‏ Ezekiel 2

യെഹെസ്കേൽ പ്രവാചകനായി നിയോഗിക്കപ്പെടുന്നു

1അതിനുശേഷം അവിടന്ന് എന്നോട്: “മനുഷ്യപുത്രാ,
മൂ.ഭാ. ബെൻ-ആദം എന്ന വാക്കിന് മനുഷ്യൻ എന്നർഥം. പുതിയനിയമത്തിൽ യേശുവിനു നൽകപ്പെട്ട മനുഷ്യപുത്രൻ, എന്ന പേര് ഈ വാക്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കാം. അതുകൊണ്ടാണ് മനുഷ്യപുത്രൻ എന്ന പ്രയോഗം ഇവിടെ നിലനിർത്തിയിരിക്കുന്നത്.
ഞാൻ നിന്നോടു സംസാരിക്കേണ്ടതിന് എഴുന്നേറ്റു നിന്റെ കാലിൽ നിവർന്നുനിൽക്കുക” എന്നു പറഞ്ഞു.
2അവിടന്ന് എന്നോടു സംസാരിച്ചപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ എഴുന്നേൽപ്പിച്ചു കാലിൽ നിൽക്കുമാറാക്കി, അവിടന്ന് എന്നോടു സംസാരിക്കുന്നതും ഞാൻ കേട്ടു.

3അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, എന്നോടു മത്സരിച്ച മത്സരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്ക് ഞാൻ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെയും എന്നോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. 4കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമായ ആ ജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്ക്കുന്നു. ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയണം. 5അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ, അവർ മത്സരികളായ ഒരു ജനതയാണല്ലോ. തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നെങ്കിലും അവർ അറിയും. 6നീയോ മനുഷ്യപുത്രാ, അവരെയോ അവരുടെ വാക്കുകളോ ഭയപ്പെടരുത്. മുള്ളുകളും മുൾച്ചെടികളും നിനക്കുചുറ്റും ഉണ്ടായിരുന്നാലും തേളുകളുടെ മധ്യേ നിനക്കു വസിക്കേണ്ടിവന്നാലും ഭയപ്പെടരുത്. അവർ മത്സരഗൃഹമല്ലോ; അവരുടെ വാക്കുകൾ കേട്ടു ഭ്രമിക്കുകയും ചെയ്യരുത്. 7അവർ കേട്ടാലും ഇല്ലെങ്കിലും എന്റെ വചനങ്ങൾ നീ അവരോടു സംസാരിക്കണം, കാരണം അവർ മത്സരഗൃഹമാണല്ലോ! 8നീയോ മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേട്ടുകൊൾക. മത്സരമുള്ള ആ ജനത്തെപ്പോലെ നീ മത്സരിയായിരിക്കരുത്. ഞാൻ നിനക്കു തരുന്നത് നീ വായ് തുറന്നു ഭക്ഷിക്കുക.”

9അപ്പോൾ ഞാൻ നോക്കി; ഒരു കൈ എങ്കലേക്കു നീട്ടിയിരുന്നു; അതിൽ ഒരു പുസ്തകച്ചുരുൾ ഉണ്ടായിരുന്നു. 10അവിടന്ന് അത് എന്റെമുമ്പിൽ വിടർത്തി. അതിൽ ഇരുപുറവും വിലാപവും സങ്കടവും കഷ്ടതയും എഴുതിയിരുന്നു.

Copyright information for MalMCV