‏ Ezekiel 46

1“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ അങ്കണത്തിന്റെ കിഴക്കോട്ടു ദർശനമുള്ള കവാടം ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിടണം; എന്നാൽ ശബ്ബത്ത് നാളിലും അമാവാസിയിലും അതു തുറന്നിടണം. 2പ്രഭു പുറത്തുനിന്നു കവാടത്തിന്റെ പൂമുഖംവഴി പ്രവേശിച്ച് ഗോപുരത്തിന്റെ കവാടത്തൂണിനരികെ നിൽക്കണം. പുരോഹിതന്മാർ അദ്ദേഹത്തിന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം. അദ്ദേഹം ഗോപുരത്തിന്റെ ഉമ്മറപ്പടിക്കൽ നിന്നുകൊണ്ട് നമസ്കരിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. എന്നാൽ കവാടം സന്ധ്യവരെ അടയ്ക്കരുത്. 3ശബ്ബത്തുകളിലും അമാവാസികളിലും ദേശത്തെ ജനം കവാടത്തിന്റെ പ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം. 4പ്രഭു ശബ്ബത്തുദിവസത്തിൽ യഹോവയ്ക്കു ഹോമയാഗമായി ഊനമില്ലാത്ത ആറ് കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം. 5മുട്ടാടിന് ഭോജനയാഗമായി ഒരു ഏഫായും
ഏക. 16 കി.ഗ്രാം.
കുഞ്ഞാടൊന്നിന് അവന്റെ പ്രാപ്തിപോലെയും ഏഫായൊന്നിന് ഒരു ഹീൻ
ഏക. 3.8 ലി.
ഒലിവെണ്ണയും അർപ്പിക്കണം.
6അമാവാസിദിനത്തിൽ അദ്ദേഹം ഒരു കാളക്കിടാവിനെയും ആറു കുഞ്ഞാടിനെയും ഒരു ആട്ടുകൊറ്റനെയും അർപ്പിക്കണം. എല്ലാം ഊനമില്ലാത്തവ ആയിരിക്കണം. 7അദ്ദേഹം ഭോജനയാഗമായി കാളക്കിടാവിന് ഒരു ഏഫായും ആട്ടുകൊറ്റന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയും അർപ്പിക്കണം, ഏഫ ഒന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം. 8പ്രഭു കവാടത്തിന്റെ പൂമുഖത്തിലൂടെ അകത്തുകടക്കുകയും അതേവഴിയിലൂടെ പുറത്തുപോകുകയും ചെയ്യണം.

9“ ‘ദേശത്തെ ജനം നിശ്ചിത പെരുന്നാളുകളിൽ യഹോവയുടെ സന്നിധിയിൽ ആരാധനയ്ക്കു വരുമ്പോൾ വടക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ തെക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. തെക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ വടക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. ആരും തങ്ങൾ പ്രവേശിച്ച കവാടത്തിലൂടെ പുറത്തേക്കു പോകാതെ ഓരോരുത്തരും തങ്ങൾ കയറിയതിന്റെ എതിർവശത്തെ കവാടത്തിലൂടെ പുറത്തുപോകണം. 10അവർ അകത്തുകടക്കുമ്പോൾ പ്രഭു അവരുടെ മധ്യേ നിൽക്കുകയും അവർ പുറത്തുപോകുമ്പോൾ അദ്ദേഹം പുറത്തുപോകുകയും വേണം. 11വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം അർപ്പിക്കേണ്ടത് ഒരു കാളയ്ക്ക് ഒരു ഏഫായും ഒരു മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് അവരവരുടെ പ്രാപ്തിപോലെയും ആയിരിക്കണം. ഓരോ ഏഫായ്ക്കും ഒരു ഹീൻ ഒലിവെണ്ണ അർപ്പിക്കണം.

12“ ‘പ്രഭു യഹോവയ്ക്കു സ്വമേധാദാനമായ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള കവാടം അദ്ദേഹത്തിനുവേണ്ടി തുറന്നുകൊടുക്കണം. അദ്ദേഹം ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. അദ്ദേഹം പോയിക്കഴിയുമ്പോൾ കവാടം അടയ്ക്കണം.

