‏ Ezekiel 37

ഉണങ്ങിയ അസ്ഥികളുടെ താഴ്വര

1യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; യഹോവയുടെ ആത്മാവിൽ എന്നെ കൊണ്ടുവന്ന് ഒരു താഴ്വരയുടെ നടുവിൽ നിർത്തി. അത് അസ്ഥികളാൽ നിറഞ്ഞതായിരുന്നു. 2അവിടന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി. ആ താഴ്വരയുടെ പരപ്പിൽ വളരെയധികം അസ്ഥികൾ ഞാൻ കണ്ടു. അവ ഏറ്റവും ഉണങ്ങിയുമിരുന്നു. 3അവിടന്ന് എന്നോടു ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുക സാധ്യമോ?”

“യഹോവയായ കർത്താവേ, അങ്ങുമാത്രം അറിയുന്നു,” എന്നു ഞാൻ ഉത്തരം പറഞ്ഞു.

4അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “ഈ അസ്ഥികളോട് പ്രവചിച്ചു പറയുക: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുക! 5യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ ഉള്ളിലേക്കു ശ്വാസം
കാറ്റ് അഥവാ, ആത്മാവ് എന്നർഥം.
അയയ്ക്കും. നിങ്ങൾക്കു ജീവൻ തിരികെ ലഭിക്കും.
6ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ച്, മാംസം പിടിപ്പിച്ച്, ത്വക്കുകൊണ്ട് നിങ്ങളെ പൊതിയും. അതിനുശേഷം ഞാൻ നിങ്ങളിലേക്കു ശ്വാസം അയയ്ക്കും നിങ്ങൾ ജീവിക്കയും ചെയ്യും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”

7അങ്ങനെ എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു; ഒരു പ്രകമ്പനംതന്നെ. അപ്പോൾ അസ്ഥികൾ ഒരുമിച്ചുവന്നു, അസ്ഥികൾ ഒന്നോടൊന്നുചേർന്നു. 8ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെമേൽ വന്നുചേർന്നു. ത്വക്ക് അവയെ പൊതിഞ്ഞു, എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല.

9അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “കാറ്റിനോടു പ്രവചിക്കുക. മനുഷ്യപുത്രാ കാറ്റിനോടു പ്രവചിച്ച് അതിനോടു കൽപ്പിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരിലേക്ക് ഊതുക.’ ” 10അങ്ങനെ അവിടന്ന് എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ശ്വാസം അവരിലേക്കു വന്നു. അവർ ജീവിച്ച് ഒരു വലിയ സൈന്യമായി സ്വന്തം കാലുകളിൽ നിവർന്നുനിന്നു.

11അനന്തരം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹം മുഴുവനും അത്രേ. ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി; ഞങ്ങളുടെ പ്രത്യാശ നഷ്ടപ്പെട്ടുപോയി; ഞങ്ങൾ നശിച്ചിരിക്കുന്നു,’ എന്ന് അവർ പറയുന്നു. 12അതിനാൽ നീ പ്രവചിച്ച് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്ന് കയറ്റാൻ പോകുന്നു. ഞാൻ നിങ്ങളെ ഇസ്രായേൽദേശത്തേക്കു മടക്കിക്കൊണ്ടുവരും. 13ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് എന്റെ ജനമായ നിങ്ങൾ അറിയും. 14ഞാൻ എന്റെ ആത്മാവിനെ നിങ്ങളിലേക്കയയ്ക്കും; നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ പാർപ്പിക്കും. യഹോവയായ ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു ചെയ്തുമിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും എന്ന് യഹോവയുടെ അരുളപ്പാട്.’ ”

ഒരു രാജാവ് ഒരു രാഷ്ട്രം

15യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 16“മനുഷ്യപുത്രാ, നീ മരംകൊണ്ടുള്ള ഒരു വടി എടുത്ത് അതിന്മേൽ ‘യെഹൂദയ്ക്കും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക. അതിനുശേഷം മറ്റൊരു വടി എടുത്ത് അതിന്മേൽ, ‘എഫ്രയീമിന്റെ വടി, യോസേഫിനും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക. 17പിന്നെ അവ ഒന്നിച്ചുചേർക്കുക; അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരും.

18“നിന്റെ ദേശക്കാർ, ‘ഇതിന്റെ അർഥം എന്താണെന്നു ഞങ്ങളോടു പറയുകയില്ലേ?’ എന്നു ചോദിക്കുമ്പോൾ 19അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിന്റെ വടിയും അവനോടു ചേർന്നിട്ടുള്ള ഇസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവയെ യെഹൂദയുടെ വടിയോടുചേർത്ത് ഒന്നാക്കിത്തീർക്കും, അവ ഒറ്റയൊരു വടിയാകും; അവ എന്റെ കൈയിൽ ഒന്നായിത്തീരും.’ 20നീ എഴുതിയ വടികൾ അവരുടെ കണ്മുമ്പിൽ പിടിക്കുക. 21എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേൽജനത്തെ അവർ പോയിട്ടുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരും. ഞാൻ അവരെ എല്ലായിടത്തുനിന്നും കൂട്ടിച്ചേർത്ത് അവരുടെ സ്വന്തം ദേശത്തേക്ക് തിരികെവരുത്തും. 22ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിന്മേൽ ഒരു രാജ്യമാക്കിത്തീർക്കും. അവർക്കെല്ലാവർക്കും ഒരു രാജാവ് ഉണ്ടാകും. അവർ ഇനിയൊരിക്കലും രണ്ടു രാഷ്ട്രം ആകുകയില്ല; രണ്ടു രാജ്യമായി വിഭജിക്കപ്പെടുകയുമില്ല. 23അവർ മേലാൽ തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛബിംബങ്ങളാലോ അതിക്രമങ്ങളാലോ തങ്ങളെത്തന്നെ അശുദ്ധരാക്കുകയില്ല. അവരുടെ പാപകരമായ പിന്മാറ്റത്തിൽനിന്നു ഞാൻ അവരെ രക്ഷിക്കും, ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്റെ ജനമായും ഞാൻ അവർക്കു ദൈവമായും തീരും.

24“ ‘എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും. അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാവും. അവർ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ഉത്തരവുകൾ പ്രമാണിക്കാൻ ശ്രദ്ധിക്കും. 25ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പിതാക്കന്മാർ ജീവിച്ച ദേശത്തുതന്നെ അവർ പാർക്കും. അവരും അവരുടെ മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ പാർക്കും. എന്റെ ദാസനായ ദാവീദ് അവർക്ക് എന്നേക്കും പ്രഭുവായിരിക്കും. 26ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിയിൽ ഏർപ്പെടും. അതൊരു ശാശ്വത ഉടമ്പടി ആയിരിക്കും. ഞാൻ അവരെ സ്ഥിരപ്പെടുത്തി അവരുടെ സംഖ്യയെ വർധിപ്പിക്കും. ഞാൻ എന്റെ വിശുദ്ധമന്ദിരത്തെ എന്നേക്കുമായി അവരുടെ മധ്യേ സ്ഥാപിക്കും. 27എന്റെ വാസസ്ഥലം അവരോടുകൂടെ ആയിരിക്കും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും. 28എന്റെ വിശുദ്ധമന്ദിരം ശാശ്വതമായി അവരുടെ മധ്യേ ഇരിക്കുമ്പോൾ യഹോവയായ ഞാൻ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നു എന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.’ ”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.