Esther 2
എസ്ഥേരിനെ രാജ്ഞിയാക്കുന്നു
1പിന്നീട്, അഹശ്വേരോശ് രാജാവിന്റെ കോപം ശമിച്ചപ്പോൾ വസ്ഥിയെയും അവളുടെ പ്രവൃത്തിയെയും തന്റെ ഉത്തരവുകളെയുംപറ്റി അദ്ദേഹം ഓർത്തു. 2അപ്പോൾ രാജാവിന്റെ സ്വകാര്യസേവകർ, “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ” എന്ന് നിർദേശിച്ചു. 3അദ്ദേഹം തുടർന്നു, “ശൂശൻ രാജധാനിയിലെ അന്തഃപുരത്തിലേക്കു സുന്ദരികളായ കന്യകമാരെ കൊണ്ടുവരാൻ രാജാവ് തന്റെ എല്ലാ പ്രവിശ്യകളിലും അധികാരികളെ നിയമിക്കട്ടെ. അവർ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ സംരക്ഷണയിൽ കഴിയട്ടെ; അവിടെ അവർക്കു സൗന്ദര്യവർധിതശുശ്രൂഷയും നൽകട്ടെ. 4അതിനുശേഷം രാജാവിനെ പ്രസാദിപ്പിക്കുന്ന യുവതി, വസ്ഥിക്കു പകരം രാജ്ഞിയാകട്ടെ.” ഈ ഉപദേശം രാജാവിനു ബോധിച്ചു; അദ്ദേഹം അങ്ങനെ ചെയ്തു.5ആ സമയത്തു ശൂശൻ രാജധാനിയിൽ മൊർദെഖായി എന്ന ഒരു യെഹൂദനുണ്ടായിരുന്നു. ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു അദ്ദേഹം. 6ബാബേൽരാജാവായ നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് യെഖൊന്യാവ് ▼
▼യെഹോയാഖീൻ, യെഖൊന്യാവ് എന്നതിന്റെ മറ്റൊരുരൂപം.
എന്ന യെഹൂദാരാജാവിനോടൊപ്പം പ്രവാസികളാക്കിക്കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. 7മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു. 8രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി. 9അവളെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു; ഇവളോ, അയാളുടെ പ്രീതി പിടിച്ചുപറ്റി. ഉടൻതന്നെ അയാൾ അവൾക്ക് സൗന്ദര്യവർധിതശുശ്രൂഷയ്ക്കു വേണ്ടുന്ന പ്രത്യേക ഭക്ഷണവിഹിതവും രാജകൊട്ടാരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ദാസിമാരെയും നൽകി. അവർക്കു താമസിക്കുന്നതിന് അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടവും നൽകി.
10മൊർദെഖായി വിലക്കിയിരുന്നതിനാൽ എസ്ഥേർ തന്റെ പൗരത്വവും പാരമ്പര്യവും വെളിപ്പെടുത്തിയില്ല. 11എല്ലാ ദിവസവും അദ്ദേഹം അന്തഃപുരാങ്കണത്തിൽ നടന്നുകൊണ്ട് എസ്ഥേർ എങ്ങനെ കഴിയുന്നെന്നും അവൾക്ക് എന്ത് സംഭവിക്കുന്നെന്നും അന്വേഷിച്ചിരുന്നു.
12അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ ഒരു യുവതി ആനീതയാകുന്നതിനു മുമ്പായി അവൾ ആറുമാസം മീറത്തൈലവും ▼
▼അതായത്, നറുമ്പശ
ശേഷമുള്ള ആറുമാസം സുഗന്ധവർഗവും മറ്റു സൗന്ദര്യവർധകവസ്തുക്കളുംകൊണ്ട് സ്ത്രീകൾക്കു നിശ്ചയിച്ചിട്ടുള്ള പന്ത്രണ്ടു മാസത്തെ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ പൂർത്തീകരിക്കപ്പെടണമായിരുന്നു. 13രാജാവിന്റെ മുമ്പിൽ ചെല്ലാൻ ഓരോരുത്തർക്കും അവസരം വരുമ്പോൾ, ഓരോ യുവതിയും രാജസന്നിധിയിൽ ഇപ്രകാരമായിരിക്കും പോകുന്നത്: അന്തഃപുരത്തിൽനിന്ന് രാജകൊട്ടാരത്തിലേക്ക് ഏതൊരു സാധനവും കൊണ്ടുപോകാൻ ഹേഗായി അവളെ അനുവദിച്ചിരുന്നു. 14വൈകുന്നേരം അവൾ ചെല്ലുകയും രാവിലെ രണ്ടാമത്തെ അന്തഃപുരത്തിലേക്ക്, രാജാവിന്റെ ഷണ്ഡനും വെപ്പാട്ടികളുടെ പാലകനുമായ ശായാശ്ഗാസിന്റെ ചുമതലയിലുള്ള മറ്റൊരിടത്തേക്ക് മടങ്ങുകയും ചെയ്യും. രാജാവിന് അവളോട് ഇഷ്ടം തോന്നുകയും അവളെ പേർചൊല്ലി വിളിക്കുകയും ചെയ്താലല്ലാതെ പിന്നീട് അവൾ രാജസന്നിധിയിൽ എത്തിയിരുന്നില്ല. 15രാജസന്നിധിയിൽ ചെല്ലാൻ തന്റെ പിതൃസഹോദരനായ അബീഹയീലിന്റെ മകളും മൊർദെഖായി തനിക്കു മകളായും സ്വീകരിച്ച എസ്ഥേരിന്റെ അവസരം വന്നപ്പോൾ, രാജാവിന്റെ ഷണ്ഡനും അന്തഃപുരവിചാരകനുമായ ഹേഗായി നിർദേശിച്ചതല്ലാതെ മറ്റൊന്നുംതന്നെ അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേർ തന്നെ കണ്ടവരുടെയെല്ലാം പ്രീതി നേടിയിരുന്നു. 16അഹശ്വേരോശ് രാജാവിന്റെ ഭരണത്തിന്റെ ഏഴാംവർഷം, പത്താംമാസമായ തേബേത്ത് മാസത്തിൽ എസ്ഥേർ അദ്ദേഹത്തിന്റെമുമ്പിൽ ആനയിക്കപ്പെട്ടു.
17രാജാവ് മറ്റു സ്ത്രീകളെക്കാൾ അധികം എസ്ഥേരിൽ ആകൃഷ്ടനായി; മറ്റു കന്യകമാരെക്കാൾ അവൾ അദ്ദേഹത്തിന്റെ പ്രീതിയും അംഗീകാരവും സമ്പാദിച്ചു. അതിനാൽ അദ്ദേഹം അവളെ രാജകിരീടം അണിയിച്ച് വസ്ഥിക്കു പകരം രാജ്ഞിയാക്കി. 18രാജാവ് തന്റെ സകലപ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേരിന്റെപേരിൽ വിരുന്നു നൽകി. അദ്ദേഹം പ്രവിശ്യകളിലെല്ലാം അവധി നൽകുകയും, രാജാവിന്റെ ഔദാര്യമനുസരിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മൊർദെഖായി ഒരു ഗൂഢാലോചന കണ്ടുപിടിക്കുന്നു
19കന്യകമാർ രണ്ടാംതവണ ഒരുമിച്ചുകൂടിയപ്പോൾ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുകയായിരുന്നു. 20എന്നാൽ എസ്ഥേർ, ചെറുപ്പത്തിൽ മൊർദെഖായിയുടെ കൽപ്പനകൾ പിൻതുടർന്നതുപോലെ തുടർന്നും അനുസരിച്ചതുകൊണ്ട്, മൊർദെഖായിയുടെ നിർദേശാനുസരണം തന്റെ പൗരത്വവും പാരമ്പര്യവും രഹസ്യമാക്കി സൂക്ഷിച്ചിരുന്നു.21മൊർദെഖായി രാജകവാടത്തിൽ ഇരിക്കുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനും തേരേശും അദ്ദേഹത്തോടുള്ള കോപംനിമിത്തം അഹശ്വേരോശ് രാജാവിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി. 22മൊർദെഖായി ഈ കെണി മനസ്സിലാക്കിയിട്ട്, ആ വിവരം അദ്ദേഹം എസ്ഥേർരാജ്ഞിയെ അറിയിച്ചു. അവൾ അതു മൊർദെഖായിയുടെപേരിൽ രാജാവിനെ അറിയിക്കുകയും ചെയ്തു. 23ഈ വിവരം അന്വേഷിച്ച് സത്യമെന്ന് ബോധ്യപ്പെട്ടതിനാൽ ആ രണ്ട് ഉദ്യോഗസ്ഥന്മാരെയും കഴുമരത്തിൽ തൂക്കിക്കൊന്നു. ഈ വിവരങ്ങളെല്ലാം രാജാവിന്റെ സാന്നിധ്യത്തിൽത്തന്നെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതിച്ചേർത്തിരുന്നു.
Copyright information for
MalMCV