‏ Genesis 35

യാക്കോബ് ബേഥേലിലേക്കു മടങ്ങുന്നു

1ഈ സംഭവത്തിനുശേഷം ദൈവം യാക്കോബിനോട്: “നീ ബേഥേലിലേക്കുപോയി അവിടെ സ്ഥിരതാമസം തുടങ്ങുകയും നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് നീ ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുകയും വേണം” എന്ന് അരുളിച്ചെയ്തു.

2അതിൻപ്രകാരം യാക്കോബ് തന്റെ കുടുംബത്തിലുള്ളവരോടും കൂടെയുള്ള മറ്റെല്ലാവരോടുമായി, “നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഉപേക്ഷിച്ച് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും പുതിയ വസ്ത്രം ധരിക്കുകയുംചെയ്യുക. 3നമുക്ക് ബേഥേലിലേക്കു പോകാം; എന്റെ കഷ്ടദിവസത്തിൽ എനിക്ക് ഉത്തരമരുളുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെയിരിക്കുകയും ചെയ്ത ദൈവത്തിനു ഞാൻ അവിടെ ഒരു യാഗപീഠം പണിയും” എന്നു പറഞ്ഞു. 4അപ്പോൾ അവർ തങ്ങൾക്കുണ്ടായിരുന്ന സകല അന്യദേവന്മാരെയും കർണാഭരണങ്ങളെയും യാക്കോബിനെ ഏൽപ്പിച്ചു; യാക്കോബ് അവ ശേഖേമിലെ കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. 5പിന്നെ അവർ യാത്രപുറപ്പെട്ടു; അവർക്കു ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്മേലും ദൈവത്തെക്കുറിച്ചുള്ള ഭീതി പരന്നതുനിമിത്തം ആരും അവരെ പിൻതുടർന്നില്ല.

6യാക്കോബും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നവർ എല്ലാവരും കനാൻദേശത്തിലെ ലൂസിൽ (അതായതു, ബേഥേലിൽ) എത്തിച്ചേർന്നു. 7അവിടെ അദ്ദേഹം ഒരു യാഗപീഠം പണിതു; അദ്ദേഹം തന്റെ സഹോദരന്റെ അടുക്കൽനിന്ന് ഓടിപ്പോയപ്പോൾ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായത് അവിടെവെച്ചായിരുന്നതുകൊണ്ട് ആ സ്ഥലത്തിന് അദ്ദേഹം ഏൽ-ബേഥേൽ
ബേഥേലിലെ ദൈവം എന്നർഥം.
എന്നു പേരിട്ടു.

8ഇതിനുശേഷം റിബേക്കയുടെ പരിചാരികയായ ദെബോറാ മരിച്ചു, ബേഥേലിനു താഴെയുള്ള കരുവേലകത്തിന്റെ കീഴിൽ അവളെ അടക്കംചെയ്തു. അതുകൊണ്ട് ആ മരത്തിന് അല്ലോൻ-ബാഖൂത്ത്
വിലാപത്തിന്റെ കരുവേലകം എന്നർഥം.
എന്നു പേരിട്ടു.

9യാക്കോബ് പദ്ദൻ-അരാമിൽനിന്ന് മടങ്ങിയെത്തിയതിനുശേഷം ദൈവം വീണ്ടും അദ്ദേഹത്തിനു പ്രത്യക്ഷനാകുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. 10ദൈവം അദ്ദേഹത്തോട്: “നിന്റെ പേരു യാക്കോബ് എന്നാണ്; എന്നാൽ ഇനിയൊരിക്കലും നീ യാക്കോബ് എന്നു വിളിക്കപ്പെടുകയില്ല; നിന്റെ പേര് ഇസ്രായേൽ എന്നായിരിക്കും.” അങ്ങനെ ദൈവം അദ്ദേഹത്തിന് ഇസ്രായേൽ എന്നു പേരിട്ടു.

11ദൈവം പിന്നെയും അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ സന്താനപുഷ്ടിയുള്ളവനായി എണ്ണത്തിൽ വർധിച്ചുവരിക. ഒരു ജനത, അതേ ജനതകളുടെ സമൂഹംതന്നെ നിന്നിൽനിന്ന് ഉത്ഭവിക്കും; നിന്റെ സന്തതികളിൽനിന്ന് രാജാക്കന്മാർ ഉത്ഭവിക്കും. 12ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരുന്നു; നിന്റെ കാലശേഷം ഈ ദേശം ഞാൻ നിന്റെ സന്തതികൾക്കു കൊടുക്കും” എന്ന് അരുളിച്ചെയ്തു. 13ഇതിനുശേഷം, അദ്ദേഹത്തോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം ആരോഹണംചെയ്തു.

