‏ Ezekiel 34

ഇസ്രായേലിലെ ഇടയന്മാർ

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാരെക്കുറിച്ചു നീ പ്രവചിക്കുക. അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന ഇസ്രായേലിലെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ഇടയന്മാർ ആടുകളെ പരിപാലിക്കേണ്ടതല്ലേ? 3നിങ്ങൾ തൈര് കുടിക്കുകയും ആട്ടിൻരോമംകൊണ്ടു വസ്ത്രം ധരിക്കുകയും തടിച്ചമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നു; എന്നാൽ നിങ്ങൾ ആട്ടിൻപറ്റത്തെ പരിപാലിക്കുന്നില്ല. 4നിങ്ങൾ ബലഹീനമായതിനെ ശക്തിപ്പെടുത്തുകയോ രോഗം ബാധിച്ചതിനു സൗഖ്യം വരുത്തുകയോ മുറിവേറ്റതിനു മുറിവു കെട്ടുകയോ ചെയ്തിട്ടില്ല. നിങ്ങൾ വഴിതെറ്റിയതിനെ തിരികെ വരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു. 5അങ്ങനെ ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടുമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. 6എന്റെ ആടുകൾ എല്ലാ പർവതങ്ങളിലും ഓരോ മലകളിലും ഉഴന്നുനടന്നു; അവ ഭൂതലത്തിലെല്ലാം ചിതറിപ്പോയി; ആരും അവയെ അന്വേഷിക്കയോ ശ്രദ്ധിക്കുകയോ ചെയ്തില്ല.

7“ ‘അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക: 8ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇടയനില്ലായ്കയാലാണ് എന്റെ ആടുകൾ കവർച്ചയായിത്തീരുകയും കാട്ടുമൃഗങ്ങൾക്കിരയാകുകയും ചെയ്തത്. എന്റെ ഇടയന്മാർ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്. 9അതിനാൽ ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക. 10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു. ഞാൻ എന്റെ ആടുകളെപ്പറ്റി അവരോടു കണക്കുചോദിക്കും. ഇടയന്മാർ തങ്ങളെത്തന്നെ തീറ്റിപ്പോറ്റാതിരിക്കേണ്ടതിന് ഞാൻ അവരെ ഇടയവേലയിൽനിന്നു നീക്കിക്കളയും; ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്നു വിടുവിക്കും; അവ അവർക്ക് ഭക്ഷണമായിത്തീരുകയില്ല.

11“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തെരയുകയും അന്വേഷിക്കുകയും ചെയ്യും. 12ഒരു ഇടയൻ ആടുകളോടൊപ്പമുള്ളപ്പോൾ ചിതറിപ്പോയവയെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. മേഘവും ഇരുട്ടും ഉണ്ടായിരുന്ന നാളിൽ അവ ചിതറിപ്പോയ എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ അവയെ വിടുവിക്കും. 13ഞാൻ അവരെ രാഷ്ട്രങ്ങളുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കയും രാജ്യങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും അവരെ സ്വന്തം ദേശത്തേക്കു കൊണ്ടുവരികയും ചെയ്യും, ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിലും മലഞ്ചരിവുകളിലും ദേശത്തെ സകലവാസസ്ഥലങ്ങളിലും മേയിക്കും. 14ഞാൻ നല്ല മേച്ചിൽപ്പുറത്ത് അവരെ മേയിക്കും; ഇസ്രായേലിലെ ഗിരിനിരകൾ അവരുടെ മേച്ചിൽസ്ഥലമാകും. അവിടെ ഇസ്രായേൽ പർവതസാനുക്കളിലെ നല്ല പുൽപ്പുറത്ത് അവ കിടന്നു വിശ്രമിക്കും. ഇസ്രായേൽ പർവതത്തിലെ ഉത്തമമായ മേച്ചിൽപ്പുറങ്ങളിൽ അവ മേയും. 15ഞാൻതന്നെ എന്റെ ആടുകളെ പരിപാലിച്ച് അവയെ കിടത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 16കാണാതെ പോയവയെ ഞാൻ അന്വേഷിക്കുകയും അലഞ്ഞു നടക്കുന്നവയെ തിരികെ വരുത്തുകയും ചെയ്യും. മുറിവേറ്റവയ്ക്ക് ഞാൻ മുറിവുകെട്ടുകയും ബലഹീനമായവയെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ കൊഴുത്തതിനെയും കരുത്തുറ്റതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ ആട്ടിൻപറ്റത്തെ മേയിക്കും.

