‏ Genesis 28

1ഇതിനുശേഷം യിസ്ഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചു; പിന്നെ അവനോട് ആജ്ഞാപിച്ചു: “കനാന്യസ്ത്രീകളിൽ ആരെയും നീ വിവാഹംചെയ്യരുത്. 2ഉടൻതന്നെ പദ്ദൻ-അരാമിൽ
അഥവാ, മെസൊപ്പൊത്താമിയയ്ക്കു വടക്കുപടിഞ്ഞാറുഭാഗം.
നിന്റെ അമ്മയുടെ പിതാവായ ബെഥൂവേലിന്റെ വീട്ടിലേക്കു പോകണം; അവിടെ നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പെൺമക്കളിൽ ഒരുവളെ ഭാര്യയായി സ്വീകരിക്കണം.
3സർവശക്തനായ ദൈവം നിന്നെ അനുഗ്രഹിച്ച് ഒരു വലിയ ജനസമൂഹമായിത്തീരുംവിധം സന്താനപുഷ്ടിയുള്ളവനാക്കട്ടെ. 4ദൈവം അബ്രാഹാമിനു നൽകിയിട്ടുള്ളതും നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്നതുമായ ദേശം നീ അവകാശമാക്കേണ്ടതിന് അവിടന്ന് അബ്രാഹാമിനു നൽകിയ അനുഗ്രഹം നിനക്കും നിന്റെ സന്തതികൾക്കും നൽകുമാറാകട്ടെ.” 5തുടർന്ന് യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. അവൻ പദ്ദൻ-അരാമിൽ, യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബേക്കയുടെ സഹോദരനും അരാമ്യനായ ബെഥൂവേലിന്റെ മകനുമായ ലാബാന്റെ അടുത്തേക്കുപോയി.

6യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചെന്നും പദ്ദൻ-അരാമിൽനിന്ന് ഒരുവളെ ഭാര്യയായി സ്വീകരിക്കാൻ അവനെ അവിടേക്ക് അയച്ചെന്നും ഏശാവ് അറിഞ്ഞു. അവനെ അനുഗ്രഹിക്കുമ്പോൾ “നീ കനാന്യസ്ത്രീകളിൽ ആരെയും വിവാഹംചെയ്യരുത്,” എന്നു കൽപ്പിച്ചിരുന്നെന്നും 7യാക്കോബ് തന്റെ അമ്മയപ്പന്മാരുടെ വാക്കനുസരിച്ചാണ് പദ്ദൻ-അരാമിലേക്കു പോയിരിക്കുന്നതെന്നും അവൻ ഗ്രഹിച്ചു. 8കനാന്യസ്ത്രീകൾ തന്റെ പിതാവായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ലെന്ന് ഏശാവ് മനസ്സിലാക്കി. 9അതുകൊണ്ട് ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു നേരത്തേ തനിക്കുണ്ടായിരുന്ന ഭാര്യമാർ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹംകഴിച്ചു.

ബേഥേലിൽവെച്ചു യാക്കോബ് കണ്ട സ്വപ്നം

10യാക്കോബ് ബേർ-ശേബ വിട്ട് ഹാരാനിലേക്കു യാത്രയായി. 11അദ്ദേഹം ഒരു സ്ഥലത്തെത്തിയപ്പോൾ, സൂര്യൻ അസ്തമിച്ചിരുന്നതുകൊണ്ട് അവിടെ രാത്രി കഴിച്ചുകൂട്ടി. അവിടെ ഉണ്ടായിരുന്ന കല്ലുകളിൽ ഒന്നെടുത്ത് തലയിണയായി വെച്ച് കിടന്നുറങ്ങി. 12അദ്ദേഹം ഒരു സ്വപ്നംകണ്ടു: ഭൂമിയിൽ വെച്ചിട്ടുള്ള ഒരു കോവണി. അത് സ്വർഗത്തോളം എത്തുന്നു! അതിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. 13അതിനുമീതേ
അഥവാ, സമീപം
യഹോവ നിന്നു. അവിടന്ന് ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ദൈവമായ
മൂ.ഭാ. പിതാവായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും ആയ
യഹോവ ആകുന്നു. നീ ഇപ്പോൾ കിടക്കുന്ന സ്ഥലം ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
14നിന്റെ സന്തതികൾ ഭൂമിയിലെ പൊടിപോലെ അസംഖ്യമായിത്തീരും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതിയിലൂടെയും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. 15ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുകൊള്ളും; ഞാൻ നിന്നെ ഈ ദേശത്തേക്കു മടക്കിവരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടുചെയ്ത വാഗ്ദത്തം നിറവേറ്റും.”

16യാക്കോബ് ഉറക്കത്തിൽനിന്ന് ഉണർന്നു, “യഹോവ നിശ്ചയമായും ഈ സ്ഥലത്തുണ്ട്; ഞാനോ, അത് അറിഞ്ഞിരുന്നില്ല” എന്നു പറഞ്ഞു. 17അദ്ദേഹം ഭയപ്പെട്ട്, “ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവഭവനമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ കവാടംതന്നെ” എന്നു പറഞ്ഞു.

18പിറ്റേന്ന് അതിരാവിലെ യാക്കോബ്, താൻ തലയിണയായി വെച്ചിരുന്ന കല്ല് എടുത്ത് തൂണായി നാട്ടിനിർത്തി അതിനുമീതേ എണ്ണ ഒഴിച്ചു. 19അദ്ദേഹം ആ സ്ഥലത്തിനു ബേഥേൽ
ദൈവത്തിന്റെ മന്ദിരം എന്നർഥം.
എന്നു പേരിട്ടു; ലൂസ് എന്ന പേരിലായിരുന്നു ആ പട്ടണം അറിയപ്പെട്ടിരുന്നത്.

20ഇതിനുശേഷം യാക്കോബ് ഒരു നേർച്ച നേർന്നു: “ദൈവം എന്നോടുകൂടെയിരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാത്തുകൊള്ളുകയും ഭക്ഷിക്കാൻ ആഹാരവും ധരിക്കാൻ വസ്ത്രവും നൽകുകയും 21എന്റെ പിതാവിന്റെ ഭവനത്തിൽ സുരക്ഷിതമായി എന്നെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എന്റെ ദൈവമായിരിക്കും; 22ഞാൻ തൂണായി നാട്ടിയ കല്ല് ദൈവത്തിന്റെ ഭവനമായിത്തീരും; അവിടന്ന് എനിക്കു നൽകുന്ന എല്ലാറ്റിന്റെയും പത്തിലൊന്ന് ഞാൻ അവിടത്തേക്കു നൽകും” എന്നു പറഞ്ഞു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.