‏ Ezekiel 39

1“മനുഷ്യപുത്രാ, നീ ഗോഗിനെതിരായി പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്ക്, തൂബാൽ എന്നിവരുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു. 2ഞാൻ നിന്നെ നേരേ തിരിച്ചു വലിച്ചിഴയ്ക്കും. വടക്കേ അറ്റത്തുനിന്ന് നിന്നെ ഇസ്രായേൽ പർവതങ്ങൾക്ക് എതിരേ കൊണ്ടുവരും. 3ഞാൻ നിന്റെ വില്ല് നിന്റെ ഇടങ്കൈയിൽനിന്നു തെറിപ്പിക്കും; നിന്റെ അമ്പുകൾ വലങ്കൈയിൽനിന്നു വീഴ്ത്തും. 4ഇസ്രായേൽ പർവതങ്ങളിൽ നീ നിപതിക്കും, നീയും നിന്റെ സൈന്യംമുഴുവനും നിന്നോടൊപ്പമുള്ള രാഷ്ട്രങ്ങളുംതന്നെ. ചീഞ്ഞ മാംസം തിന്നുന്ന എല്ലാ ഇനം പക്ഷികൾക്കും കാട്ടുമൃഗങ്ങൾക്കും നിന്നെ ഞാൻ ആഹാരമായി നൽകും. 5നീ വെളിമ്പ്രദേശത്തു വീഴും. ഞാൻ അതു കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 6ഞാൻ മാഗോഗിന്മേലും തീരപ്രദേശങ്ങളിൽ സുരക്ഷിതരായിപ്പാർക്കുന്ന എല്ലാവരുടെമേലും തീ അയയ്ക്കും; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.

7“ ‘ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ വെളിപ്പെടുത്തും. എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഇനി ഞാൻ അനുവദിക്കുകയില്ല. യഹോവയായ ഞാൻ ഇസ്രായേലിന്റെ പരിശുദ്ധനെന്ന് ഇതരരാഷ്ട്രങ്ങൾ അറിയും. 8ഇതാ, അതു വരുന്നു! അതു തീർച്ചയായും സംഭവിക്കും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഇതാ ഞാൻ അരുളിച്ചെയ്ത ദിവസം.

9“ ‘അന്ന് ഇസ്രായേൽ പട്ടണങ്ങളിൽ പാർക്കുന്നവർ തങ്ങളുടെ ആയുധങ്ങൾ വിറകായി ഉപയോഗിക്കും. ചെറുതും വലുതുമായ പരിചകൾ, അമ്പുകൾ, വില്ലുകൾ, യുദ്ധത്തിനുള്ള ഗദകൾ, കുന്തങ്ങൾ എന്നിവയെല്ലാം അവർ കത്തിക്കും. അവർ അവയുപയോഗിച്ച് ഏഴുവർഷം തീ കത്തിക്കും. 10അവർ ഈ ആയുധങ്ങൾ വിറകായി ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് വയലുകളിൽനിന്ന് വിറകുശേഖരിക്കുകയോ വനത്തിൽനിന്ന് വിറകുവെട്ടുകയോ ചെയ്യേണ്ടിവരികയില്ല. തങ്ങളെ കൊള്ളചെയ്തവരെ അവർ കൊള്ളചെയ്യുകയും തങ്ങളിൽനിന്ന് കവർച്ചചെയ്തവരെ അവർ കവർച്ചചെയ്യുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

11“ ‘ആ കാലത്ത് ഞാൻ ഗോഗിന് ഇസ്രായേൽദേശത്ത് ഒരു ശ്മശാനഭൂമി നൽകും. സമുദ്രത്തിന്റെ പൂർവ ദിശയിലേക്കു യാത്ര ചെയ്യുന്നവരുടെ താഴ്വരയിൽത്തന്നെ. ഗോഗിനെയും അവന്റെ കവർച്ചസംഘം എല്ലാറ്റിനെയും അവിടെ കുഴിച്ചിടുന്നതുമൂലം അതു വഴിപോക്കരുടെ വഴി തടസ്സപ്പെടുത്തും. അങ്ങനെ അത് ഹാമോൻ-ഗോഗ് താഴ്വര എന്നു വിളിക്കപ്പെടും.

12“ ‘അവരെ സംസ്കരിച്ചു ദേശം വെടിപ്പാക്കാൻ ഇസ്രായേൽജനത്തിനു ഏഴുമാസത്തോളം വേണ്ടിവരും. 13ദേശത്തെ ജനങ്ങൾ എല്ലാവരുംതന്നെ അവരെ സംസ്കരിക്കുന്നതിൽ പങ്കാളികളാകും. ഞാൻ എന്നെത്തന്നെ മഹത്ത്വീകരിക്കുന്ന ദിവസം അവർക്ക് ഓർക്കത്തക്ക ഒരു ദിവസമായിരിക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 14ദേശം വെടിപ്പാക്കുന്നതിന് തുടർച്ചയായി ജോലിക്കാരെ നിയമിക്കും. അവർ മറ്റുള്ളവരുമായിച്ചേർന്ന് ദേശംമുഴുവനും സഞ്ചരിച്ച് അവശേഷിച്ച ശവങ്ങളും മറവുചെയ്യും.

