‏ Ezekiel 14

വിഗ്രഹാരാധകർ കുറ്റംചുമത്തപ്പെടുന്നു

1ഇസ്രായേലിലെ ചില ഗോത്രത്തലവന്മാർ വന്ന് എന്റെമുമ്പിൽ ഇരുന്നു. 2അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 3“മനുഷ്യപുത്രാ, ഈ പുരുഷന്മാർ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച്, ദുഷ്ടതനിറഞ്ഞ പ്രതിബന്ധം അവരുടെമുമ്പിൽ വെച്ചിരിക്കുന്നു. അവർ എന്നോട് ആലോചന ചോദിക്കാൻ ഞാൻ അവരെ അനുവദിക്കണമോ? 4അതിനാൽ നീ അവരോടു സംസാരിക്കുക. അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളുടെ മുന്നിൽ വെച്ചിരിക്കുന്ന ഏതൊരു ഇസ്രായേല്യനും പ്രവാചകന്റെ അടുത്ത് പോകുമ്പോൾ, യഹോവയായ ഞാൻതന്നെ അവരുടെ വിഗ്രഹാരാധനയുടെ ബാഹുല്യം അനുസരിച്ചുതന്നെ അവരോട് ഉത്തരം പറയും. 5വിഗ്രഹങ്ങൾനിമിത്തം എന്നിൽനിന്നകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും പിടിച്ചെടുക്കാൻവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.’

6“അതിനാൽ നീ ഇസ്രായേൽഗൃഹത്തോടു പറയുക: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അനുതപിക്കുക! നിങ്ങളുടെ വിഗ്രഹങ്ങളിൽനിന്നു പിന്തിരിയുക! നിങ്ങളുടെ എല്ലാ മ്ലേച്ഛതകളും ഉപേക്ഷിക്കുക!

7“ ‘എന്നെവിട്ടു സ്വയം പിന്മാറി വിഗ്രഹങ്ങളെ അവരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളിൽ വെച്ചുകൊണ്ട് തങ്ങൾക്കുവേണ്ടി ആലോചന ചോദിക്കാൻ പ്രവാചകന്റെ അടുക്കൽ വരുന്ന ഏതെങ്കിലും ഇസ്രായേല്യനാകട്ടെ, ഇസ്രായേലിൽ വസിക്കുന്ന വിദേശിയാകട്ടെ, യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരമരുളും. 8ഞാൻ എന്റെ മുഖം അവർക്കെതിരേ തിരിച്ച് അവരെ ഒരു നിദർശനവും പഴഞ്ചൊല്ലും ആക്കിത്തീർക്കും. എന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഞാൻ അവരെ ഛേദിച്ചുകളയും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.

9“ ‘എന്നാൽ ആ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു പ്രവചനം അറിയിച്ചാൽ യഹോവയായ ഞാൻ ആണ് ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നത്. ഞാൻ അവന്റെനേരേ കൈനീട്ടി അവനെ എന്റെ ജനമായ ഇസ്രായേലിൽനിന്ന് സംഹരിച്ചുകളയും. 10അവരുടെ അനീതിയുടെ ശിക്ഷ അവർ വഹിക്കും—അരുളപ്പാടു ചോദിക്കുന്നവരുടെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെതന്നെ ആയിരിക്കും. 11അതുകൊണ്ട് ഇസ്രായേൽജനം ഇനിയൊരിക്കലും എന്നെ വിട്ടകന്നുപോകുകയോ തങ്ങളുടെ പാപങ്ങളാൽ തങ്ങളെത്തന്നെ അശുദ്ധരാക്കുകയോ ചെയ്യുകയില്ല. അങ്ങനെ അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”

