‏ Exodus 38

ഹോമയാഗപീഠം

1ബെസലേൽ, ഖദിരമരംകൊണ്ടു മൂന്നുമുഴം
ഏക. 1.4 മീ.
ഉയരമുള്ള ഒരു ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയുമുള്ള
ഏക. 2.3 മീ.
സമചതുരമായിരുന്നു.
2അവർ അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയിരുന്നു. അതു വെങ്കലംകൊണ്ട് പൊതിഞ്ഞു. 3അതിന്റെ ഉപകരണങ്ങളൊക്കെയും—കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കി. 4അവർ യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പ ഉണ്ടാക്കി; അതു യാഗപീഠത്തിന്റെ ചുറ്റുപടിക്കുതാഴേ അതിന്റെ പകുതിവരെ എത്തി. 5വെങ്കലയരിപ്പയുടെ നാലു കോണുകളുടെയും അറ്റത്തു തണ്ടുചെലുത്താൻ വെങ്കലവളയം വാർത്തുണ്ടാക്കി. 6അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അവ വെങ്കലംകൊണ്ടു പൊതിഞ്ഞു. 7യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ അവർ തണ്ടുകൾ ഉറപ്പിച്ചു; അവർ യാഗപീഠം പലകകൾകൊണ്ടു പൊള്ളയായി ഉണ്ടാക്കി.

കഴുകുന്നതിനുള്ള തൊട്ടി

8സമാഗമകൂടാരവാതിൽക്കൽ ശുശ്രൂഷ ചെയ്തുപോന്ന സ്ത്രീകളുടെ ദർപ്പണങ്ങൾ
അതായത്, കണ്ണാടികൾ
ഉപയോഗിച്ച്, അവർ വെങ്കലത്തൊട്ടിയും അതിന്റെ വെങ്കലക്കാലും ഉണ്ടാക്കി.

അങ്കണം

9പിന്നീട്, അവർ സമാഗമകൂടാരാങ്കണം ഉണ്ടാക്കി. തെക്കുവശത്തു നൂറുമുഴം
ഏക. 45 മീ.
നീളം ഉണ്ടായിരുന്നു. അവിടെ പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയ മറശ്ശീല തൂക്കിയിരുന്നു.
10അതിന്, ഇരുപതു തൂണും അവയ്ക്ക് ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു. 11വടക്കേവശത്തിനും നൂറുമുഴം നീളം ഉണ്ടായിരുന്നു. അതിന് ഇരുപതു തൂണും ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.

12പടിഞ്ഞാറുവശത്തിന് അൻപതുമുഴം
ഏക. 23 മീ.
വീതി ഉണ്ടായിരുന്നു. അവിടെയും മറശ്ശീല തൂക്കിയിരുന്നു. അതിനു, പത്തു തൂണുകളും പത്തു ചുവടുകളും തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.
13കിഴക്കു സൂര്യോദയഭാഗത്തിനും അൻപതുമുഴം വീതി ഉണ്ടായിരുന്നു. 14പ്രവേശനത്തിന്റെ ഒരുവശത്തു പതിനഞ്ചുമുഴം
ഏക. 6.8 മീ.
നീളമുള്ള മറശ്ശീലയും അവയ്ക്കു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു.
15സമാഗമകൂടാരാങ്കണത്തിന്റെ പ്രവേശനത്തിന്റെ മറ്റേഭാഗത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും, അതിനു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു. 16അങ്കണത്തിന്റെ ചുറ്റും തൂക്കിയിരുന്ന മറശ്ശീല പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയതായിരുന്നു. 17തൂണുകളുടെ ചുവടുകൾ വെങ്കലംകൊണ്ടും കൊളുത്തുകളും മേൽച്ചുറ്റുപടികളും വെള്ളികൊണ്ടും ഉണ്ടാക്കിയിരുന്നു, തൂണുകളുടെ ചുവടുകൾ വെള്ളിപൊതിഞ്ഞവ ആയിരുന്നു. അങ്കണത്തിലെ തൂണുകൾക്കെല്ലാം വെള്ളികൊണ്ടുള്ള മേൽച്ചുറ്റുപടിയും ഉണ്ടായിരുന്നു.

