Ezekiel 30
ഈജിപ്റ്റിനെക്കുറിച്ച് ഒരു വിലാപഗാനം
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, നീ പ്രവചിക്കുക, അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ ‘ഇങ്ങനെ വിലപിച്ചു പറയുക,
“അയ്യോ കഷ്ടദിവസം!”
3ആ ദിവസം അടുത്തിരിക്കുന്നു,
യഹോവയുടെ ദിവസം അടുത്തിരിക്കുന്നു—
കാർമേഘംകൊണ്ടിരുണ്ട ദിവസം!
രാഷ്ട്രങ്ങൾക്ക് ആപത്തിന്റെ ദിവസംതന്നെ.
4ഈജിപ്റ്റിനെതിരേ ഒരു വാൾ വരും,
കൂശ് അതിവേദനയിലാകും
ഈജിപ്റ്റിൽ നിഹതന്മാർ വീഴുമ്പോൾ,
അവളുടെ സമ്പത്ത് അപഹരിക്കപ്പെടുകയും
അവളുടെ അടിസ്ഥാനങ്ങൾ ഇടിച്ചുനിരത്തപ്പെടുകയും ചെയ്യും.
5കൂശ്യരും പൂത്യരും ലൂദ്യരും എല്ലാ അറേബ്യരും കൂബ്യരും സഖ്യതയിലുൾപ്പെട്ട ജനവും ഈജിപ്റ്റിനോടൊപ്പം വാൾകൊണ്ടു വീഴും.
6“ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഈജിപ്റ്റിന്റെ സഹായികൾ വീഴും,
അവളുടെ ശക്തിയുടെ അഭിമാനം തകർന്നടിയും.
മിഗ്ദോൽമുതൽ അസ്വാൻവരെ
അവർ വാൾകൊണ്ടു വീഴുമെന്ന്,
യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
7ശൂന്യദേശങ്ങളുടെ മധ്യേ
അവർ ശൂന്യമായിത്തീരും.
അവരുടെ നഗരങ്ങൾ
ശൂന്യനഗരങ്ങളുടെ കൂട്ടത്തിലായിരിക്കും.
8ഞാൻ ഈജിപ്റ്റിനു തീവെച്ച്
അതിന്റെ സഹായികളെല്ലാം നാശമടയുമ്പോൾ
ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
9“ ‘ആ ദിവസം കൂശിനെ അതിന്റെ അലംഭാവത്തിൽനിന്നു ഭയപ്പെടുത്താൻ സന്ദേശവാഹകർ എന്റെ മുമ്പിൽനിന്ന് കപ്പലിൽ പുറപ്പെടും. ഈജിപ്റ്റിന്റെ നാശദിവസത്തിൽ അതിവേദന അവരെ ബാധിക്കും, അതു നിശ്ചയമായും വരും.
10“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ
ഈജിപ്റ്റിലെ കവർച്ചസംഘത്തെ ഇല്ലാതാക്കും.
11അവൻ സർവദേശക്കാരിലുംവെച്ച് ഏറ്റവും ക്രൂരരായ അവന്റെ സൈന്യവുമായി
ദേശത്തെ നശിപ്പിക്കാൻ വന്നുചേരും.
അവർ ഈജിപ്റ്റിനെതിരേ വാളൂരി
ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.
12ഞാൻ നൈൽനദിയിലെ വെള്ളം വറ്റിച്ച്
ദുഷ്ടരാഷ്ട്രത്തിനു ദേശത്തെ വിറ്റുകളയും;
ദേശത്തെയും അതിലുള്ള സകലത്തെയും
വിദേശികളുടെ കൈയാൽ ഞാൻ ശൂന്യമാക്കും.
യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
13“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഞാൻ വിഗ്രഹങ്ങളെ നശിപ്പിക്കും,
നോഫിലെ വിഗ്രഹങ്ങളെ ഇല്ലാതാക്കും.
