Deuteronomy 8
യഹോവയെ മറക്കരുത്
1നിങ്ങൾ ജീവനോടെ വർധിക്കുന്നതിനും നിങ്ങളുടെ പിതാക്കന്മാർക്ക് ശപഥത്തോടുകൂടി യഹോവ വാഗ്ദാനംചെയ്ത ദേശത്ത് പ്രവേശിച്ച് അവകാശം സ്ഥാപിക്കുന്നതിനും ഞാൻ ഇന്നു നിങ്ങളോടു പറയുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കണം. 2നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ താഴ്മയുള്ളവരാക്കുന്നതിനും അവിടത്തെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ളത് അറിയാനും നിങ്ങളെ ഈ നാൽപ്പതുവർഷം മരുഭൂമിയിൽ നടത്തിയതെങ്ങനെയെല്ലാം എന്നു നിങ്ങൾ ഓർക്കണം. 3അവിടന്ന് നിങ്ങൾക്ക് താഴ്ചവരുത്തി വിശപ്പുള്ളവരാക്കിയിട്ട്; മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല, യഹോവയുടെ തിരുവായിൽനിന്ന് പുറപ്പെടുന്ന സകലവചനങ്ങളാലും ജീവിക്കുന്നു എന്നു നിങ്ങളെ അറിയിക്കേണ്ടതിനു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന നിങ്ങൾക്കു ഭക്ഷണമായി നൽകി. 4ഈ നാൽപ്പതുവർഷവും നിങ്ങൾ ധരിച്ച വസ്ത്രം ദ്രവിച്ചില്ല; നിങ്ങളുടെ കാലിനു വീക്കം ഉണ്ടായതുമില്ല. 5ഒരു മനുഷ്യൻ തന്റെ പുത്രന് ബാലശിക്ഷ നൽകി വളർത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ശിക്ഷണത്തിൽ വളർത്തുന്നു എന്നു നിങ്ങൾ ഹൃദയത്തിൽ ഗ്രഹിക്കണം.6അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച്, അവിടത്തെ വഴികളിൽ നടന്ന് അവിടത്തെ ഭയപ്പെടണം. 7നിങ്ങളുടെ ദൈവമായ യഹോവ മനോഹരമായ ഒരു ദേശത്തേക്കാണല്ലോ നിങ്ങളെ കൊണ്ടുപോകുന്നത്, അതു താഴ്വരയിൽനിന്നും കുന്നുകളിൽനിന്നും ഒഴുകുന്ന അരുവികളും ഉറവുകളും ജലാശയങ്ങളും ഉള്ള ദേശമാണ്; 8ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവെണ്ണയും തേനും ഉള്ള ദേശമാണ്; 9സമൃദ്ധിയിൽ ഉപജീവനം കഴിക്കാവുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശമാണ്. കല്ല് ഇരുമ്പായിരിക്കുന്നതും പർവതങ്ങളിൽനിന്ന് ചെമ്പ് കുഴിച്ചെടുക്കുന്നതുമായ ദേശമാണ്.
10നിങ്ങൾ ഭക്ഷിച്ചു തൃപ്തനായശേഷം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ മനോഹരദേശത്തിനുവേണ്ടി അവിടത്തേക്ക് സ്തോത്രംചെയ്യണം. 11നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറക്കാതിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകളും നിയമങ്ങളും ഉത്തരവുകളും അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. 12അല്ലെങ്കിൽ നിങ്ങൾ ഭക്ഷിച്ചു തൃപ്തനായി നല്ല വീടുകൾ പണിത് അവയിൽ താമസിക്കുകയും 13നിങ്ങളുടെ ആടുകളും കന്നുകാലികളും പെരുകുകയും വെള്ളിയും സ്വർണവും വർധിക്കുകയും നിങ്ങൾക്കുള്ള സകലതും സമൃദ്ധമായിട്ട് ഉണ്ടാകുകയും ചെയ്യുമ്പോൾ, 14നിങ്ങളുടെ ഹൃദയം നിഗളിച്ച് അടിമഗൃഹമായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ നിങ്ങൾ മറക്കും. 15വിഷസർപ്പവും തേളും ഉള്ള വലുതും ഭയാനകവുമായ മരുഭൂമിയിലൂടെയാണ് അവിടന്നു നിങ്ങളെ നടത്തിയത്. വെള്ളമില്ലാതെ വരണ്ടദേശത്ത് തീക്കൽപ്പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം നൽകി. 16നിങ്ങളെ വിനയമുള്ളവരാക്കുന്നതിനും പരീക്ഷിക്കുന്നതിനും അങ്ങനെ നിങ്ങൾക്കു നന്മയുണ്ടാകുന്നതിനും നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് മരുഭൂമിയിൽവെച്ച് അവിടന്ന് നിങ്ങളെ പരിപോഷിപ്പിച്ചു. 17“എന്റെ ശക്തിയും കൈബലവും ഈ സമ്പത്തുണ്ടാക്കി,” എന്നു നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പറയരുത്. 18നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ഓർക്കണം. നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത അവിടത്തെ ഉടമ്പടി ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവിടന്നാണല്ലോ നിങ്ങൾക്കു സമ്പത്തു നേടാൻ പ്രാപ്തി നൽകുന്നത്.
19നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോകുകയും അവയെ വണങ്ങി നമസ്കരിക്കുകയും ചെയ്താൽ നിങ്ങൾ നിശ്ചയമായും നശിച്ചുപോകുമെന്നു ഞാൻ ഇന്ന് നിങ്ങൾക്കെതിരേ സാക്ഷ്യം പറയുന്നു. 20നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിക്കാതിരുന്നാൽ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്യുന്ന ജനതകളെപ്പോലെതന്നെ നിങ്ങളും നശിച്ചുപോകും.
Copyright information for
MalMCV