18സമാഗമകൂടാരാങ്കണത്തിന്റെ കവാടത്തിന് മറശ്ശീല നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണി ചെയ്ത്, ഉണ്ടാക്കിയതായിരുന്നു. അതിന് ഇരുപതുമുഴം
ഏക. 9 മീ.
നീളവും, അങ്കണത്തിന്റെ മറശ്ശീലയുടെ വീതിക്കുസമമായി അഞ്ചുമുഴം
ഏക. 2.3 മീ.
ഉയരവും ഉണ്ടായിരുന്നു.
19അതിനു നാലുതൂണും, നാലു വെങ്കലച്ചുവടുകളും ഉണ്ടായിരുന്നു. അതിന്റെ കൊളുത്തും മേൽച്ചുറ്റുപടിയും വെള്ളികൊണ്ടുണ്ടാക്കിയതും അതിന്റെ ചുവടുകൾ വെള്ളിപൊതിഞ്ഞതും ആയിരുന്നു. 20സമാഗമകൂടാരത്തിനും കൂടാരാങ്കണത്തിനും ചുറ്റുമുള്ള കുറ്റികൾ എല്ലാം വെങ്കലംകൊണ്ടുള്ളവ ആയിരുന്നു.

ഉപയോഗിച്ച സാധനസാമഗ്രികൾ

21മോശയുടെ കൽപ്പനയാൽ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശപ്രകാരം ലേവ്യർ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്, ഉടമ്പടിയുടെ കൂടാരം എന്ന സമാഗമകൂടാരത്തിന് ഉപയോഗിച്ച സാധനസാമഗ്രികളുടെ ചെലവ്: 22യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതെല്ലാം ചെയ്യുകയുണ്ടായി. 23ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനും കൊത്തുപണിക്കാരനും ശില്പവിദഗ്ദ്ധനും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിചെയ്യുന്നവനുമായ ഒഹൊലീയാബ് അവനോടുകൂടെ ഉണ്ടായിരുന്നു. 24വിശുദ്ധമന്ദിരത്തിന്റെ സകലപണികൾക്കുമായി വിശിഷ്ടയാഗാർപ്പണമായി ലഭിച്ചത്, വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ 29 താലന്ത് 730 ശേക്കേൽ സ്വർണം
തൂക്കം ഒരു ടൺ തങ്കത്തിലും കൂടുതലായിരുന്നു.
ആയിരുന്നു.

25ജനസംഖ്യയെടുപ്പിൽ എണ്ണപ്പെട്ടിരുന്നവരിൽനിന്നു ലഭിച്ചത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 100 താലന്ത്,
ഏക. 3.5 ടൺ.
1,775 ശേക്കേൽ വെള്ളി
ഏക. 20 കി.ഗ്രാം.
ആയിരുന്നു.
26ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരായി ജനസംഖ്യയെടുപ്പിൽ ഉൾപ്പെട്ട 6,03,550 പേരിൽ ഓരോരുത്തനും ഓരോ ബെക്കാ
ഏക. 5.7 ഗ്രാം.
വീതം കൊടുക്കണമായിരുന്നു. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അത് അരശേക്കേൽ ആയിരുന്നു.
27വിശുദ്ധമന്ദിരത്തിന്റെ 100 ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്, ഒരു ചുവടിന് ഒരു താലന്തുവീതം 100 ചുവടിനു 100 താലന്തു വെള്ളി ചെലവായി. 28തൂണുകൾക്കു കൊളുത്ത്, മേൽച്ചുറ്റുപടി ഇവ ഉണ്ടാക്കുന്നതിനും കുമിഴ് പൊതിയുന്നതിനും 1,775 ശേക്കേൽ വെള്ളി ഉപയോഗിച്ചു.

29വിശിഷ്ടയാഗാർപ്പണമായി ലഭിച്ച വെങ്കലം 70 താലന്ത് 2,400 ശേക്കേൽ
ഏക. 2.5 ടൺ.
ആയിരുന്നു.
30സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള ചുവടുകളും വെങ്കലയാഗപീഠവും അതിന്റെ വെങ്കലജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും 31സമാഗമകൂടാരാങ്കണത്തിന്റെ ചുറ്റുമുള്ള ചുവടുകളും അതിന്റെ കവാടത്തിനുള്ള ചുവടുകളും സമാഗമകൂടാരത്തിന്റെ കുറ്റികളും സമാഗമകൂടാരാങ്കണത്തിന്റെ കുറ്റികളും നിർമിക്കാൻ ആ വെങ്കലം ഉപയോഗിച്ചു.

Copyright information for MalMCV