Ezekiel 23
വ്യഭിചാരിണികളായ രണ്ടു സഹോദരിമാർ
1വീണ്ടും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 2“മനുഷ്യപുത്രാ, ഒരമ്മയുടെ പുത്രിമാരായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു; 3അവർ ഈജിപ്റ്റിൽവെച്ചു വേശ്യകളായിത്തീർന്നു. അവർ തങ്ങളുടെ യൗവനത്തിൽ വേശ്യകളായി ജീവിച്ചു. അവിടെവെച്ച് അവരുടെ മാറിടം ലാളിക്കപ്പെട്ടു. അവരുടെ കന്യാസ്തനങ്ങൾ തലോടപ്പെട്ടു. 4അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയസഹോദരിക്ക് ഒഹൊലീബാ എന്നും പേരായിരുന്നു. അവർ എനിക്കുള്ളവരായിരുന്നു, അവർ പുത്രീപുത്രന്മാരെ പ്രസവിച്ചു. ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നത് ജെറുശലേമും ആകുന്നു.5“ഒഹൊലാ എനിക്കുള്ളവളായിരിക്കെത്തന്നെ വേശ്യാവൃത്തിയിൽ ജീവിച്ചു. അവൾ സ്നേഹിച്ചിരുന്ന അശ്ശൂര്യരിൽ ആസക്തയായി, അവരുടെ യോദ്ധാക്കൾ 6നീലവസ്ത്രം ധരിച്ചവരായിരുന്നു, അവരിലെ ദേശാധിപതിമാരും സൈന്യാധിപന്മാരും സുമുഖരായ യുവാക്കളും കുതിരപ്പുറത്തു സഞ്ചരിക്കുന്നവരുമായിരുന്നു. 7അവൾ അശ്ശൂരിലെ ശ്രേഷ്ഠപുരുഷന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. അവൾ അവരിൽ കാമസക്തയായി തന്നെ മോഹിച്ചവരുടെ എല്ലാ വിഗ്രഹങ്ങളാലും തന്നെത്താൻ മലിനയാക്കി. 8ഈജിപ്റ്റിൽവെച്ചു അവൾ ശീലിച്ച തന്റെ വേശ്യാസ്വഭാവം അവൾ ഉപേക്ഷിച്ചില്ല; അവളുടെ യൗവനത്തിൽ പുരുഷന്മാർ അവളോടൊപ്പം കിടക്കപങ്കിട്ടു. അവർ അവളുടെ കന്യാസ്തനങ്ങൾ തലോടി; തങ്ങളുടെ കാമാസക്തിക്ക് അവളെ ഉപകരണമാക്കി.
9“അതിനാൽ അവൾ മോഹിച്ച അവളുടെ ജാരന്മാരായ അശ്ശൂര്യരുടെ കൈയിൽത്തന്നെ ഞാൻ അവളെ ഏൽപ്പിച്ചു. 10അവർ അവളുടെ നഗ്നത അനാവരണംചെയ്തു. അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചുകൊണ്ടുപോകുകയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു. അങ്ങനെ അവൾ സ്ത്രീകൾക്കിടയിൽ സംസാരവിഷയമാകുകയും അവർ അവളുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു.
11“അവളുടെ സഹോദരി ഒഹൊലീബാ ഇതു കണ്ടെങ്കിലും അവൾ കാമാസക്തിയിൽ തന്റെ സഹോദരിയെക്കാൾ അധഃപതിച്ചവളായിത്തീർന്നു. അവളുടെ വേശ്യാവൃത്തി തന്റെ സഹോദരിയുടേതിനെക്കാൾ അധികമായിരുന്നു. 12അശ്ശൂര്യ ദേശാധിപതിമാർ, സൈന്യാധിപന്മാർ, മോടിയിൽ വസ്ത്രംധരിച്ചവർ, യോദ്ധാക്കൾ, കുതിരസവാരിക്കാർ, സുമുഖരായ യുവാക്കൾ എന്നിവരോടായിരുന്നു അവളുടെ കാമാസക്തിജ്വലിച്ചത്. 13അവൾ തന്നെത്താൻ മലിനയാക്കിയതായി ഞാൻ കണ്ടു; അവർ ഇരുവരും ഒരേവഴിയിൽത്തന്നെ ജീവിച്ചു.
