‏ Ezekiel 38

രാഷ്ട്രങ്ങളുടെമേൽ യഹോവയുടെ മഹത്തായ വിജയം

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, രോശ്,
അഥവാ, പ്രഭുക്കന്മാരുടെ മുഖ്യൻ
മേശെക്ക്, തൂബാൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെനേരേ നിന്റെ മുഖംതിരിച്ച് അവനു വിരോധമായി ഇപ്രകാരം പ്രവചിച്ചു പറയുക:
3‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്ക്, തൂബാൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 4ഞാൻ നിന്നെ തിരിച്ചുനിർത്തി നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്റെ സമസ്തസൈന്യവുമായി നിന്നെ പുറപ്പെടുവിക്കും. നിന്റെ എല്ലാ കുതിരപ്പട്ടാളവും ആയുധധാരികളായ അശ്വാരൂഢന്മാർ മുഴുവനും ചെറുതും വലുതുമായ പരിചകളോടുകൂടി വാളേന്തിയ ഒരു വലിയ സമൂഹവും, 5പരിചകളും ശിരോകവചങ്ങളും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ എന്നിവരും 6ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമാഗൃഹവും അവന്റെ എല്ലാ സൈന്യവും നിന്നോടൊപ്പമുണ്ടായിരിക്കും.

7“ ‘നീയും നിന്നോടൊപ്പമുള്ള എല്ലാ കവർച്ചസംഘവും ഒരുങ്ങി സന്നദ്ധരായിരിക്കുക. നീ അവർക്കു നേതൃത്വം വഹിച്ചുകൊൾക. 8വളരെനാൾ കഴിഞ്ഞിട്ട് നീ സന്ദർശിക്കപ്പെടും. വാളിൽനിന്ന് രക്ഷപ്പെട്ടതും അനേകം രാജ്യങ്ങളിൽനിന്ന് ഇസ്രായേൽ പർവതങ്ങളിലേക്ക് ഒരുമിച്ചു ചേർക്കപ്പെട്ടതും ദീർഘകാലം ശൂന്യമായിക്കിടന്നതുമായ ഒരു രാജ്യത്തെ ഭാവികാലത്ത് നീ ആക്രമിക്കും. രാജ്യങ്ങളിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരപ്പെട്ടവരാണ് അവർ. ഇപ്പോൾ അവരെല്ലാം സുരക്ഷിതരായി ജീവിക്കുന്നു. 9നീയും നിന്റെ എല്ലാ സൈന്യങ്ങളും നിന്നോടൊപ്പമുള്ള വിവിധ ജനതകളും ഒരു കൊടുങ്കാറ്റുപോലെ കയറിവന്ന് മേഘംപോലെ ദേശത്തെ മൂടും.

10“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ ദിവസത്തിൽ നിന്റെ ഹൃദയത്തിൽ ചില ചിന്തകൾ ഉത്ഭവിക്കും; നീ ഒരു ദുരുപായം നിരൂപിക്കും. 11“മതിൽക്കെട്ടില്ലാത്ത ഗ്രാമങ്ങളുള്ള ദേശത്തെ ഞാൻ ആക്രമിക്കും; മതിലുകൾ ഇല്ലാതെയും കവാടങ്ങളും ഓടാമ്പലുകളും കൂടാതെ, സമാധാനത്തോടും യാതൊരു ശങ്കയും കൂടാതെയും ജീവിക്കുന്നവരെത്തന്നെ. 12പുനരധിവസിപ്പിക്കപ്പെട്ട ശൂന്യസ്ഥലങ്ങളെയും രാഷ്ട്രങ്ങളിൽനിന്നു വന്നുചേർന്ന് മൃഗങ്ങളാലും വസ്തുവകകളാലും സമ്പന്നരായി ദേശത്തിന്റെ മധ്യേവസിക്കുന്ന
അതായത്, ഭൂമിയുടെ പൊക്കിൾ
ജനത്തിനുനേരേ ഞാൻ കൈനീട്ടി അവരെ കവർച്ചചെയ്തു കൊള്ളയിടും,” എന്നു നീ പറയും.
13ശേബയും ദേദാനും തർശീശിലെ വ്യാപാരികളും അവിടെയുള്ള എല്ലാ ഗ്രാമങ്ങളും
മൂ.ഭാ. സിംഹക്കുട്ടികളും
നിന്നോടു ചോദിക്കുന്നു: “നീ കൊള്ളയിടാനാണോ വന്നത്? വെള്ളിയും സ്വർണവും അപഹരിക്കാനും കന്നുകാലികളെ കവർച്ചചെയ്യാനും വളരെ കൊള്ളശേഖരിക്കാനുമോ നിന്റെ കവർച്ചപ്പടയെ ഒരുമിച്ചുകൂട്ടിയത്?” എന്നു നീ ചോദിക്കും.’

