‏ Esther 3

യെഹൂദരെ നശിപ്പിക്കാൻ ഹാമാന്റെ ഗൂഢാലോചന

1ഈ സംഭവങ്ങൾക്കുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനെ മറ്റ് എല്ലാ പ്രഭുക്കന്മാരിൽനിന്നും ഉയർന്ന സ്ഥാനം നൽകി ആദരിച്ചു. 2രാജകവാടത്തിലുള്ള രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും രാജകൽപ്പനപ്രകാരം ഹാമാനെ വണങ്ങി നമസ്കരിച്ചുവന്നു. എന്നാൽ മൊർദെഖായി അദ്ദേഹത്തെ വണങ്ങുകയോ നമസ്കരിക്കുകയോ ചെയ്തില്ല.

3അപ്പോൾ രാജകവാടത്തിലുള്ള രാജാവിന്റെ ഉദ്യോഗസ്ഥന്മാർ മൊർദെഖായിയോട്, “നീ രാജകൽപ്പന അനുസരിക്കാത്തതെന്ത്?” എന്നു ചോദിച്ചു. 4ദിനംപ്രതി അവർ ഇതേപ്പറ്റി സംസാരിച്ചെങ്കിലും അദ്ദേഹം അപ്രകാരം ചെയ്യുന്നതിനു വിസമ്മതിച്ചു. അതിനാൽ മൊർദെഖായിയുടെ പ്രവൃത്തി അനുവദനീയമോ എന്ന് അവർ ഹാമാനോടു ചോദിച്ചു. കാരണം, താൻ ഒരു യെഹൂദനെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

5മൊർദെഖായി തന്നെ വണങ്ങുകയോ ആദരിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപാകുലനായി. 6എങ്കിലും മൊർദെഖായിയുടെ ജനം ഏതെന്ന് മനസ്സിലാക്കിയപ്പോൾ, മൊർദെഖായിയെമാത്രം കൊല്ലുന്നതിനെ അദ്ദേഹം പുച്ഛിച്ചു. പകരം, അഹശ്വേരോശ് രാജാവിന്റെ രാജ്യത്താകമാനമുള്ളവരും മൊർദെഖായിയുടെ ജനവുമായ എല്ലാ യെഹൂദരെയും വധിക്കുന്നതിനുള്ള മാർഗം ഹാമാൻ അന്വേഷിച്ചു.

7അഹശ്വേരോശ് രാജാവിന്റെ പന്ത്രണ്ടാംവർഷത്തിൽ ആദ്യമാസമായ നീസാൻമാസം ഒരു പ്രത്യേക മാസവും അതിലെ ഒരു ദിവസവും തെരഞ്ഞെടുക്കാൻ ഹാമാന്റെ സാന്നിധ്യത്തിൽ നറുക്കിട്ടു—പേർഷ്യൻ ഭാഷയിൽ ഇതിന് പൂര്, എന്നു വിളിക്കുന്നു—പന്ത്രണ്ടാംമാസമായ ആദാർമാസത്തിനു നറുക്കുവീണു
ചി.കൈ.പ്ര. നറുക്കുവീണു എന്ന വാക്കു കാണുന്നില്ല.
.

8അപ്പോൾ ഹാമാൻ അഹശ്വേരോശ് രാജാവിനോട്, “അങ്ങയുടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ജനങ്ങളുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ഒരു ജനതയുണ്ട്, അവർ മറ്റുള്ള എല്ലാവരിൽനിന്നും തങ്ങളെത്തന്നെ അകറ്റിനിർത്തുന്നവരാണ്. അവരുടെ നിയമങ്ങൾ മറ്റുള്ള എല്ലാ ജനങ്ങളുടേതിൽനിന്നു വിഭിന്നമാണ്. അവർ രാജകൽപ്പനകൾ പ്രമാണിക്കുന്നതുമില്ല; അവർക്ക് അഭയം കൊടുക്കുന്നത് രാജതാത്പര്യങ്ങൾക്കു നല്ലതുമല്ല. 9രാജാവിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാൻ ഒരു കൽപ്പന പുറപ്പെടുവിച്ചാലും. ഈ വ്യവഹാരം നടപ്പാക്കുന്ന മനുഷ്യർക്കുവേണ്ടി ഞാൻ പതിനായിരം താലന്ത്
ഏക. 375 ടൺ.
രാജഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനു ഭരണാധിപന്മാരെ ഏൽപ്പിക്കാം” എന്നു പറഞ്ഞു.

10അപ്പോൾ രാജാവ് തന്റെ മുദ്രമോതിരം വിരലിൽനിന്നൂരി യെഹൂദരുടെ ശത്രുവായ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനു കൊടുത്തു. 11രാജാവ് ഹാമാനോട്, “ആ ജനത്തോട് നിനക്ക് ഇഷ്ടമുള്ളതു ചെയ്യുക; ആ തുകയും നിന്റെ കൈയിലിരിക്കട്ടെ” എന്നു പറഞ്ഞു.

12പിന്നീട് ആദ്യമാസത്തിന്റെ പതിമ്മൂന്നാംദിവസം ഹാമാൻ എല്ലാ ലേഖകരെയും വിളിച്ചുവരുത്തി. അവർ രാജപ്രതിനിധികൾക്കും, വിവിധ പ്രവിശ്യകളിലെ ദേശാധിപതിമാർക്കും, ജനതകളുടെ പ്രഭുക്കന്മാർക്കും ഉള്ള ഹാമാന്റെ കൽപ്പന ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും എഴുതി. ഇവ അഹശ്വേരോശ് രാജാവിന്റെപേരിൽ എഴുതി മുദ്രമോതിരത്താൽ മുദ്ര ഇട്ടു. 13പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിതന്നെ സകല യെഹൂദരെയും—യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും—നശിപ്പിക്കാനും കൊല്ലുന്നതിനും അവരുടെ വസ്തുവകകൾ കൊള്ളയിടുന്നതിനും സന്ദേശവാഹകരുടെ കൈവശം രാജാവിന്റെ എല്ലാ പ്രവിശ്യകളിലേക്കും എഴുത്തുകൾ അയച്ചു. 14സകലജനവിഭാഗങ്ങളും അറിയേണ്ടതിനും ആ ദിവസത്തിനുവേണ്ടി ഒരുങ്ങേണ്ടതിനും കൽപ്പനയുടെ പകർപ്പ് എല്ലാ പ്രവിശ്യകളിലും ഒരു നിയമമായിത്തന്നെ പ്രസിദ്ധമാക്കി.

15രാജകൽപ്പന അനുസരിച്ച് സന്ദേശവാഹകർ അതിവേഗം പുറപ്പെട്ടു; കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധമാക്കി. രാജാവും ഹാമാനും മദ്യപിക്കാൻ ഇരുന്നു; എന്നാൽ ശൂശൻ പട്ടണം പരിഭ്രാന്തമായി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.