ജെറുശലേമിനു ന്യായവിധി അനിവാര്യം

12പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: 13“മനുഷ്യപുത്രാ, ഒരു രാഷ്ട്രം എന്നോടു പാപംചെയ്ത് അവിശ്വസ്തരായിത്തീർന്നാൽ ഞാൻ അതിന്റെനേരേ എന്റെ കൈനീട്ടി അവർക്കുള്ള ആഹാരലഭ്യത മുടക്കിക്കളയുകയും അതിന്മേൽ ക്ഷാമം വരുത്തി മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്ന് സംഹരിച്ചുകളകയും ചെയ്യും. 14നോഹ, ദാനീയേൽ,
അഥവാ, ദാനെൽ, പുരാതന എഴുത്തുകളിൽ പ്രസിദ്ധിനേടിയ ഒരാൾ. വാ. 20 കാണുക.
ഇയ്യോബ് എന്നീ മൂന്നുപുരുഷന്മാർ അതിന്റെമധ്യേ ഉണ്ടായിരുന്നാലും, അവരുടെ നീതികൊണ്ട് അവർ താന്താങ്ങളെമാത്രമേ വിടുവിക്കുകയുള്ളൂ എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

15“അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വന്യമൃഗങ്ങളെ അയയ്ക്കുകയും അവ ആ രാഷ്ട്രത്തെ മക്കളില്ലാത്തവരാക്കിത്തീർക്കുകയും ആ വന്യമൃഗങ്ങൾനിമിത്തം അവിടം ആരും കടന്നുപോകാതവണ്ണം അതിനെ നിർജനമാക്കിത്തീർക്കുകയും ചെയ്യുന്നപക്ഷം, 16ഈ മൂന്നുപുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവർക്ക് തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്നു ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു: അവർമാത്രം വിടുവിക്കപ്പെടുകയും ദേശം നിർജനമായിത്തീരുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

17“അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വാൾ വരുത്തിയിട്ട്, ‘ആ വാൾ ദേശത്തുകൂടിക്കടന്ന്,’ അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കട്ടെ എന്നു കൽപ്പിച്ചാൽ, 18ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഈ മൂന്നുപുരുഷന്മാർ അതിന്റെ മധ്യത്തിൽ ഉണ്ടായിരുന്നാലും അവർമാത്രം രക്ഷപ്പെടുന്നതല്ലാതെ അവർക്ക് സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

19“അതുമല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചിട്ട് അതിൽനിന്ന് മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കാൻ തക്കവണ്ണം എന്റെ ക്രോധം രക്തച്ചൊരിച്ചിലിലൂടെ അതിന്മേൽ ചൊരിഞ്ഞാൽ, 20ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ പുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവരുടെ നീതികൊണ്ട് തങ്ങളെത്തന്നെ രക്ഷിക്കുന്നതല്ലാതെ സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

21“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കേണ്ടതിന് വാൾ, ക്ഷാമം, വന്യമൃഗങ്ങൾ, മഹാമാരി എന്നീ നാലു കഠിന ന്യായവിധികൾ ജെറുശലേമിന്മേൽ അയച്ചാൽ അത് എത്ര ഭയാനകമായിരിക്കും? 22എന്നാലും ഇവയെല്ലാം അതിജീവിച്ച, പുത്രന്മാരും പുത്രിമാരും അടങ്ങിയ ഒരുകൂട്ടം അതിൽനിന്നു പുറപ്പെട്ടു പോരുന്നതിനായി ശേഷിച്ചിരിക്കും. അവർ നിങ്ങളുടെ അടുക്കൽവരും. നിങ്ങൾ അവരുടെ ജീവിതരീതിയും പ്രവൃത്തികളും കണ്ട് ഞാൻ ജെറുശലേമിനു വരുത്തിയ അനർഥത്തെക്കുറിച്ച് ആശ്വസിക്കും—ഞാൻ അതിന്മേൽ വരുത്തിയ സകലവിപത്തുകളെക്കുറിച്ചുംതന്നെ. 23അവരുടെ ജീവിതരീതിയും പ്രവൃത്തികളും നിങ്ങൾ കാണുമ്പോൾ അവ നിങ്ങൾക്കൊരാശ്വാസമായിരിക്കും. കാരണം, ഞാൻ അതിനോടു ചെയ്തതെല്ലാം വെറുതേയല്ല എന്നു നിങ്ങൾ അറിയും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.