‏ Ezra 9

മിശ്രവിവാഹങ്ങളെ സംബന്ധിച്ച എസ്രായുടെ പ്രാർഥന

1ഈ കാര്യങ്ങളെല്ലാം പൂർത്തീകരിച്ചശേഷം, യെഹൂദനേതാക്കന്മാർ എന്നെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: “ഇസ്രായേൽജനത—പുരോഹിതന്മാരും ലേവ്യരും ഉൾപ്പെടെ—കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, ഈജിപ്റ്റുകാർ, അമോര്യർ എന്നീ ദേശവാസികളിൽനിന്നും അവരുടെ മ്ലേച്ഛതകളിൽനിന്നും തങ്ങളെത്തന്നെ വേർപെടുത്തിയിട്ടില്ല. 2തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി അവരുടെ പുത്രിമാരിൽ ചിലരെ എടുത്തിരിക്കുന്നു, ഇങ്ങനെ വിശുദ്ധസന്തതി ചുറ്റുപാടുമുള്ളവരുമായി ഇടകലർന്നിരിക്കുന്നു. യെഹൂദനേതാക്കന്മാരും ഉദ്യോഗസ്ഥന്മാരുംതന്നെയാണ് ഈ അവിശ്വസ്തതയ്ക്കു നേതൃത്വം കൊടുത്തിരുന്നത്.”

3ഇതു കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി, തലയിലെയും താടിയിലെയും രോമങ്ങൾ വലിച്ചു പറിച്ച്, സ്തംഭിച്ച് ഇരുന്നുപോയി. 4ഇസ്രായേലിന്റെ ദൈവത്തിന്റെ വചനത്തിൽ നടുങ്ങുന്നവരെല്ലാം പ്രവാസികളുടെ അവിശ്വസ്തതനിമിത്തം എന്റെ ചുറ്റും വന്നുകൂടി. സന്ധ്യായാഗംവരെ ഞാൻ അവിടെത്തന്നെ സ്തംഭിച്ച് ഇരുന്നു.

5സന്ധ്യായാഗസമയത്ത് ഞാൻ എന്റെ ആത്മതപനത്തിൽനിന്ന് എഴുന്നേറ്റ്, കീറിയ വസ്ത്രത്തോടും മേലങ്കിയോടുംകൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ നേർക്കു കൈകൾ വിരിച്ച് 6ഇങ്ങനെ പ്രാർഥിച്ചു:

“എന്റെ ദൈവമേ, എന്റെ മുഖം എന്റെ ദൈവമായ അങ്ങയിലേക്കുയർത്താൻ എനിക്കു വളരെ ലജ്ജയും അപമാനവുമുണ്ട്. ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങളുടെ തലയ്ക്കുമീതേ വളർന്നിരിക്കുന്നു. ഞങ്ങളുടെ തെറ്റുകൾ ആകാശംവരെ ഉയർന്നിരിക്കുന്നു.
7ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ ഇന്നുവരെയും ഞങ്ങളുടെ അതിക്രമങ്ങൾ അനവധിയായിരിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾനിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇപ്പോഴുള്ളതുപോലെ വിദേശരാജാക്കന്മാരുടെ വാളിനും പ്രവാസത്തിനും കവർച്ചയ്ക്കും നിന്ദയ്ക്കും ഇരയായിരിക്കുന്നു.

