Habakkuk 3
ഹബക്കൂക്കിന്റെ പ്രാർഥന
1വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം. 2യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു;അങ്ങയുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ ആദരപൂർണനായി നിൽക്കുന്നു.
യഹോവേ, ഞങ്ങളുടെ നാളിൽ അവ ആവർത്തിക്കണമേ,
ഞങ്ങളുടെകാലത്ത് അവ പ്രസിദ്ധമാക്കണമേ;
കോപത്തിലും കരുണ ഓർക്കണമേ.
3ദൈവം തേമാനിൽനിന്ന് വന്നു,
പരിശുദ്ധനായവൻ പാരാൻപർവതത്തിൽനിന്ന് വന്നു. സേലാ.
അവിടത്തെ തേജസ്സ് ആകാശത്തെ മൂടിയിരുന്നു,
അവിടത്തെ സ്തുതി ഭൂമിയെ നിറച്ചിരിക്കുന്നു.
4അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു;
തന്റെ ശക്തി മറച്ചിരുന്ന
അവിടത്തെ കരങ്ങളിൽനിന്ന് പ്രഭാകിരണങ്ങൾ മിന്നി.
5മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു;
പകർച്ചവ്യാധി അവിടത്തെ ചവിട്ടടികളെ പിൻതുടരുന്നു.
6യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി.
അവിടന്നു നോക്കി രാജ്യങ്ങളെ വിറപ്പിച്ചു.
പുരാതനപർവതങ്ങൾ തകർന്നുവീണു
പഴയ കുന്നുകൾ നിലംപൊത്തി—
എന്നാൽ അവിടത്തെ വഴികൾ ശാശ്വതമായവ.
7കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു,
മിദ്യാന്റെ പാർപ്പിടങ്ങൾ വിഷമിക്കയും ചെയ്യുന്നു.
8യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ?
അവിടത്തെ കോപം അരുവികൾക്കുനേരേയോ?
കുതിരകളെയും രഥങ്ങളെയും
വിജയത്തിലേക്കു നയിച്ചപ്പോൾ
അങ്ങു സമുദ്രത്തോടു കോപിച്ചുവോ?
9അങ്ങു വില്ല് അനാവരണംചെയ്തു;
അങ്ങു നിരവധി അമ്പുകൾ ആവശ്യപ്പെടുന്നു.
അങ്ങ് നദികളാൽ ഭൂമിയെ വിഭജിക്കുന്നു.
10പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു.
ജലപ്രവാഹങ്ങൾ കടന്നുപോയി;
ആഴി ഗർജിച്ചു
അതിന്റെ തിരമാല ഉയർന്നുപൊങ്ങി.
11അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും
തിളങ്ങുന്ന കുന്തത്തിന്റെ മിന്നലിലും
സൂര്യനും ചന്ദ്രനും ആകാശത്തിൽ നിശ്ചലമായി നിന്നു.
12ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു;
കോപത്തിൽ രാജ്യങ്ങളെ മെതിച്ചുകളഞ്ഞു.
13സ്വജനത്തെ വിടുവിക്കാനും
തന്റെ അഭിഷിക്തനെ രക്ഷിക്കാനും അങ്ങ് ഇറങ്ങിവന്നു.
ദുഷ്ടദേശത്തിന്റെ നായകനെ അങ്ങു തകർത്തുകളഞ്ഞു,
നെറുകമുതൽ പാദംവരെ അവനെ വിവസ്ത്രനാക്കി.
14ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ,
ഒളിച്ചിരിക്കുന്ന അരിഷ്ടന്മാരെ വിഴുങ്ങാൻ ശ്രമിക്കുന്നതുപോലെ
അവർ ആനന്ദിച്ചപ്പോൾ,
അവന്റെ കുന്തംകൊണ്ടുതന്നെ അങ്ങ് അവന്റെ തല തുളച്ചു.
15അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും
പെരുവെള്ളത്തെ മഥിക്കുകയും ചെയ്തു.
16ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു;
ആ ശബ്ദത്തിൽ എന്റെ അധരങ്ങൾ വിറച്ചു;
എന്റെ അസ്ഥികൾ ഉരുകി,
എന്റെ കാലുകൾ വിറച്ചുപോയി.
എങ്കിലും ഞങ്ങളെ ആക്രമിക്കുന്ന രാജ്യത്തിന്മേൽ
അത്യാഹിതം വരുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും.
17അത്തിവൃക്ഷം തളിർക്കുകയില്ല,
മുന്തിരിവള്ളിയിൽ ഫലമുണ്ടാകുകയില്ല,
ഒലിവുമരം ഫലം കായ്ക്കുകയില്ല,
നിലങ്ങൾ ധാന്യം നൽകുകയുമില്ല,
തൊഴുത്തിൽ ആടുകൾ ഉണ്ടാകുകയില്ല,
ഗോശാലയിൽ കന്നുകാലികൾ ഇല്ലാതിരിക്കും,
18ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും,
എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ ആഹ്ലാദിക്കും.
19കർത്താവായ യഹോവ എന്റെ ബലമാകുന്നു;
അവിടന്ന് എന്റെ പാദങ്ങളെ മാനിന്റെ കാലുകളെപ്പോലെയാക്കുന്നു,
അവിടന്ന് എന്നെ ഉന്നതികളിൽ നടക്കുമാറാക്കുന്നു.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
Copyright information for
MalMCV