‏ Exodus 11

കടിഞ്ഞൂലുകളുടെ സംഹാരം

1യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഫറവോന്റെയും ഈജിപ്റ്റിന്റെയുംമേൽ ഒരു ബാധകൂടി വരുത്തും. അതിനുശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ സകലരെയും പുറത്താക്കും. 2പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തങ്ങളുടെ അയൽക്കാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും ആവശ്യപ്പെടണമെന്നു നീ ജനത്തോടു പറയണം.” 3യഹോവ ഈജിപ്റ്റുകാർക്ക് ഇസ്രായേൽജനത്തോടു കരുണതോന്നിപ്പിച്ചു. മോശ ഈജിപ്റ്റിൽ, ഫറവോന്റെ ഉദ്യോഗസ്ഥന്മാർക്കും ഈജിപ്റ്റിലെ ജനതയ്ക്കും സമാരാധ്യനായിരുന്നു.

4മോശ ഇങ്ങനെ പ്രസ്താവിച്ചു, “യഹോവ അരുളിച്ചെയ്യുന്നതെന്തെന്നാൽ: ‘അർധരാത്രിയോടടുത്ത് ഞാൻ ഈജിപ്റ്റിന്റെ മധ്യേ സഞ്ചരിക്കും. 5സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിനരികെ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെ ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരും മൃഗങ്ങളുടെ സകലകടിഞ്ഞൂലുകളും ചത്തുപോകും. 6മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ വലിയ വിലാപം ഈജിപ്റ്റിൽ എല്ലായിടത്തും ഉണ്ടാകും. 7എന്നാൽ ഇസ്രായേല്യരുടെ ഏതെങ്കിലും മനുഷ്യന്റെയോ മൃഗത്തിന്റെയോ നേർക്ക് ഒരു നായ് പോലും കുരയ്ക്കുകയില്ല.’ യഹോവ ഈജിപ്റ്റിനും ഇസ്രായേലിനും മധ്യേ ഒരു വ്യത്യാസം വെച്ചിരിക്കുന്നെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും. 8താങ്കളുടെ ഉദ്യോഗസ്ഥന്മാരായ ഇവർ എല്ലാവരും എന്റെ അടുക്കൽവന്ന് എന്റെമുമ്പാകെ വണങ്ങിക്കൊണ്ട് എന്നോട്, ‘താങ്കളും താങ്കളെ അനുഗമിക്കുന്ന സകലരുംകൂടി പോകുക!’ എന്നു പറയും. അപ്പോൾ ഞാൻ വിട്ടുപോകും.” ഇതിനുശേഷം മോശ കോപംകൊണ്ടു ജ്വലിച്ച്, ഫറവോന്റെ അടുക്കൽനിന്ന് പുറപ്പെട്ടു.

9യഹോവ മോശയോട്, “ഫറവോൻ നിന്റെ വാക്കു നിരസിച്ചുകളയും; അങ്ങനെ ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർധിക്കാൻ ഇടയാകുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. 10മോശയും അഹരോനും ഫറവോന്റെ മുമ്പാകെ ഈ അത്ഭുതങ്ങളെല്ലാം ചെയ്തെങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി. അയാൾ തന്റെ നാട്ടിൽനിന്ന് ഇസ്രായേൽജനതയെ വിട്ടയച്ചതുമില്ല.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.