“ ‘ഏഴുമാസം കഴിയുമ്പോൾ അവർ ഒരു വിശദമായ പരിശോധന നടത്തും.
15 16അവർ ദേശത്തുകൂടി സഞ്ചരിക്കുമ്പോൾ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടെത്തിയാൽ അതിനരികെ ഒരു ചിഹ്നംവെക്കും. ആ അസ്ഥി ശവക്കുഴി തോണ്ടുന്നവർ ഹമോനാ
കവർച്ചസംഘം എന്നർഥം.
എന്നു വിളിക്കപ്പെടുന്ന ഒരു പട്ടണത്തിനരികെയുള്ള ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യുംവരെ ആ അടയാളം അവിടെ ഉണ്ടായിരിക്കും. അങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.’

17“മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എല്ലാത്തരം പക്ഷികളോടും കാട്ടുമൃഗങ്ങളോടും നീ ഇപ്രകാരം വിളിച്ചുപറയുക: ‘നാലുപാടുമുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും നിങ്ങൾക്കുവേണ്ടി ഒരുക്കുന്ന യാഗത്തിനായി ഒരുമിച്ചു വന്നുചേരുക; ഇസ്രായേൽ പർവതങ്ങളിലുള്ള മഹായാഗത്തിനുതന്നെ. അവിടെ നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യും. 18നിങ്ങൾ വീരന്മാരായ പുരുഷന്മാരുടെ മാംസം തിന്നുകയും ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കുകയും ചെയ്യും. അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളുംതന്നെ. 19ഞാൻ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന യാഗത്തിൽനിന്ന് നിങ്ങൾ മാംസം തൃപ്തിയാകുവോളം തിന്നുകയും രക്തം ലഹരിവരുവോളം കുടിക്കുകയും ചെയ്യും. 20എന്റെ മേശയിൽനിന്ന് നിങ്ങൾ കുതിരകളെയും തേരാളികളെയും ശക്തന്മാരെയും എല്ലാത്തരം യുദ്ധവീരന്മാരെയും തിന്നു തൃപ്തരാകും,’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

21“ഞാൻ എല്ലാ രാജ്യങ്ങളുടെയും മുമ്പിൽ എന്റെ മഹത്ത്വം വെളിപ്പെടുത്തും. എല്ലാ രാജ്യങ്ങളും ഞാൻ നൽകുന്ന ശിക്ഷയും ഞാൻ അവരുടെമേൽ പതിപ്പിച്ച എന്റെ കൈയും കാണും. 22ആ ദിവസംമുതൽ ഞാൻ അവരുടെ ദൈവമായ യഹോവയെന്ന് ഇസ്രായേൽജനം അറിയും. 23ഇസ്രായേൽജനം തങ്ങളുടെ പാപംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോട് അവിശ്വസ്തരായതുനിമിത്തം ഞാൻ അവർക്ക് എന്റെ മുഖം മറച്ച് അവർ വാളിനിരയാകുമാറ് ശത്രുക്കളുടെകൈയിൽ അവരെ ഏൽപ്പിച്ചു എന്നും ഇതരരാഷ്ട്രങ്ങൾ മനസ്സിലാക്കും. 24അവരുടെ അശുദ്ധിക്കും പാപത്തിനും തക്കവണ്ണം ഞാൻ അവരോട് ഇടപെട്ടു; ഞാൻ എന്റെ മുഖം അവർക്കു മറച്ചുകളഞ്ഞു.

25“അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിനെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തും. എല്ലാ ഇസ്രായേൽമക്കളോടും ഞാൻ കരുണകാണിക്കും; എന്റെ പരിശുദ്ധനാമത്തെക്കുറിച്ച് ഞാൻ തീക്ഷ്ണതയുള്ളവനാകും. 26ആർക്കും അവരെ ഭയപ്പെടുത്താൻ സാധിക്കാത്തവിധം അവർ സുരക്ഷിതരായി തങ്ങളുടെ ദേശത്തു ജീവിച്ചപ്പോൾ അവർ എന്നോടു കാണിച്ച ലജ്ജാകരമായ അവിശ്വസ്തത അവർ മറക്കും. 27ഞാൻ അവരുടെ ശത്രുക്കളായ ജനതകളുടെ ഇടയിൽനിന്നും രാജ്യങ്ങളിൽനിന്നും അവരെ തിരിച്ചുകൊണ്ടുവന്നശേഷം, അനേകം രാഷ്ട്രങ്ങളുടെ മധ്യത്തിൽ ഞാൻ എന്നെത്തന്നെ അവർ കാൺകെ വിശുദ്ധീകരിക്കും. 28ഞാൻ അവരെ പ്രവാസികളായി ഇതര ജനതകൾക്കിടയിലേക്ക് അയച്ചു; എങ്കിലും അവരിൽ ഒരാളെപ്പോലും പിന്നിൽ വിട്ടുകളയാതെ ഞാൻ അവരെ ശേഖരിച്ച് സ്വന്തം ദേശത്തേക്ക് കൂട്ടിവരുത്തിയതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും. 29ഞാൻ ഇസ്രായേൽജനത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനിയൊരിക്കലും എന്റെ മുഖം ഞാൻ അവർക്കു മറയ്ക്കുകയില്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”

Copyright information for MalMCV