13“ ‘ദിനംപ്രതി ഒരുവയസ്സുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം. പ്രഭാതംതോറും അതിനെ അർപ്പിക്കണം. 14ഏഫായുടെ ആറിലൊന്നുകൊണ്ടുള്ള ഒരു ഭോജനയാഗവും നേരിയമാവു നനയ്ക്കാൻ ഒരു ഹീനിന്റെ മൂന്നിലൊന്ന് എണ്ണയോടുകൂടെ പ്രഭാതംതോറും നീ അർപ്പിക്കണം. യഹോവയ്ക്ക് ഈ ഭോജനയാഗം എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി നിരന്തരം അർപ്പിക്കേണ്ടതാണ്. 15ഇങ്ങനെ കുഞ്ഞാടും ഭോജനയാഗമൃഗവും ഒലിവെണ്ണയും നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി പ്രഭാതംതോറും അർപ്പിക്കണം.

16“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ അവകാശത്തിൽനിന്ന് തന്റെ പുത്രന്മാരിലൊരുവന് ഒരു ദാനം കൊടുക്കുന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ഉള്ളതായിരിക്കും; അത് അവർക്ക് അവകാശമായി ലഭിക്കുന്ന സ്വത്ത് ആയിരിക്കണം. 17എന്നാൽ അദ്ദേഹം തന്റെ ദാസന്മാരിലൊരുവന് ഒരു ദാനം നൽകുന്നെങ്കിൽ, ദാസൻ അതിനെ വിമോചനവർഷംവരെ സ്വന്തമായി വെച്ചുകൊള്ളണം, പിന്നീട് അതു പ്രഭുവിന് തിരികെച്ചേരണം. അദ്ദേഹത്തിന്റെ ഓഹരി അദ്ദേഹത്തിന്റെ പുത്രന്മാർക്കുമാത്രമുള്ളതാണ്; അത് അവർക്കായിരിക്കണം. 18പ്രഭു ജനത്തെ അവകാശത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ അവകാശവസ്തുക്കളൊന്നും കൈവശമാക്കരുത്. എന്റെ ജനത്തിൽ ആർക്കും സ്വന്തം സ്വത്തിന്റെ ഓഹരി കൈവിട്ടുപോകാതിരിക്കേണ്ടതിന് അദ്ദേഹം സ്വന്തം അവകാശത്തിൽനിന്നുതന്നെ തന്റെ പുത്രന്മാർക്ക് ഓഹരി കൊടുക്കണം.’ ”

19അതിനുശേഷം ആ പുരുഷൻ എന്നെ കവാടത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽക്കൂടി വടക്കോട്ടു ദർശനമുള്ളതും പുരോഹിതന്മാർക്കുള്ളതുമായ വിശുദ്ധമുറികളിലേക്കു കൊണ്ടുവന്നു; അവിടെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു സ്ഥലം അദ്ദേഹം എനിക്കു കാണിച്ചുതന്നു. 20അദ്ദേഹം എന്നോട്: “ഇതാണ് പുരോഹിതന്മാർ അകൃത്യയാഗവും പാപശുദ്ധീകരണയാഗവും പാകംചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം. അവയെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്ന് ജനംകൂടെ ശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിനാണ്
പുരോഹിതന്മാരല്ലാത്തവർ യാഗവസ്തുവുമായി സമ്പർക്കത്തിലേർപ്പെട്ട് ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കാൻ എന്നു വിവക്ഷ.
ഇങ്ങനെ ചെയ്യേണ്ടത്” എന്ന് അരുളിച്ചെയ്തു.

21പിന്നീട് അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി; അതിന്റെ നാലു കോണിലൂടെയും എന്നെ നയിച്ചു. അതിന്റെ ഓരോ കോണിലും മറ്റൊരു മുറ്റം ഞാൻ കണ്ടു. 22പുറത്തെ അങ്കണത്തിന്റെ നാലുകോണിലും നാൽപ്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള അടയ്ക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു കോണിലുമുള്ള മുറ്റങ്ങൾ ഒരേ വലുപ്പമുള്ളവ ആയിരുന്നു. 23നാലു മുറ്റങ്ങളിൽ ഓരോന്നിനും ചുറ്റുമായി ഒരുനിര കല്ലു കെട്ടിയിരുന്നു. ഈ കൽനിരകൾക്കുകീഴേ ചുറ്റും തീ കത്തിക്കുന്നതിനുള്ള ഇടം ഉണ്ടായിരുന്നു. 24അദ്ദേഹം എന്നോട്: “ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവർ ജനങ്ങളുടെ യാഗങ്ങൾ പാകപ്പെടുത്തുന്നതിനുള്ള അടുക്കളകളാണിത്,” എന്ന് അരുളിച്ചെയ്തു.

Copyright information for MalMCV