‏ Exodus 31

ബെസലേലും ഒഹൊലീയാബും

1യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: 2“ഇതാ, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ ഞാൻ പേരുചൊല്ലി വിളിച്ചിരിക്കുന്നു. 3ഞാൻ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു. 4സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും 5രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു. 6മാത്രമല്ല, ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനെ ഞാൻ അവനു സഹായിയായി നിയമിച്ചിരിക്കുന്നു.

“ഞാൻ നിന്നോടു കൽപ്പിച്ച എല്ലാ പണികളും ചെയ്യുന്നതിന് എല്ലാ വിദഗ്ദ്ധന്മാരുടെ ഹൃദയങ്ങളിലും ഞാൻ പ്രത്യേക കഴിവ് നൽകിയിരിക്കുന്നു.

7“സമാഗമകൂടാരവും
ഉടമ്പടിയുടെ പേടകവും അതിന്മേലുള്ള പാപനിവാരണസ്ഥാനവും
കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും
8മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും
തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും
ധൂപപീഠവും
9ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും
വെങ്കലത്തൊട്ടിയും അതിന്റെ കാലും
10നെയ്തെടുത്ത വിശേഷവസ്ത്രങ്ങളും
പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും
പൗരോഹിത്യശുശ്രൂഷയ്ക്കു വരുന്ന അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും
11അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗവും.

“ഞാൻ നിന്നോടു കൽപ്പിച്ചതുപോലെ അവർ ഉണ്ടാക്കണം.”

ശബ്ബത്ത്

12യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: 13“നീ ഇസ്രായേൽമക്കളോട് ഇപ്രകാരം പറയണം. ‘നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്, ഇതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മധ്യേയുള്ള ഒരു ചിഹ്നം ആയിരിക്കണം.

14“ ‘നിങ്ങൾ ശബ്ബത്ത് ആചരിക്കണം; അതു നിങ്ങൾക്കു വിശുദ്ധമാണ്. ശബ്ബത്തിനെ അശുദ്ധമാക്കുന്നവർ മരണശിക്ഷ അനുഭവിക്കണം. ആ ദിവസത്തിൽ ഏതെങ്കിലും വേലചെയ്യുന്നവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. 15ആറുദിവസം വേലചെയ്യണം; എന്നാൽ ഏഴാംദിവസം സ്വസ്ഥതയുടെ ശബ്ബത്ത്, അതു യഹോവയ്ക്കു വിശുദ്ധം. ശബ്ബത്തുനാളിൽ വേലചെയ്യുന്നവർ മരണശിക്ഷ അനുഭവിക്കണം. 16അതുകൊണ്ട് ഇസ്രായേൽമക്കൾ നിത്യനിയമമായി ശബ്ബത്തിനെ തലമുറതലമുറയായി ആചരിക്കണം. 17അത് എനിക്കും ഇസ്രായേൽമക്കൾക്കും മധ്യേ എന്നേക്കുമുള്ള ഒരു ചിഹ്നം ആകുന്നു; ആറുദിവസംകൊണ്ട് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; ഏഴാംദിവസം യഹോവ സ്വസ്ഥനായി വിശ്രമിച്ചു.’ ”

18അവിടന്ന് സീനായിപർവതത്തിൽവെച്ചു മോശയോട് അരുളിച്ചെയ്തശേഷം, ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായ ഉടമ്പടിയുടെ പലക രണ്ടും അദ്ദേഹത്തിനു കൊടുത്തു.

Copyright information for MalMCV