാണ് അന്വേഷിക്കുന്നത്.

15അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം. 16നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.

17നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

18ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക; ഞങ്ങളുടെ മനസ്സാക്ഷി കുറ്റമറ്റതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എല്ലാവിധത്തിലും മാന്യമായി ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 19ഞാൻ നിങ്ങളുടെ അടുക്കൽ ഉടനെതന്നെ മടങ്ങിവരുന്നതിനായി നിങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രാർഥിക്കണമെന്നപേക്ഷിക്കുന്നു.

ആശിർവാദവും അന്തിമ അഭിവാദനങ്ങളും

20നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, 21നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.

22സഹോദരങ്ങളേ, എന്റെ ഈ പ്രബോധനവചനങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. സത്യത്തിൽ, വളരെ ചുരുക്കമായിട്ടാണല്ലോ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.

23നമ്മുടെ സഹോദരനായ തിമോത്തിയോസ് ജയിൽമോചിതനായിരിക്കുന്നു എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അയാൾ വേഗം എത്തുകയാണെങ്കിൽ ഞാനും അയാളോടൊപ്പം നിങ്ങളെ കാണാൻ വരുന്നതാണ്.

24നിങ്ങളെ നയിക്കുന്ന എല്ലാവർക്കും, സകലവിശുദ്ധർക്കും അഭിവാദനം.

ഇറ്റലിക്കാർ അവരുടെ ശുഭാശംസകൾ നിങ്ങളെ അറിയിക്കുന്നു.

25കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.