‏ Ezekiel 8

വിഗ്രഹാരാധന ദൈവാലയത്തിൽ

1ആറാംവർഷം ആറാംമാസം അഞ്ചാംതീയതി ഞാൻ എന്റെ വീട്ടിൽ ഇരിക്കുമ്പോൾ യെഹൂദനേതാക്കന്മാർ എന്റെമുമ്പിൽ ഇരുന്നിരുന്നു. അപ്പോൾ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു. 2ഞാൻ നോക്കിയപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ള
അഥവാ, അഗ്നിസമാനമായ
ഒരു രൂപത്തെ കണ്ടു. അദ്ദേഹത്തിന്റെ അരയും അരമുതൽ താഴോട്ടുള്ള ഭാഗവും തീപോലെയും അരമുതൽ മുകളിലേക്കുള്ള ഭാഗം തിളങ്ങുന്ന ലോഹത്തിന്റെ ശോഭയുള്ളതും ആയിരുന്നു.
3അവിടന്നു തന്റെ കൈപോലെ ഒന്നു നീട്ടി എന്റെ തലമുടി പിടിച്ചു. ആത്മാവ് എന്നെ ഭൂമിക്കും ആകാശത്തിനും മധ്യേ ഉയർത്തി ദൈവത്തിൽനിന്നുള്ള ദർശനത്തിൽ എന്നെ ജെറുശലേമിൽ അകത്തെ അങ്കണത്തിന്റെ വടക്കേകവാടത്തിന്റെ പ്രവേശനത്തിൽ കൊണ്ടുവന്നു. അവിടെ വളരെയധികം അസൂയ ഉത്തേജിപ്പിക്കുന്ന വലിയൊരു വിഗ്രഹം ഉണ്ടായിരുന്നു. 4ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം സമഭൂമിയിൽവെച്ചു ഞാൻ കണ്ട ദർശനംപോലെ അവിടെ ഉണ്ടായിരുന്നു.

5അപ്പോൾ അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, കണ്ണുകൾ ഉയർത്തി വടക്കോട്ടുനോക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ കണ്ണുയർത്തി വടക്കോട്ടു നോക്കി. യാഗപീഠത്തിന്റെ കവാടത്തിന് വടക്കായി പ്രവേശനത്തിങ്കൽ അസൂയാവിഗ്രഹം ഉണ്ടായിരുന്നു.

6അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, അവർ ചെയ്യുന്നതു നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എന്നെ ആട്ടിപ്പായിക്കുംവിധം ഇസ്രായേൽഗൃഹം ചെയ്യുന്ന ഏറ്റവും അറപ്പുളവാക്കുന്ന പ്രവൃത്തികൾ നീ കാണുന്നുണ്ടോ? ഇതിലും നീചമായതു നീ ഇനിയും കാണും.”

7അതിനുശേഷം അവിടന്ന് എന്നെ അങ്കണത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ ചുമരിൽ ഒരു ദ്വാരം കണ്ടു. 8“മനുഷ്യപുത്രാ, ചുമർ തുരക്കുക,” എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചു, ഞാൻ ചുമർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു.

9അവിടന്ന് എന്നോട്: “അകത്തുപോയി അവർ അവിടെ ചെയ്യുന്ന ദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളും നോക്കുക” എന്നു പറഞ്ഞു. 10ഞാൻ ഉള്ളിൽ കടന്നുനോക്കി. എല്ലാത്തരം ഇഴജാതികളെയും അറപ്പുളവാക്കുന്ന മൃഗങ്ങളെയും ഇസ്രായേൽഗൃഹത്തിന്റെ എല്ലാ വിഗ്രഹങ്ങളെയും ചുമരിൽ വരച്ചുവെച്ചിരിക്കുന്നതു ഞാൻ കണ്ടു. 11അവയുടെമുമ്പിൽ ഇസ്രായേലിലെ എഴുപതു നേതാക്കന്മാർ നിന്നിരുന്നു. ശാഫാന്റെ മകനായ യയസന്യാവും അവരുടെ മധ്യേ ഉണ്ടായിരുന്നു. ഓരോരുത്തനും ധൂപകലശം കൈയിൽ പിടിച്ചിരുന്നു. മേഘതുല്യമായ ധൂപത്തിന്റെ സൗരഭ്യം അവിടമാകെ വ്യാപിച്ചിരുന്നു.

12അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഇരുട്ടിൽ, ഓരോരുത്തനും താന്താങ്ങളുടെ ബിംബങ്ങളുടെ അറകളിൽ, എന്താണു ചെയ്യുന്നതെന്നു നീ കാണുന്നോ? ‘യഹോവ നമ്മെ കാണുന്നില്ല; യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു’ എന്നാണ് അവർ പറയുന്നത്. 13ഇനിയും ഇതിലും വലിയ മ്ലേച്ഛതകൾ അവർ ചെയ്യുന്നതായി നീ കാണും, എന്നും അവിടന്ന് എന്നോട് അരുളിച്ചെയ്തു.”

14പിന്നീട് യഹോവയുടെ ആലയത്തിന്റെ വടക്കോട്ടുള്ള കവാടത്തിന്റെ പ്രവേശനത്തിലേക്ക് അവിടന്ന് എന്നെ കൊണ്ടുവന്നു. അവിടെ സ്ത്രീകൾ തമ്മൂസുദേവനുവേണ്ടി കരഞ്ഞുകൊണ്ടിരുന്നു. 15അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതു നീ കാണുന്നോ? ഇതിലും വലിയ മ്ലേച്ഛതകൾ ഞാൻ നിനക്കു കാണിച്ചുതരും.”

16പിന്നീട് അവിടന്ന് എന്നെ യഹോവയുടെ ആലയത്തിലെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മധ്യേ ഏകദേശം ഇരുപത്തിയഞ്ചു പുരുഷന്മാർ യഹോവയുടെ ആലയത്തിനുനേരേ തങ്ങളുടെ പുറംകാട്ടിക്കൊണ്ടും കിഴക്കോട്ടു മുഖം തിരിച്ചും നിന്നിരുന്നു. അവർ കിഴക്കോട്ടുനോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.

17അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഇതു കാണുന്നോ? യെഹൂദാഗൃഹത്തിന് ഇവിടെ ചെയ്യുന്ന ഈ മ്ലേച്ഛതകൾ തീരെ നിസ്സാരമെന്നു തോന്നിയിട്ടോ അവർ ദേശത്തെ അക്രമംകൊണ്ടു നിറയ്ക്കുകയും എന്നെ വീണ്ടും വീണ്ടും പ്രകോപിപ്പിക്കുകയും ചെയ്യുന്നത്? നോക്കൂ, അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്.
മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്, വിവക്ഷിക്കുന്നത് അതിതീവ്രമായ നിലയിൽ ദൈവത്തെ അധിക്ഷേപിക്കുന്ന ഒരു പ്രവൃത്തി.
18അതിനാൽ ഞാൻ ക്രോധത്തോടെ പ്രവർത്തിക്കും. എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല.”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.