ഇനിയൊരിക്കലും ഈജിപ്റ്റിൽ ഒരു പ്രഭു ഉണ്ടാകുകയില്ല,
ദേശത്തുമുഴുവനും ഞാൻ ഭീതിപരത്തും.
14ഞാൻ പത്രോസിനെ ▼
▼അതായത്, തെക്കേ ഈജിപ്റ്റിനെ
ശൂന്യമാക്കുകയുംസോവാനു തീ വെക്കുകയും
നോവിന്റെമേൽ ശിക്ഷാവിധി വരുത്തുകയും ചെയ്യും.
15ഈജിപ്റ്റിന്റെ ശക്തികേന്ദ്രമായ സീനിന്മേൽ
ഞാൻ എന്റെ ക്രോധം പകരും;
നോവിലെ കവർച്ചസംഘത്തെ ഞാൻ സംഹരിക്കും.
16ഈജിപ്റ്റിനു ഞാൻ തീവെക്കും;
സീൻ അതിവേദനയിലാകും;
നോവ് പിളർന്നുപോകും;
നോഫ് നിരന്തരം ദുരിതത്തിലാകും.
17ആവെനിലെയും ▼
▼അതായത്, ഓനിലെ അഥവാ, ഹെലിയൊപ്പൊലീസിലെ
പീ-ബേസെത്തിലെയും യുവാക്കൾവാൾകൊണ്ടു വീഴും,
ഈ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും.
18ഞാൻ ഈജിപ്റ്റിന്റെ നുകം തകർക്കുമ്പോൾ
തഹ്പനേസിൽ പകൽ ഇരുണ്ടുപോകും;
അവിടെ അവളുടെ ശക്തിയുടെ പ്രതാപം നശിക്കും.
അവളെ ഒരു മേഘം മൂടും,
അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
19അങ്ങനെ ഞാൻ ഈജിപ്റ്റിന്മേൽ ശിക്ഷാവിധി അയയ്ക്കും,
ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
ഫറവോന്റെ കൈകൾ തകർക്കപ്പെടുന്നു
20പതിനൊന്നാംവർഷം ഒന്നാംമാസം ഏഴാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 21“മനുഷ്യപുത്രാ, ഞാൻ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഭുജം ഒടിച്ചിരിക്കുന്നു; അതിനെ ഭേദമാക്കാൻ വെച്ചുകെട്ടുകയോ ഒരു വാൾ പിടിക്കാൻ തക്കവണ്ണം ശക്തിലഭിക്കേണ്ടതിന് ചികിത്സിക്കുകയോ ചെയ്യുകയില്ല. 22അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈജിപ്റ്റുരാജാവായ ഫറവോന് ഞാൻ എതിരായിരിക്കുന്നു. ഞാൻ അവന്റെ രണ്ടു ഭുജങ്ങളെയും—സൗഖ്യമുള്ള ഭുജത്തെയും ഒടിഞ്ഞതിനെയും തന്നെ—ഒടിച്ചുകളയും; അവന്റെ കൈയിലെ വാൾ ഞാൻ വീഴിച്ചുകളയും. 23ഈജിപ്റ്റുകാരെ ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച് അവരെ രാജ്യങ്ങളിലൂടെ ഛിന്നിച്ചുകളയും. 24ഞാൻ ബാബേൽരാജാവിന്റെ കരങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെ ഞാൻ ഒടിച്ചുകളയും; മാരകമായി മുറിവേറ്റ ഒരുത്തനെപ്പോലെ അവൻ അയാളുടെമുമ്പിൽ ഞരങ്ങും. 25ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ശക്തിപ്പെടുത്തും; എന്നാൽ ഫറവോന്റെ ഭുജങ്ങൾ തളർന്നുവീഴും. ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുക്കുകയും അവൻ അതിനെ ഈജിപ്റ്റിന്റെ നേരേ നീട്ടുകയും ചെയ്യുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. 26ഞാൻ ഈജിപ്റ്റുകാരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങളിൽ ഛിന്നിച്ചുകളയും ചെയ്യും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
Copyright information for
MalMCV