‏ Ezekiel 19

ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഒരു വിലാപഗാനം

1“നീ ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഇപ്രകാരം ഒരു വിലാപഗാനം ആലപിക്കുക:

2“ ‘സിംഹങ്ങളുടെ മധ്യത്തിൽ എന്തൊരു സിംഹിയായിരുന്നു
നിന്റെ മാതാവ് ആരായിരുന്നു!
അവൾ സിംഹക്കുട്ടികളുടെ ഇടയിൽക്കിടന്ന്,
അവളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവന്നു.
3തന്റെ കുട്ടികളിൽ ഒന്നിനെ അവൾ വളർത്തിക്കൊണ്ടുവന്നു;
അവൻ ഒരു ശക്തനായ സിംഹമായിത്തീർന്നു.
ഇരകളെ കടിച്ചുചീന്തുന്നതിന് അവൻ ശീലിച്ചു.
മനുഷ്യരെ അവൻ വിഴുങ്ങിക്കളഞ്ഞു.
4രാഷ്ട്രങ്ങൾ അവനെപ്പറ്റി കേട്ടു,
അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു.
അവർ അവനെ ചങ്ങലയ്ക്കിട്ട്
ഈജിപ്റ്റുദേശത്തു കൊണ്ടുവന്നു.

5“ ‘അവൾ തന്റെ ആഗ്രഹത്തിനു
ഭംഗം സംഭവിച്ചതുകണ്ട്
തന്റെ സിംഹക്കുട്ടികളിൽ മറ്റൊന്നിനെ വളർത്തി
ശക്തനായ ഒരു സിംഹമാക്കിമാറ്റി.
6അവൻ സിംഹങ്ങൾക്കിടയിൽ സഞ്ചരിച്ച്,
ഇപ്പോൾ ശക്തനായ ഒരു സിംഹമായിത്തീർന്നു.
ഇരയെ കടിച്ചുചീന്തുവാൻ അവൻ ശീലിച്ചു;
അവനും മനുഷ്യരെ വിഴുങ്ങിക്കളഞ്ഞു.
7അവരുടെ ബലമേറിയ ശക്തികേന്ദ്രങ്ങൾ അവൻ തകർത്തു;
അവരുടെ നഗരങ്ങളെ അവൻ ശൂന്യമാക്കി.
അവന്റെ ഗർജനം കേട്ട്
ദേശവും അതിലെ സകലനിവാസികളും നടുങ്ങി.
8രാഷ്ട്രങ്ങൾ തങ്ങളുടെ പ്രവിശ്യകളിലുള്ള
എല്ലാ ദിക്കുകളിൽനിന്നും അവന്റെനേരേ ആക്രമിച്ചു.
അവർ അവനായി വല വിരിച്ചു;
അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു.
9അവർ അവനെ ചങ്ങലയിട്ട് ഒരു കൂട്ടിലാക്കി;
അവനെ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
ഇസ്രായേൽ പർവതങ്ങളിൽ
അവന്റെ ഗർജനം ഇനി കേൾക്കാതിരിക്കേണ്ടതിന്
അവർ അവനെ കാരാഗൃഹത്തിൽ അടച്ചു.

10“ ‘നിന്റെ അമ്മ നിന്റെ മുന്തിരിത്തോപ്പിൽ
വെള്ളങ്ങൾക്കരികെ നട്ട ഒരു മുന്തിരിവള്ളിപോലെ ആയിരുന്നു;
ജലസമൃദ്ധിനിമിത്തം അത് ഫലഭൂയിഷ്ഠവും
ശാഖകൾ നിറഞ്ഞതും ആയിരുന്നു.
11രാജാക്കന്മാർക്കു ചെങ്കോൽ നിർമിക്കാൻ പറ്റിയ
കടുപ്പമുള്ള ശാഖകൾ അതിന് ഉണ്ടായിരുന്നു.
തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ
അത് ഉയർന്നുനിന്നിരുന്നു.
അതിന്റെ ഉയരംകൊണ്ടും അനവധി ശാഖകൾകൊണ്ടും
അതു സുവ്യക്തമായി കാണാമായിരുന്നു.
12എന്നാൽ കോപത്തോടെ അതിനെ പിഴുതെടുത്തു;
അതിനെ നിലത്തു തള്ളിയിട്ടു;
കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു,
അതിലെ കായ്കൾ ഉതിർന്നുപോയി.
അതിന്റെ ബലമേറിയ കൊമ്പുകൾ ഉണങ്ങിപ്പോയി,
അഗ്നി അതിനെ ദഹിപ്പിച്ചുകളഞ്ഞു.
13ഇപ്പോൾ അതിനെ മരുഭൂമിയിൽ,
ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
14പ്രധാന ശാഖയിൽനിന്ന് അഗ്നി പടർന്ന്
അതിന്റെ ഫലങ്ങൾ ചുട്ടെരിക്കപ്പെട്ടു.
അധിപതിയുടെ ഒരു ചെങ്കോലിന് ഉപയുക്തമായ
ഒരു ശാഖയും അതിൽ അവശേഷിച്ചില്ല.’
ഇത് ഒരു വിലാപം; ഒരു വിലാപഗീതമായി ഉപയോഗിക്കപ്പെടേണ്ടതുമാണ്.”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.