14“അവൾ തന്റെ വേശ്യാവൃത്തി വളരെയധികമായി തുടർന്നുകൊണ്ടിരുന്നു. ചുമരിന്മേൽ ചെമപ്പുനിറംകൊണ്ടു വരച്ചിരിക്കുന്ന കൽദയരുടെ ▼
▼അഥവാ, ബാബേല്യരുടെ
പ്രതിച്ഛായ അവൾ കണ്ടു. 15ചിത്രത്തിൽ വരച്ചിരുന്ന ആ പുരുഷന്മാർ, കൽദയരായ ബാബേൽ സാരഥികളെപ്പോലെ അരപ്പട്ട ▼▼അതായത്, ബെൽറ്റ്
കെട്ടിയവരും കാറ്റിൽ ഒഴുകുന്ന തലപ്പാവു ധരിച്ചവരുമായിരുന്നു. 16അവരെ കണ്ടപ്പോൾ അവൾ അവരിൽ ആസക്തരായി കൽദയദേശത്തേക്ക് അവർക്കായി സന്ദേശവാഹകരെ അയച്ചു. 17അങ്ങനെ ബാബേല്യർ പ്രേമശയനത്തിനായി അവളുടെ അടുക്കൽവന്ന്, തങ്ങളുടെ കാമാസക്തിയാൽ അവർ അവളെ മലിനയാക്കി. അവരാൽ മലിനയായിത്തീർന്നപ്പോൾ അവൾക്ക് അവരോടു വെറുപ്പുതോന്നി. 18ഇങ്ങനെ അവൾ തന്റെ വേശ്യാവൃത്തി പരസ്യമായിത്തന്നെ തുടരുകയും തന്റെ നഗ്നത അനാവരണം ചെയ്യുകയും ചെയ്തപ്പോൾ, മുമ്പ് അവളുടെ സഹോദരിയോട് എനിക്ക് വെറുപ്പു തോന്നിയിരുന്നതുപോലെ അവളോടും എനിക്കു വെറുപ്പുതോന്നി. 19എന്നിട്ടും ഈജിപ്റ്റുദേശത്തുവെച്ച് തന്റെ യൗവനകാലത്തു വേശ്യയായിരുന്നത് ഓർത്തുകൊണ്ട് അവൾ വളരെയധികം വഷളത്തം നിറഞ്ഞവളായിത്തീർന്നു. 20കഴുതകളുടേതുപോലെ ലിംഗവും കുതിരകളുടേതുപോലെ ബീജസ്രവണവുമുള്ള കാമുകന്മാരെ അവൾ കൊതിച്ചു. 21അങ്ങനെ ഈജിപ്റ്റിൽവെച്ച് നിന്റെ മാറിടം പ്രേമപൂർവം താലോലിക്കപ്പെടുകയും നിന്റെ യൗവനസ്തനങ്ങൾ തലോടപ്പെടുകയുംചെയ്ത യൗവനകാലത്തെ വിഷയലമ്പടത്തം നീ കൊതിച്ചു. 22“അതുകൊണ്ട് ഒഹൊലീബായേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കു വെറുപ്പുതോന്നി നീ ഉപേക്ഷിച്ചുകളഞ്ഞ നിന്റെ കാമുകന്മാരെ ഞാൻ ഉണർത്തി, എല്ലാവശത്തുനിന്നും ഞാൻ അവരെ നിന്റെനേരേ വരുത്തും— 23ബാബേല്യരും കൽദയർ എല്ലാവരും പെക്കോദ്യർ, ശോവ്യർ, കോവ്യർ, അവരോടൊപ്പമുള്ള അശ്ശൂര്യർ എല്ലാവരും സുമുഖരായ യുവാക്കൾ, ദേശാധിപതികൾ, സൈന്യാധിപർ, കുതിരച്ചേവകർ, ഉന്നതസ്ഥാനീയർ, കുതിരസവാരിക്കാർ ഇങ്ങനെയുള്ള എല്ലാവരെയുംതന്നെ. 24അവർ ആയുധങ്ങളും ▼
▼ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