17“ ‘നിങ്ങളെ സംബന്ധിച്ചാകട്ടെ, എന്റെ ആട്ടിൻപറ്റമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിനും ആടിനും മധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മധ്യേയും ന്യായംവിധിക്കും. 18നല്ല മേച്ചിൽസ്ഥലത്ത് മേയുന്നതു പോരേ നിങ്ങൾക്കു? ശേഷിച്ച മേച്ചിൽപ്പുറം നിങ്ങൾ കാൽകൊണ്ടു ചവിട്ടിമെതിക്കണമോ? തെളിനീരു കുടിക്കുന്നതു നിങ്ങൾക്കു പോരായോ? ശേഷിച്ച ജലം നിങ്ങളുടെ കാൽകൊണ്ട് ചവിട്ടിക്കലക്കണമോ? 19എന്റെ ആട്ടിൻപറ്റം നിങ്ങൾ ചവിട്ടിക്കളഞ്ഞതു തിന്നുകയും നിങ്ങൾ കലക്കിയ ജലം കുടിക്കുകയും ചെയ്യണമോ?

20“ ‘അതിനാൽ അവരോട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നോക്കുക, തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മധ്യേ ഞാൻ ന്യായംവിധിക്കും. 21ബലഹീനമായ ആടുകളെ പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തിയും കൊമ്പുകൊണ്ട് ഇടിച്ചും നിങ്ങൾ ചിതറിക്കുന്നതിനാൽ, 22എന്റെ ആടുകളെ ഞാൻ വിടുവിക്കും. അവ ഇനിമേൽ കവർച്ചചെയ്യപ്പെടുകയില്ല. ആടിനും ആടിനും ഇടയിൽ ഞാൻ ന്യായംവിധിക്കും. 23ഞാൻ അവയ്ക്കുമേലായി ഒരു ഇടയനെ, എന്റെ ദാസനായ ദാവീദിനെത്തന്നെ നിയമിക്കും. അവൻ അവയെ പരിപാലിക്കും; അവൻ അവയെ പരിപാലിച്ച് അവയ്ക്ക് ഇടയനായിത്തീരും. 24അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവമായും എന്റെ ദാസനായ ദാവീദ് അവർക്കു പ്രഭുവായും തീരും. യഹോവയായ ഞാൻ ആകുന്നു അരുളിച്ചെയ്തിരിക്കുന്നത്.

25“ ‘ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിചെയ്ത് ദേശത്തെ വന്യമൃഗങ്ങളിൽനിന്നു വിടുവിക്കും. അങ്ങനെ അവ സുരക്ഷിതമായി മരുഭൂമിയിൽ ജീവിക്കുകയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. 26ഞാൻ അവരെയും എന്റെ പർവതത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കും.
ഉൽ. 48:20 കാണുക.
തക്കകാലത്ത് ഞാൻ മഴ അയയ്ക്കും; അനുഗ്രഹവർഷം ഉണ്ടാകുകയും ചെയ്യും.
27വയലിലെ വൃക്ഷങ്ങൾ ഫലം പുറപ്പെടുവിക്കും; നിലം വിളവുകൾ ഉൽപ്പാദിപ്പിക്കും; ജനം സ്വദേശത്ത് നിർഭയരായിരിക്കും. ഞാൻ അവരുടെ നുകത്തടികൾ ഒടിച്ച് അവരെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് വിടുവിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. 28അവർ ഇനിയൊരിക്കലും ജനതകളാൽ കവർച്ചചെയ്യപ്പെടുകയില്ല; കാട്ടുമൃഗങ്ങൾ അവരെ തിന്നുകളകയുമില്ല. അവർ സുരക്ഷിതരായി ജീവിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല. 29വിളവുകൾക്കു പ്രശസ്തി നേടിയ ഒരു ദേശം ഞാൻ അവർക്കു നൽകും; ഇനിയൊരിക്കലും അവർ ദേശത്ത് ക്ഷാമത്തിന് ഇരയാകുകയോ ജനതകളുടെ പരിഹാസത്തിന് ഇരയാകുകയോ ചെയ്യുകയില്ല. 30അപ്പോൾ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെയുണ്ടെന്നും ഇസ്രായേൽജനമാകുന്ന അവർ എന്റെ ജനമാണെന്നും അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 31എന്റെ മേച്ചിൽസ്ഥലത്തെ ആടുകളായ നിങ്ങൾ എന്റെ സ്വന്തം ആടുകളാണ്, ഞാൻ നിങ്ങളുടെ ദൈവവും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”

Copyright information for MalMCV