14“അതിനാൽ മനുഷ്യപുത്രാ, നീ പ്രവചിച്ച് ഗോഗിനോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ ദിവസത്തിൽ എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി ജീവിക്കുമ്പോൾ അതു നിന്റെ ശ്രദ്ധയിൽപ്പെടുകയില്ലേ? 15നീയും നിന്നോടൊപ്പമുള്ള പല ജനതകളും കുതിരപ്പുറത്തുകയറി ഒരു വിപുല സൈന്യമായി വടക്കേ അറ്റത്തുനിന്നു വരും. 16ദേശത്തെ മറയ്ക്കുന്ന ഒരു മേഘംപോലെ എന്റെ ജനമായ ഇസ്രായേലിന്നെതിരേ നീ വരും. ഗോഗേ, അന്ത്യകാലത്ത് ജനതകൾ കാൺകെ നിന്നിലൂടെ ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന് ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരേ വരുത്തും.

17“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കഴിഞ്ഞകാലത്ത് എന്റെ ദാസന്മാരായ ഇസ്രായേലിന്റെ പ്രവാചകന്മാരിലൂടെ ഞാൻ നിന്നെക്കുറിച്ചല്ലയോ അരുളിച്ചെയ്തിട്ടുള്ളത്? അവർ അന്ന് ഞാൻ നിന്നെ ഇസ്രായേലിനെതിരേ പുറപ്പെടുവിക്കുമെന്ന് അനേകവർഷക്കാലം പ്രവചിച്ചിരുന്നു. 18അന്നാളിൽ സംഭവിക്കുന്നത് ഇതായിരിക്കും: ഗോഗ് ഇസ്രായേൽദേശത്തെ ആക്രമിക്കുമ്പോൾ എന്റെ ഉഗ്രകോപം ജ്വലിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 19അക്കാലത്ത് ഇസ്രായേൽദേശത്ത് ഒരു വലിയ ഭൂകമ്പമുണ്ടാകുമെന്ന് എന്റെ തീക്ഷ്ണതയിലും ക്രോധാഗ്നിയിലും ഞാൻ അരുളിച്ചെയ്യുന്നു. 20സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പക്ഷികളും വയലിലെ മൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ജീവികളും ഭൂമുഖത്തുള്ള സകലജനവും എന്റെ സന്നിധിയിൽ വിറയ്ക്കും. മലകൾ മറിഞ്ഞുപോകും കടുന്തൂക്കായ സ്ഥലങ്ങൾ ഇടിഞ്ഞുപോകും എല്ലാ മതിലും നിലംപരിചാകും. 21എന്റെ എല്ലാ പർവതങ്ങളിലും ഞാൻ ഗോഗിനെതിരേ ഒരു വാൾ വിളിച്ചുവരുത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യന്റെയും വാൾ അവന്റെ സഹോദരന്റെമേൽ വീഴും. 22പകർച്ചവ്യാധിയും രക്തച്ചൊരിച്ചിലുംകൊണ്ട് ഞാൻ അവനെതിരേ ന്യായവിധി നടത്തും. ഞാൻ അവന്റെമേലും അവന്റെ സൈന്യത്തിന്മേലും അവനോടൊപ്പമുള്ള നിരവധി രാഷ്ട്രങ്ങളുടെമേലും പെരുമഴയും മഞ്ഞുകട്ടയും എരിയുന്ന ഗന്ധകവും വർഷിപ്പിക്കും. 23ഇങ്ങനെ ഞാൻ എന്റെ മഹത്ത്വവും വിശുദ്ധിയും വെളിപ്പെടുത്തും. അനേകം രാഷ്ട്രങ്ങൾക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’

Copyright information for MalMCV