‏ Genesis 46

യാക്കോബ് ഈജിപ്റ്റിലേക്കു പോകുന്നു

1ഇസ്രായേൽ തനിക്കുള്ള സകലവുമായി യാത്രതിരിച്ചു; ബേർ-ശേബയിൽ എത്തിയപ്പോൾ അദ്ദേഹം തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗങ്ങൾ അർപ്പിച്ചു.

2ദൈവം രാത്രിയിൽ, ഒരു ദർശനത്തിൽ ഇസ്രായേലിനോടു സംസാരിച്ചു; “യാക്കോബേ! യാക്കോബേ!” എന്നു വിളിച്ചു.

“അടിയൻ ഇതാ” അദ്ദേഹം ഉത്തരം പറഞ്ഞു.

3അപ്പോൾ യഹോവ: “ഞാൻ ആകുന്നു ദൈവം; നിന്റെ പിതാവിന്റെ ദൈവംതന്നെ. ഈജിപ്റ്റിലേക്കു പോകാൻ ഭയപ്പെടരുത്, അവിടെ ഞാൻ നിന്നെ വലിയൊരു ജനതയാക്കും. 4ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരുകയും നിന്നെ വീണ്ടും മടക്കി കൊണ്ടുവരികയും ചെയ്യും. യോസേഫിന്റെ സ്വന്തം കൈകൾതന്നെ നിന്റെ കണ്ണുകൾ അടയ്ക്കും” എന്ന് അരുളിച്ചെയ്തു.

5ഇതിനുശേഷം യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ടു; ഇസ്രായേലിന്റെ പുത്രന്മാർ തങ്ങളുടെ പിതാവായ യാക്കോബിനെയും തങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും അവർക്കുവേണ്ടി ഫറവോൻ അയച്ചിരുന്ന വാഹനങ്ങളിൽ കയറ്റി. 6അവർ കനാനിൽവെച്ചു സമ്പാദിച്ച തങ്ങളുടെ സകല ആടുമാടുകളും വസ്തുവകകളും കൂടെക്കൊണ്ടുപോയി. യാക്കോബും അദ്ദേഹത്തിന്റെ എല്ലാ സന്താനങ്ങളും ഈജിപ്റ്റിലേക്കു പോയി. 7അദ്ദേഹം തന്നോടൊപ്പം പുത്രന്മാരെയും പൗത്രന്മാരെയും പുത്രിമാരെയും പൗത്രിമാരെയും—ഇങ്ങനെ സകലസന്താനങ്ങളെയും ഈജിപ്റ്റിലേക്കു കൊണ്ടുപോയി.

8ഈജിപ്റ്റിലേക്കു പോയവരായ ഇസ്രായേലിന്റെ പുത്രന്മാരുടെ (യാക്കോബിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും) പേരുകൾ ഇവയാണ്:

യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.
9രൂബേന്റെ പുത്രന്മാർ:
ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി,
10ശിമെയോന്റെ പുത്രന്മാർ:
യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.
11ലേവിയുടെ പുത്രന്മാർ:
ഗെർശോൻ, കെഹാത്ത്, മെരാരി.
12യെഹൂദയുടെ പുത്രന്മാർ:
ഏർ, ഓനാൻ, ശേലഹ്, ഫേരെസ്, സേരഹ് (എന്നാൽ ഏരും ഓനാനും കനാൻനാട്ടിൽവെച്ചു മരിച്ചുപോയി.)
ഫേരെസിന്റെ പുത്രന്മാർ:
ഹെസ്രോൻ, ഹാമൂൽ.
13യിസ്സാഖാറിന്റെ പുത്രന്മാർ:
തോലാ, പൂവാ, യോബ്, ശിമ്രോൻ.
14സെബൂലൂന്റെ പുത്രന്മാർ:
സേരെദ്, ഏലോൻ, യഹ്ലെയേൽ.
15ഇവർ യാക്കോബിന്റെ പുത്രന്മാർ; ഇവരെയും യാക്കോബിന്റെ പുത്രിയായ ദീനായെയും ലേയാ പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാരും പുത്രിമാരുംകൂടി ആകെ മുപ്പത്തിമൂന്നു പേർ ഉണ്ടായിരുന്നു.

16ഗാദിന്റെ പുത്രന്മാർ:
സിഫ്യോൻ, ഹഗ്ഗീ, ശൂനി, എസ്ബോൻ, ഏരി, അരോദി, അരേലി.
17ആശേരിന്റെ പുത്രന്മാർ:
യിമ്നാ, യിശ്വ, യിശ്‌വി, ബേരീയാ. ഇവരുടെ സഹോദരി ആയിരുന്നു സേരഹ്.
ബേരീയാവിന്റെ പുത്രന്മാർ:
ഹേബെർ, മൽക്കീയേൽ
18ഇവരായിരുന്നു ലാബാൻ തന്റെ മകളായ ലേയയ്ക്കു കൊടുത്ത സിൽപ്പയിൽ യാക്കോബിനു ജനിച്ച മക്കൾ—ആകെ പതിനാറുപേർ.

19യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ:
യോസേഫ്, ബെന്യാമീൻ.
20ഓനിലെ
അതായത്, ഹെലിയൊപ്പൊലീസ്
പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്തിൽ യോസേഫിനു മനശ്ശെയും എഫ്രയീമും ഈജിപ്റ്റിൽവെച്ചു ജനിച്ചു.
21ബെന്യാമീന്റെ പുത്രന്മാർ:
ബേല, ബേഖെർ, അശ്ബേൽ, ഗേര, നയമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
22ഇവരായിരുന്നു യാക്കോബിനു റാഹേലിൽ ജനിച്ച പുത്രന്മാർ—ആകെ പതിന്നാലു പേർ.

23ദാനിന്റെ പുത്രൻ:
ഹൂശീം.
24നഫ്താലിയുടെ പുത്രന്മാർ:
യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.
25ഇവരായിരുന്നു ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്തിരുന്ന ബിൽഹായിൽ യാക്കോബിനു ജനിച്ച പുത്രന്മാർ—ആകെ ഏഴുപേർ.

26യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അദ്ദേഹത്തിന്റെ നേരിട്ടുള്ള പിൻഗാമികളായി, അദ്ദേഹത്തോടുകൂടെ ഈജിപ്റ്റിലേക്കു പോയവർ അറുപത്തിയാറുപേർ ആയിരുന്നു. 27യോസേഫിന് ഈജിപ്റ്റിൽവെച്ചു ജനിച്ച രണ്ടു പുത്രന്മാർ ഉൾപ്പെടെ, ഈജിപ്റ്റിലേക്കു പോയ യാക്കോബിന്റെ കുടുംബാംഗങ്ങൾ ആകെക്കൂടി എഴുപതുപേരായിരുന്നു.
പഴയനിയമ ഗ്രീക്കു പതിപ്പിൽ എഴുപത്തഞ്ച്.


28ഗോശെനിലേക്കുള്ള വഴി അറിയേണ്ടതിന് യാക്കോബ് തനിക്കുമുമ്പ് യെഹൂദയെ യോസേഫിന്റെ അടുത്തേക്ക് അയച്ചു. 29അവർ ഗോശെൻ പ്രദേശത്ത് എത്തിയപ്പോഴേക്കും യോസേഫ് തന്റെ രഥം തയ്യാറാക്കി, പിതാവായ ഇസ്രായേലിനെ എതിരേൽക്കാൻ ഗോശെനിൽ ചെന്നിരുന്നു. പിതാവിനെ കണ്ടപ്പോൾതന്നെ യോസേഫ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.

30ഇസ്രായേൽ യോസേഫിനോട്, “ഇപ്പോൾ ഞാൻ മരിക്കാൻ ഒരുക്കമാണ്, കാരണം നീ ജീവനോടെ ഇരിക്കുന്നു എന്നു ഞാൻതന്നെ നേരിട്ടു കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.

31പിന്നെ, യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ കുടുംബത്തിലുള്ള എല്ലാവരോടുമായി പറഞ്ഞു, “ഞാൻ ചെന്ന് ഫറവോനോടു സംസാരിക്കും. അദ്ദേഹത്തോട്, ‘കനാൻദേശത്തു ജീവിച്ചിരുന്നവരായ എന്റെ സഹോദരന്മാരും പിതാവിന്റെ ഭവനത്തിലുള്ളവരും എന്റെ അടുക്കൽ വന്നിരിക്കുന്നു. 32ആ പുരുഷന്മാർ ഇടയന്മാരാണ്; അവർ ആടുമാടുകളെ മേയിക്കുന്നു; അവർ തങ്ങളോടൊപ്പം ആടുമാടുകളെയും തങ്ങൾക്കുള്ള സകലതും കൊണ്ടുവന്നിട്ടുണ്ട്’ എന്നു പറയും. 33ഫറവോൻ നിങ്ങളെ അകത്തേക്കു വിളിച്ച് ‘നിങ്ങളുടെ തൊഴിൽ എന്താണ്?’ എന്നു ചോദിക്കുമ്പോൾ 34‘അടിയങ്ങൾ അടിയങ്ങളുടെ പിതാവിനെപ്പോലെതന്നെ ബാല്യംമുതൽ ആടുമാടുകളെ മേയിച്ചുപോരുന്നു’ എന്ന് ഉത്തരം പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ പ്രദേശത്തു താമസം ഉറപ്പിക്കാൻ അനുവാദം ലഭിക്കും; ഇടയന്മാരോട് ഈജിപ്റ്റുകാർക്കു വെറുപ്പാണ്.”

Copyright information for MalMCV