‏ Ecclesiastes 12

1യൗവനകാലത്തുതന്നെ
നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക,
ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്,
“ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല”
എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—
2സൂര്യനും വെളിച്ചവും
ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്,
മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ—
3അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും
ബലിഷ്ഠരായവർ കുനിയും
അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും
ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും;
4തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും
പൊടിക്കുന്ന ശബ്ദം അവ്യക്തമാകും;
പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും,
എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;
5മനുഷ്യർ ഉയരങ്ങളെ ഭയക്കും;
തെരുവോരങ്ങളിലെ അപകടങ്ങളെയും!
ബദാംവൃക്ഷം പൂക്കുമ്പോൾ
വിട്ടിൽ ഇഴഞ്ഞുനടക്കും.
അഭിലാഷങ്ങൾ ഉണരുകയില്ല.
നിന്റെ മുടി നരച്ച്, മരണാസന്നമായ ഒരു വിട്ടിൽ ശക്തിയറ്റ് ഇഴഞ്ഞുനടക്കുന്നതുപോലെ നീയും ഇഴഞ്ഞുനടക്കും എന്നു വിവക്ഷ.

അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും,
വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.

6അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ,
സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ;
ഉറവിങ്കലെ കുടം ഉടയുന്നതിനും
കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ,
7പൂഴി അതു വന്ന മണ്ണിലേക്കും
ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ.

8“അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു.
“ഓരോന്നും അർഥശൂന്യമാകുന്നു!”

സഭാപ്രസംഗിയുടെ ഉപസംഹാരചിന്ത

9സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു. 10സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു.

11ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്. 12എന്റെ കുഞ്ഞേ
മൂ.ഭാ. എന്റെ മകനേ
ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക.

പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു.

13ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ;
ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം:
ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക,
ഇതാകുന്നു എല്ലാവർക്കും കരണീയം.
14കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ,
നല്ലതോ തീയതോ ആയ ഓരോന്നിനെയും
ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.
Copyright information for MalMCV