Exodus 24
ഉടമ്പടി ഉറപ്പിക്കുന്നു
1ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാരിൽ എഴുപതുപേരും യഹോവയുടെ അടുത്തേക്കു കയറിവരിക. നിങ്ങൾ ദൂരെനിന്ന് ആരാധിക്കുക. 2എന്നാൽ മോശമാത്രം യഹോവയെ സമീപിക്കട്ടെ, മറ്റുള്ളവർ അടുത്തുവരാൻ പാടില്ല. ജനം മോശയോടുകൂടെ കയറിവരികയുമരുത്.”3മോശ ചെന്ന് യഹോവയുടെ വചനങ്ങളും നിയമങ്ങളും ജനത്തെ അറിയിച്ചു. “യഹോവ കൽപ്പിച്ചിട്ടുള്ളതെല്ലാം ഞങ്ങൾ ചെയ്യും,” എന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞു. 4പിന്നെ, യഹോവ അരുളിച്ചെയ്തതെല്ലാം മോശ എഴുതിവെച്ചു.
പിറ്റേന്ന് അതിരാവിലെ മോശ എഴുന്നേറ്റ് മലയുടെ അടിവാരത്ത് ഒരു യാഗപീഠം പണിയുകയും ഇസ്രായേൽ ഗോത്രങ്ങൾ പന്ത്രണ്ടിനെയും പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ടു കൽത്തൂണുകൾ സ്ഥാപിക്കുകയും ചെയ്തു. 5അതിനുശേഷം അദ്ദേഹം ചില ഇസ്രായേല്യയുവാക്കന്മാരെ അയച്ചു; അവർ ചെന്നു ഹോമയാഗങ്ങൾ അർപ്പിക്കുകയും യഹോവയ്ക്കു സമാധാനയാഗമായി കാളക്കിടാങ്ങളെ അർപ്പിക്കുകയും ചെയ്തു. 6മോശ രക്തത്തിൽ പകുതി പാത്രങ്ങളിൽ ആക്കി; മറ്റേപകുതി യാഗപീഠത്തിന്മേൽ തളിച്ചു. 7പിന്നെ അദ്ദേഹം ഉടമ്പടിയുടെ പുസ്തകം എടുത്തു ജനത്തെ വായിച്ചുകേൾപ്പിച്ചു. “ഞങ്ങൾ യഹോവയെ അനുസരിക്കും; അവിടന്നു കൽപ്പിച്ചിട്ടുള്ളതെല്ലാം ചെയ്യും,” എന്നു ജനം പറഞ്ഞു.
8മോശ രക്തം എടുത്തു ജനത്തിന്റെമേൽ തളിച്ചു. “ഈ വചനങ്ങൾ എല്ലാം അനുസരിച്ച് യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തം ഇതാകുന്നു,” എന്നു പറഞ്ഞു.
9ഇതിനുശേഷം മോശയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാർ എഴുപതുപേരും ചെന്ന് 10ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. അവിടത്തെ പാദങ്ങൾക്കുകീഴേ ഇന്ദ്രനീലം പതിച്ച തളംപോലെയോ സ്വച്ഛനീലാകാശംപോലെയോ എന്തോ ഉണ്ടായിരുന്നു. 11എന്നാൽ ഇസ്രായേലിന്റെ ഈ നായകന്മാർക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല. അവർ ദൈവത്തെ കണ്ട് ഭക്ഷണപാനീയങ്ങൾ കഴിച്ചു.
12യഹോവ മോശയോട്, “നീ പർവതത്തിൽ കയറിവന്ന് ഇവിടെ കാത്തിരിക്കുക; അവരുടെ പ്രബോധനത്തിനായി നിയമവും കൽപ്പനകളും എഴുതിയിട്ടുള്ള കൽപ്പലകകൾ ഞാൻ നിങ്ങളെ പഠിപ്പിക്കും” എന്ന് അരുളിച്ചെയ്തു.
13മോശ സഹായിയായ യോശുവയോടുകൂടെ പുറപ്പെട്ടു. മോശ ദൈവത്തിന്റെ പർവതത്തിലേക്കു കയറിച്ചെന്നു. 14ഗോത്രത്തലവന്മാരോട് അദ്ദേഹം, “ഞങ്ങൾ നിങ്ങളുടെ അടുക്കൽ തിരിച്ചെത്തുന്നതുവരെ ഞങ്ങൾക്കായി ഇവിടെ കാത്തിരിക്കുക. അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും ഒരു തർക്കമുണ്ടായാൽ അവരെ സമീപിക്കാവുന്നതാണ്” എന്നു പറഞ്ഞു.
15മോശ പർവതത്തിലേക്കു കയറിപ്പോയി. അപ്പോൾ ഒരു മേഘം പർവതത്തെ മൂടി. 16യഹോവയുടെ തേജസ്സ് സീനായിമലമേൽ ആവസിച്ചു. ആറുദിവസം മേഘം പർവതത്തെ മൂടിയിരുന്നു. ഏഴാംദിവസം യഹോവ മേഘത്തിനുള്ളിൽനിന്ന് മോശയെ വിളിച്ചു. 17യഹോവയുടെ തേജസ്സ് ഇസ്രായേല്യർക്ക് പർവതത്തിന്റെ മുകളിൽ കത്തിയെരിയുന്ന തീപോലെ കാണപ്പെട്ടു. 18മോശ പർവതത്തിന്റെ മുകളിലേക്കു ചെന്ന് മേഘത്തിനുള്ളിൽ പ്രവേശിച്ചു. മോശ നാൽപ്പതുപകലും നാൽപ്പതുരാത്രിയും പർവതത്തിൽ ആയിരുന്നു.
Copyright information for
MalMCV