രഥങ്ങളും പല്ലക്കുകളും പടക്കൂട്ടവുമായി നിന്റെനേരേ വരും. പരിചയും ചെറുപരിചയും ശിരോകവചവും ധരിച്ച് എല്ലാവശത്തുനിന്നും അവർ നിനക്കെതിരേ അണിനിരക്കും. ഞാൻ നിനക്കുള്ള ന്യായവിധി അവരെ ഏൽപ്പിക്കും; അവർ തങ്ങളുടെ ന്യായമനുസരിച്ച് നിന്നെ ന്യായംവിധിക്കും. 25ഞാൻ നിനക്കുനേരേ എന്റെ തീക്ഷ്ണത ജ്വലിപ്പിക്കും, അവർ ക്രോധത്തോടെ നിന്നോട് ഇടപെടും, അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും, നിന്നിൽ അവശേഷിക്കുന്നവർ വാളിനാൽ വീഴും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവർ പിടിച്ചുകൊണ്ടുപോകും. ഇവയെല്ലാം അതിജീവിച്ചവർ തീയാൽ ദഹിപ്പിക്കപ്പെടും. 26അവർ നിന്റെ വസ്ത്രം നീക്കി നിന്നെ നഗ്നയാക്കി നിന്റെ രമണീയമായ ആഭരണങ്ങൾ എടുത്തുകൊണ്ടുപോകും. 27അങ്ങനെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വിഷയലമ്പടത്തവും വേശ്യാവൃത്തിയും ഞാൻ നിർത്തലാക്കും. നീ മേലാൽ കണ്ണുയർത്തി അവരെ നോക്കുകയോ ഈജിപ്റ്റിനെ ഓർക്കുകയോ ചെയ്യുകയില്ല. 28“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പകയ്ക്കുന്നവരും നിനക്കു വെറുപ്പ് ഉണ്ടാക്കുന്നവരുമായവരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും. 29അവർ നിന്ദയോടെ നിന്നോടു ഇടപെട്ടു നിന്റെ സമ്പത്തൊക്കെയും അപഹരിക്കും. അവർ നിന്നെ പരിപൂർണ നഗ്നയാക്കി ഉപേക്ഷിക്കും. നിന്റെ വേശ്യാവൃത്തിയുടെ അപമാനവും നിന്റെ വിഷയലമ്പടത്തവും വഷളത്തവും വെളിപ്പെട്ടുവരും. 30നീ ജനതകളോടൊത്ത് പരസംഗം ചെയ്യുകയാലും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനമാക്കുകയും ചെയ്തതിനാലും ഇതെല്ലാം നീ തന്നെ നിന്റെമേൽ വരുത്തും. 31നിന്റെ സഹോദരിയുടെ വഴിയിൽ നീ നടന്നതുമൂലം അവളുടെ പാനപാത്രം ഞാൻ നിന്റെ കൈയിൽ തരും.
32“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിന്റെ സഹോദരിയുടെ പാത്രത്തിൽനിന്ന് നീ കുടിക്കും,
ആഴവും വിസ്താരവുമുള്ള പാനപാത്രത്തിൽനിന്നുതന്നെ;
നീ പരിഹാസത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും,
കാരണം അതിൽ വളരെ കൊള്ളുമല്ലോ.
33നീ ലഹരിയും ദുഃഖവും നിറഞ്ഞവളായിത്തീരും,
വിനാശത്തിന്റെയും ഏകാന്തതയുടെയും പാത്രം,
നിന്റെ സഹോദരി ശമര്യയുടെ പാനപാത്രംതന്നെ.
34നീ അതു കുടിച്ചു വറ്റിക്കും;
അതിന്റെ ഉടഞ്ഞ കഷണങ്ങളെ നീ നക്കും;
അങ്ങനെ നീ നിന്റെ സ്തനങ്ങൾ ചീന്തിക്കളയും.
ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
35“അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്ന് നിന്റെ പിന്നിൽ എറിഞ്ഞുകളകയാൽ നിന്റെ വിഷയലമ്പടത്തദുഷ്ടതയുടെയും വേശ്യാവൃത്തിയുടെയും ശിക്ഷ നീ ഇപ്പോൾ ഏറ്റുകൊള്ളുക.”