8“എന്നാൽ ഇപ്പോൾ, അൽപ്പസമയത്തേക്ക് യഹോവയായ ദൈവം ഞങ്ങളോടു കരുണകാണിച്ച് ഞങ്ങളിൽനിന്ന് ഒരു ശേഷിപ്പിനെ നിലനിർത്തി, തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങൾക്ക് ഒരു സ്ഥാനം
അഥവാ, ഞങ്ങൾക്ക് കാലുറപ്പിക്കാൻ ഒരു ഇടം
തന്നുകൊണ്ട്, ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കുകയും അടിമത്തത്തിൽനിന്ന് അൽപ്പമൊരു ആശ്വാസം നൽകുകയും ചെയ്തിരിക്കുന്നു.
9ഞങ്ങൾ അടിമകളാണ്, എങ്കിലും ഞങ്ങളുടെ ദൈവം ഞങ്ങളെ കൈവിട്ടിട്ടില്ല, അവിടന്ന് പാർസിരാജാക്കന്മാരുടെമുമ്പാകെ ഞങ്ങൾക്ക് തന്റെ മഹാദയ കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയാനും അതിന്റെ കേടുകൾ തീർക്കുന്നതിനും ഞങ്ങൾക്ക് ഒരു ഉണർവു തന്നിരിക്കുന്നു. മാത്രമല്ല, യെഹൂദ്യയിലും ജെറുശലേമിലും ഞങ്ങൾക്ക് ഒരു സങ്കേതവും ലഭിച്ചിരിക്കുന്നു.

10“ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾക്കു പറയാൻ എന്താണുള്ളത്? അങ്ങയുടെ കൽപ്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുവല്ലോ, 11‘നിങ്ങൾ കൈവശമാക്കാൻ ചെല്ലുന്നദേശം, ദേശവാസികളുടെ മലിനതയും—ഒരറ്റംമുതൽ മറ്റേ അറ്റംവരെ അതിൽ നിറഞ്ഞിരിക്കുന്ന—മ്ലേച്ഛതയും അശുദ്ധിയുംകൊണ്ടു മലിനപ്പെട്ടിരിക്കുന്നു. 12അതുകൊണ്ട്, നിങ്ങൾ ശക്തരായി ദേശത്തിലെ നന്മ അനുഭവിക്കുകയും അതു നിങ്ങളുടെ മക്കൾക്ക് എന്നേക്കും ഒരു അവകാശമാക്കുകയും ചെയ്യേണ്ടതിനു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്ക് എടുക്കുകയോ ചെയ്യരുത്; അവരുടെ സമാധാനമോ സമൃദ്ധിയോ നിങ്ങൾ ആഗ്രഹിക്കരുത്’ എന്ന് അവിടത്തെ ദാസരായ പ്രവാചകന്മാരിലൂടെ അങ്ങു കൽപ്പിച്ച അങ്ങയുടെ കൽപ്പനകൾതന്നെ.

13“ഞങ്ങളുടെ ദുഷ്ടതകളും വലിയതെറ്റുകളുംമൂലമാണ് ഇതെല്ലാം ഞങ്ങൾക്കു വന്നുഭവിച്ചത്. ഞങ്ങളുടെ അതിക്രമങ്ങൾക്ക് അർഹിക്കുന്നതിലും കുറഞ്ഞ ശിക്ഷമാത്രം ഞങ്ങളുടെ ദൈവമായ അങ്ങ് ഞങ്ങൾക്കു നൽകി ഒരു ശേഷിപ്പിനെ നിലനിർത്തിയിരിക്കുമ്പോൾ 14ഞങ്ങൾ അവിടത്തെ കൽപ്പനകൾ വീണ്ടും ലംഘിച്ച്, മ്ലേച്ഛത പ്രവർത്തിക്കുന്ന ഈ ജനങ്ങളുമായി എങ്ങനെ മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടും? ഒരു ശേഷിപ്പോ അവശിഷ്ടജനമോ നിലനിൽക്കാതെ ഞങ്ങളെ നശിപ്പിക്കുന്നതുവരെ അങ്ങ് ഞങ്ങളോടു കോപിക്കുമല്ലോ? 15ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നീതിമാൻ! ഞങ്ങളോ, ഇപ്പോഴുള്ളതുപോലെ, ഒരു ശേഷിപ്പായി രക്ഷപ്പെട്ടവർ. ഞങ്ങളുടെ തെറ്റുകളുമായി ഇതാ, അങ്ങയുടെമുമ്പാകെ ഞങ്ങൾ നിൽക്കുന്നു, ഈ വിധത്തിൽ അങ്ങയെ സമീപിക്കാൻ ഞങ്ങളിൽ ആർക്കുംതന്നെ കഴിയില്ലല്ലോ.”

Copyright information for MalMCV