‏ Ecclesiastes 7

ജ്ഞാനം

1സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം,
മരണദിനത്തെക്കാൾ ജന്മദിനവും.
2വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ
വിലാപഭവനത്തിൽ പോകുന്നതു നല്ലത്,
ഓരോ മനുഷ്യന്റെയും അവസാനം മരണമാണല്ലോ;
ജീവിച്ചിരിക്കുന്നവരെല്ലാം ഇതു ഹൃദയത്തിൽ കരുതിക്കൊള്ളണം.
3ചിരിയെക്കാൾ വ്യസനം നല്ലത്,
കാരണം വാടിയമുഖം ഹൃദയത്തിനു നല്ലതാണ്.
4ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും,
ഭോഷരുടെ ഹൃദയം ഉല്ലാസവീട്ടിലും ആകുന്നു.
5ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ
ജ്ഞാനിയുടെ ശകാരം ശ്രദ്ധിക്കുന്നത് നല്ലത്.
6കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ,
അങ്ങനെയാകുന്നു ഭോഷരുടെ ചിരി.
ഇതും അർഥശൂന്യം.

7കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു,
കൈക്കൂലി ഹൃദയത്തെ മലിനമാക്കുന്നു.

8ആരംഭത്തെക്കാൾ അവസാനം നല്ലത്,
നിഗളത്തെക്കാൾ സഹനം നല്ലത്.
9തിടുക്കത്തിൽ ദേഷ്യപ്പെടരുത്;
ഭോഷരുടെ മടിയിലാണ് കോപം വസിക്കുന്നത്.

10“പഴയകാലം ഇന്നത്തെക്കാൾ നല്ലതായിരുന്നതെന്തുകൊണ്ട്?” എന്നു പറയരുത്.
അത്തരം ചോദ്യങ്ങൾ ബുദ്ധിപൂർവമല്ല.

11ജ്ഞാനം ഒരു പൈതൃകസ്വത്തുപോലെതന്നെ നല്ലത്.
ജീവിച്ചിരിക്കുന്നവർക്കെല്ലാം അതു ഗുണകരംതന്നെ.
12ജ്ഞാനം ഒരു അഭയം;
പണം ഒരു അഭയമായിരിക്കുന്നതുപോലെതന്നെ,
എന്നാൽ ജ്ഞാനം അതിന്റെ ഉടമയെ സംരക്ഷിക്കുന്നു
ഇതാണ് ജ്ഞാനത്തിന്റെ സവിശേഷത.
13ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക:

അവിടന്ന് വളച്ചതിനെ
നേരേയാക്കാൻ ആർക്കു കഴിയും?
14ശുഭകാലത്ത് ആനന്ദിക്കുക;
അശുഭകാലം വരുമ്പോൾ ചിന്തിക്കുക:
ഒന്നിനെ സൃഷ്ടിച്ചതുപോലെ
ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു.
അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച്
ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല.
15എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു:

നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽ നശിക്കുന്നു,
ദുഷ്ടർ തങ്ങളുടെ ദുഷ്ടതയിൽ ദീർഘകാലം വസിക്കുന്നു.
16അതിനീതിനിഷ്ഠരാകരുത്,
അധികജ്ഞാനമുള്ളവരും ആകരുത്—
എന്തിന് സ്വയം നശിക്കണം?
17അതിദുഷ്ടരാകരുത്,
ഭോഷരുമാകരുത്—
നിന്റെ സമയമെത്തുന്നതിനുമുമ്പേ മരിക്കുന്നതെന്തിന്?
18ഒന്നിനെ പിടിക്കുക,
മറ്റൊന്നിനെ വിട്ടുകളയരുത്.
ദൈവത്തെ ഭയപ്പെടുന്ന മനുഷ്യൻ എല്ലാ തീവ്രഭാവങ്ങളും ഒഴിവാക്കുന്നു.

19ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ
ജ്ഞാനം ജ്ഞാനിയെ അധികം ശക്തനാക്കുന്നു.

20ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന
നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല.

21മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്,
അല്ലെങ്കിൽ നിന്റെ സേവകർ നിന്നെ ശപിക്കുന്നതു നീ കേൾക്കും.
22നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത്
നിന്റെ ഹൃദയത്തിൽ അറിയുന്നല്ലോ.
23ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു,

“ജ്ഞാനിയായിരിക്കാൻ ഞാൻ ഉറച്ചു”—
എന്നാൽ ഇതെനിക്ക് അതീതമായിരുന്നു;
24അതിവിദൂരവും അത്യഗാധവും ആയിരുന്നു—
അതു കണ്ടെത്താൻ ആർക്കു കഴിയും?
25അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ
ജ്ഞാനം അറിയുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും
അതോടൊപ്പം ദുഷ്ടതയുടെ ഭോഷത്തവും
മൂഢതയുടെ മതിഭ്രമവും മനസ്സിലാക്കുന്നതിനും തിരിച്ചുവിട്ടു.

26മരണത്തെക്കാൾ കയ്‌പായി ഞാൻ കണ്ട ഒന്നുണ്ട്;
കെണിയായിരിക്കുന്ന ഒരു സ്ത്രീയെത്തന്നെ,
അവളുടെ ഹൃദയം ഒരു കുരുക്കാണ്;
കൈകൾ ചങ്ങലയുമാണ്.
ദൈവത്തെ പ്രസാദിപ്പിക്കുന്ന പുരുഷൻ അവളിൽനിന്ന് രക്ഷപ്പെടുന്നു,
എന്നാൽ പാപിയെ അവൾ കെണിയിൽ വീഴ്ത്തും.
27“നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു:

ഞാൻ കണ്ടെത്തിയ വസ്തുതകൾ ഒന്നിനൊന്നോട് തുലനംചെയ്ത് വിലയിരുത്തി—
28“എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു,
എന്നാൽ ഞാൻ അന്വേഷിച്ചത് എനിക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല—
ആയിരംപേരിൽ നീതിനിഷ്ഠനായ ഒരേയൊരു പുരുഷനെയാണ് ഞാൻ കണ്ടെത്തിയത്,
എന്നാൽ അത്രയുംപേരിൽ അങ്ങനെ ഒരു സ്ത്രീപോലും ഇല്ലായിരുന്നു.
29ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി:
ദൈവം മനുഷ്യരെ നീതിബോധമുള്ളവരായി സൃഷ്ടിച്ചു,
എന്നാൽ മനുഷ്യർ അനേകം അധാർമികതന്ത്രങ്ങൾ തേടിപ്പോയി.”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.