36പിന്നെയും യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഒഹൊലയെയും ഒഹൊലീബായെയും നീ ന്യായംവിധിക്കുമോ? എങ്കിൽ അവരുടെ മ്ലേച്ഛതകൾ അവരെ അറിയിക്കുക. 37അവർ വ്യഭിചാരംചെയ്തു; അവരുടെ കൈകളിൽ രക്തമുണ്ട്. അങ്ങനെ അവർ തങ്ങളുടെ വിഗ്രഹങ്ങളോടു വ്യഭിചാരംചെയ്തു; അവർ എനിക്കു പ്രസവിച്ച തങ്ങളുടെ മക്കളെത്തന്നെയും അവയ്ക്കു ഭോജനബലിയായി അർപ്പിച്ചു. 38ഇതുംകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കുകയും എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും ചെയ്തു. 39അവർ തങ്ങളുടെ വിഗ്രഹങ്ങൾക്കായി സ്വന്തം മക്കളെ ബലിയർപ്പിച്ച ആ ദിവസംതന്നെ എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് അതിനെ അശുദ്ധമാക്കി. ഈ കാര്യം എന്റെ ആലയത്തിനുള്ളിൽത്തന്നെ അവർ ചെയ്തിരിക്കുന്നു.
40“മാത്രവുമല്ല, ദൂരത്തുള്ള ആളുകളെ വരുത്താൻ അവർ സന്ദേശവാഹകരെ അയച്ചു; അവർ വന്നപ്പോൾ നീ കുളിച്ചു കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞു സ്വയം മോടിവരുത്തി. 41നീ മനോഹരമായ ഒരു കട്ടിലിന്മേൽ ഇരുന്ന് മുമ്പിൽ ഒരു മേശയിട്ട് അതിന്മേൽ എന്റെ ധൂപവർഗവും ഒലിവെണ്ണയും വെച്ചു.
42“ഉല്ലാസഭരിതരായ ജനക്കൂട്ടത്തിന്റെ ഘോഷം അവളോടൊപ്പമുണ്ടായിരുന്നു. സാധാരണക്കാരായ ആളുകളോടൊപ്പം മരുഭൂമിയിൽനിന്ന് മദ്യപന്മാരെയും കോലാഹലക്കാരെയും വരുത്തി. അവർ അവളുടെയും അവളുടെ സഹോദരിയുടെയും കൈകളിൽ വളയിടുകയും തലയിൽ മനോഹരമായ കിരീടങ്ങൾ വെക്കുകയും ചെയ്തു. 43അപ്പോൾ വ്യഭിചാരംകൊണ്ട് അവശയായവളെക്കുറിച്ചു ഞാൻ: ‘ഇപ്പോൾ അവർ അവളോടും അവൾ അവരോടും വേശ്യാവൃത്തി നടത്തുമോ?’ എന്നു ചോദിച്ചു. 44എന്നിട്ടും അവർ അവളെ പ്രാപിച്ചു. പുരുഷന്മാർ ഒരു വേശ്യയുമായി വേഴ്ചയിലേർപ്പെടുന്നതുപോലെ അവർ വിഷയലമ്പടകളായ ഒഹൊലയുമായും ഒഹൊലീബായുമായും വേഴ്ചനടത്തി. 45എന്നാൽ നീതിനിഷ്ഠരായ ന്യായാധിപർ വ്യഭിചാരിണികൾക്കും രക്തം ചൊരിയുന്ന സ്ത്രീകൾക്കുമുള്ള ന്യായപ്രകാരം അവരെ ന്യായംവിധിക്കും; കാരണം അവർ വ്യഭിചാരിണികളല്ലോ; അവരുടെ കൈകളിൽ രക്തവുമുണ്ട്.
46“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർക്കെതിരേ ഒരു ജനസമൂഹത്തെ വരുത്തി അവരെ ഭീതിക്കും കൊള്ളയ്ക്കും ഇരയാക്കുക. 47ആ ജനസമൂഹം അവരെ കല്ലെറികയും വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊല്ലുകയും അവരുടെ വീടുകൾ തീവെച്ചു ചുട്ടുകളകയും ചെയ്യും.
48“അപ്പോൾ ഞാൻ ദേശത്തുനിന്ന് വിഷയലമ്പടത്തത്തെ നീക്കിക്കളയും; സകലസ്ത്രീകളും ഇതിലൂടെ ഒരു പാഠം പഠിക്കുകയും നികൃഷ്ടമായ ജീവിതത്തിൽനിന്ന് പിന്തിരിയുകയും ചെയ്യും. 49അങ്ങനെ നിങ്ങൾ നിങ്ങളുടെ വിഷയലമ്പടത്തത്തിനു ശിക്ഷ സഹിക്കേണ്ടിവരും. നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ശിക്ഷ നിങ്ങൾ അനുഭവിക്കും; അങ്ങനെ ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.”
Copyright information for
MalMCV