14തന്നോടു ദൈവം സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നാട്ടി അതിന്മേൽ ഒരു പാനീയയാഗം
അതായത്, വീഞ്ഞ് ഒരു യാഗാർപ്പണമായി ഒഴിച്ചു എന്നു കരുതാം.
പകർന്നു; അദ്ദേഹം അതിന്മേൽ എണ്ണയും ഒഴിച്ചു.
15തന്നോടു ദൈവം സംഭാഷണം നടത്തിയ സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.

റാഹേലിന്റെയും യിസ്ഹാക്കിന്റെയും മരണം

16പിന്നെ അവർ ബേഥേലിൽനിന്ന് മുന്നോട്ടു പ്രയാണംചെയ്തു. അവർ എഫ്രാത്തിൽ എത്താറായപ്പോൾ റാഹേലിനു പ്രസവസമയം അടുത്തു; അവൾ കഠിനവേദനയിലായി. 17പ്രസവവേദന അതികഠിനമായപ്പോൾ സൂതികർമിണി അവളോട്, “ഭയപ്പെടരുത്, നിനക്ക് ഇതാ, മറ്റൊരുമകൻ ജനിക്കുന്നു” എന്നു പറഞ്ഞു. 18എന്നാൽ അവൾ മരിക്കുകയായിരുന്നു, ജീവൻ പോകുമ്പോൾ തന്റെ മകന് അവൾ ബെനോനി
എന്റെ കഷ്ടപ്പാടിന്റെ മകൻ എന്നർഥം.
എന്നു പേരിട്ടു. അവന്റെ അപ്പനാകട്ടെ, അവന് ബെന്യാമീൻ
എന്റെ വലതുകരത്തിന്റെ മകൻ എന്നർഥം.
എന്നു പേരുനൽകി.

19അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തിലേക്കുള്ള വഴിയരികെ (അതായതു, ബേത്ലഹേമിൽ) അവളെ സംസ്കരിച്ചു. 20അവളുടെ ശവകുടീരത്തിനുമീതേയായി യാക്കോബ് ഒരു സ്തൂപം സ്ഥാപിച്ചു, അത് ഇന്നുവരെയും റാഹേലിന്റെ കല്ലറയുടെ ചിഹ്നമായിരിക്കുന്നു.

21ഇസ്രായേൽ വീണ്ടും യാത്രചെയ്ത് മിഗ്ദൽ-ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു. 22ഇസ്രായേൽ ആ ദേശത്തു താമസിച്ചിരുന്നകാലത്ത് രൂബേൻ ചെന്ന് അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടൊപ്പം കിടക്കപങ്കിട്ടു; അതേപ്പറ്റി ഇസ്രായേൽ കേട്ടു.

യാക്കോബിനു പന്ത്രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു:

23ലേയയുടെ പുത്രന്മാർ:
യാക്കോബിന്റെ ആദ്യജാതനായ രൂബേൻ,
ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
24റാഹേലിന്റെ പുത്രന്മാർ:
യോസേഫും ബെന്യാമീനും,
25റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ:
ദാനും നഫ്താലിയും,
26ലേയയുടെ ദാസിയായ സിൽപ്പയുടെ പുത്രന്മാർ:
ഗാദും ആശേരും.

ഇവരായിരുന്നു യാക്കോബിനു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ.

27യാക്കോബ് കിര്യത്ത്-അർബക്കു സമീപമുള്ള മമ്രേയിൽ, അതായത്, അബ്രാഹാമും യിസ്ഹാക്കും താമസിച്ചിരുന്ന ഹെബ്രോനിൽ, തന്റെ ഭവനത്തിൽ, പിതാവിന്റെ അടുക്കൽ എത്തി. 28യിസ്ഹാക്ക് നൂറ്റി എൺപതുവർഷം ജീവിച്ചിരുന്നു. 29പിന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. അങ്ങനെ അദ്ദേഹം കാലസമ്പൂർണനായി മരിച്ച് തന്റെ ജനത്തോടു ചേർന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ ഏശാവും യാക്കോബുംകൂടി അദ്ദേഹത്തെ അടക്കംചെയ്തു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.