‏ Hebrews 10

ക്രിസ്തുവിന്റെ നിസ്തുലയാഗം

1ന്യായപ്രമാണമല്ല യാഥാർഥ്യം, അതു വരാനിരുന്ന നന്മകളുടെ പ്രതിരൂപംമാത്രമാണ്. അതുകൊണ്ട് വർഷംതോറും ആവർത്തിക്കപ്പെടുന്ന യാഗങ്ങൾക്ക്, തിരുസന്നിധാനത്തോട് അടുത്തുവരുന്നവരെ പരിപൂർണരാക്കാൻ കഴിയുന്നതേയില്ല. 2അവയ്ക്കു കഴിയുമായിരുന്നെങ്കിൽ, ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ട ആരാധകർക്കു പാപബോധമില്ലാതെ ആകുന്നതിനാൽ, യാഗങ്ങൾതന്നെ അവസാനിപ്പിക്കേണ്ടിവരുമായിരുന്നില്ലേ? 3എന്നാൽ, അവ പാപങ്ങളുടെ വർഷംതോറുമുള്ള അനുസ്മരണംമാത്രമാണ്. 4കാരണം, കാളകളുടെയും മുട്ടാടുകളുടെയും രക്തത്തിനു പാപനിവാരണം വരുത്താൻ സാധ്യമല്ല.

5അതിനാലാണ്, ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ, അവിടന്ന് ദൈവത്തോട്:

“യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല.
എന്നാൽ അങ്ങ് ഒരു ശരീരം യാഗാർപ്പണത്തിനായി എനിക്കൊരുക്കി;
6സർവാംഗദഹനയാഗങ്ങളിലും
പാപശുദ്ധീകരണയാഗങ്ങളിലും സംപ്രീതനായില്ല.
7അപ്പോൾ ഞാൻ പറഞ്ഞു, ‘ഇതാ ഞാൻ വരുന്നു; തിരുവെഴുത്തിൽ
മൂ.ഭാ. പുസ്തകച്ചുരുളിൽ
എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു—
എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വരുന്നു’ ” b എന്നു പറഞ്ഞു.
8ഇതു പ്രസ്താവിച്ചശേഷം, ന്യായപ്രമാണാനുസൃതമായി അനുഷ്ഠിക്കുന്ന “യാഗങ്ങളും തിരുമുൽക്കാഴ്ചകളും സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആഗ്രഹിച്ചില്ല, അവയിൽ സംപ്രീതനായതുമില്ല. 9ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു” എന്ന് ക്രിസ്തു പറയുന്നു. രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കുന്നതിനായി ഒന്നാമത്തേതിനെ അവിടന്ന് നിഷ്കാസനംചെയ്തു. 10യേശുക്രിസ്തു ഒരിക്കൽമാത്രം അർപ്പിച്ച ശരീരയാഗത്തിലൂടെ, നമ്മെ വിശുദ്ധരാക്കിയിരിക്കുന്നത് അവിടത്തെ ഇഷ്ടം നിമിത്തമാണ്.

11ഓരോ പുരോഹിതനും നിന്നുകൊണ്ട്, ഒരിക്കലും പാപനിവാരണം വരുത്താൻ കഴിവില്ലാത്ത ഒരേതരം യാഗങ്ങൾ വീണ്ടും വീണ്ടും അർപ്പിച്ച് ദിനംപ്രതി തന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു. 12എന്നാൽ, ഈ മഹാപുരോഹിതനാകട്ടെ, പാപനിവാരണം വരുത്തുന്ന അദ്വിതീയയാഗം എന്നേക്കുമായി അർപ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി; 13അവിടത്തെ ശത്രുക്കൾ തന്റെ പാദപീഠമാകുന്നതിനായി കാത്തിരിക്കുന്നു. 14അവിടന്ന് ഒരേയൊരു യാഗത്താൽ വിശുദ്ധരാക്കപ്പെടുന്നവരെ എന്നേക്കുമായി സമ്പൂർണരാക്കിയിരിക്കുന്നു.

15പരിശുദ്ധാത്മാവും നമ്മോട് ഇതേപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു:

16“ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും:
ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും
അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും, എന്നു കർത്താവിന്റെ അരുളപ്പാട്” c
എന്നിങ്ങനെ അവിടന്ന് ആദ്യം പ്രഖ്യാപിക്കുന്നു.
17തുടർന്ന്,

“അവരുടെ പാപങ്ങളും ദുഷ്ചെയ്തികളും
ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” d എന്നും പറയുന്നു.
18ഇവയുടെയെല്ലാം നിവാരണം വന്നയിടത്ത് ഇനി ഒരു പാപനിവാരണയാഗത്തിനും സാംഗത്യമില്ല.

സഹിഷ്ണുതയ്ക്കുവേണ്ടിയുള്ള ആഹ്വാനം

19അതുകൊണ്ടു സഹോദരങ്ങളേ, നമുക്ക് യേശുവിന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ, കർത്താവുതന്നെ തുറന്നുതന്ന ജീവനുള്ള നവീനമാർഗത്തിലൂടെ, 20യേശുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള ധൈര്യവും 21ദൈവഭവനത്തിനുമേൽ പരമാധികാരിയായ ഒരു മഹാപുരോഹിതനും ഉണ്ട്. 22അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക. 23നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ! 24സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം. 25സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.

26 27സത്യം വ്യക്തമായി ഗ്രഹിച്ചതിനുശേഷം, നാം മനഃപൂർവം പാപംചെയ്താൽ ന്യായവിധിയുടെ ഭയാനകമായ സാധ്യതകളും ശത്രുക്കളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമല്ലാതെ, പാപനിവാരണത്തിനുവേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല. 28മോശയുടെ ന്യായപ്രമാണം നിരാകരിക്കുന്നയാൾ യാതൊരു കരുണയും ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയാൽ മരണശിക്ഷ ഏൽക്കുന്നു. 29അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക. 30“ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” e എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്ത ദൈവത്തെ നാം അറിയുന്നല്ലോ. 31ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഭയാനകം!

32സത്യം വ്യക്തമായി ഗ്രഹിച്ചതിനെത്തുടർന്ന് കഷ്ടതകൾ നിറഞ്ഞ വലിയ പോരാട്ടം, നിങ്ങൾ സഹിച്ചുനിന്ന ആദിമനാളുകൾ, ഓർക്കുക. 33ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി. 34തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു. 35മഹത്തായ പ്രതിഫലം നിങ്ങൾക്കു ലഭിക്കും എന്നതുകൊണ്ട് നിങ്ങളിലുള്ള അചഞ്ചലവിശ്വാസം പരിത്യജിക്കരുത്.

36ദൈവേഷ്ടം നിറവേറ്റി വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുതയാണ് ആവശ്യം.

37“ഇനി അൽപ്പകാലം കഴിഞ്ഞ്
വരാനുള്ളവൻ വരും,
താമസിക്കില്ല.”
38“വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്,
പിന്മാറുന്നയാളിൽ
എന്റെ മനസ്സിന് പ്രസാദമില്ല.” h
39എങ്കിലും നാം പിന്മാറി നാശത്തിലേക്കു പോകുന്നവരല്ല, മറിച്ച് വിശ്വാസത്താൽ പ്രാണരക്ഷപ്രാപിക്കുന്നവരാണ്.

Copyright information for MalMCV