‏ Deuteronomy 30

യഹോവയിലേക്കു തിരിഞ്ഞാൽ ഐശ്വര്യം

1ഞാൻ നിനക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും ശാപങ്ങളും നിന്റെമേൽ വന്ന് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളയുന്ന ഏതു ജനതകളുടെയും മധ്യത്തിൽ നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും 2നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു നീയും നിന്റെ മക്കളും മടങ്ങിവന്ന് ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നതുപോലെ അവിടത്തെ വചനങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ 3നിന്റെ ദൈവമായ യഹോവ നിന്റെ ഭാവിനിർണയങ്ങൾ
അഥവാ, അടിമത്തം
പുനഃസ്ഥാപിക്കുകയും നിന്നോടു കരുണകാണിച്ച്, നീ ചിതറിപ്പോയിരുന്ന സകലജനതകളുടെയും ഇടയിൽനിന്ന് നിന്നെ കൂട്ടിവരുത്തുകയും ചെയ്യും.
4ആകാശത്തിൻകീഴിൽ വിദൂരരാജ്യങ്ങളിലേക്കു നീ നാടുകടത്തപ്പെട്ടിരുന്നാലും അവിടെനിന്നും നിന്റെ ദൈവമായ യഹോവ നിന്നെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും. 5നിന്റെ പിതാക്കന്മാരുടെ ദേശത്തേക്ക് യഹോവയായ ദൈവം നിന്നെ കൊണ്ടുവരും, അതു നിന്റെ അവകാശമായിത്തീരും. അവിടന്ന് നിന്റെ പിതാക്കന്മാരെക്കാൾ ഐശ്വര്യവും അംഗസംഖ്യയും നിനക്കു പ്രദാനംചെയ്യും. 6നീ ജീവിച്ചിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സ്നേഹിക്കാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദനം ചെയ്യും. 7നിന്നെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിന്റെ ശത്രുക്കളുടെമേൽ ഈ ശാപങ്ങളെല്ലാം നിന്റെ ദൈവമായ യഹോവ അയയ്ക്കും. 8നീ വീണ്ടും യഹോവയെ അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യണം. 9അപ്പോൾ നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും ഗർഭഫലത്തിലും മൃഗഫലത്തിലും നിലത്തിലെ വിളവിലും മഹാസമൃദ്ധി നൽകും. 10നിന്റെ ദൈവമായ യഹോവയുടെ വചനം കേട്ട് ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവിടത്തെ കൽപ്പനകളും ഉത്തരവുകളും പ്രമാണിക്കുകയും നിന്റെ ദൈവമായ യഹോവയിലേക്കു പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ തിരിയുകയും ചെയ്യുമെങ്കിൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിൽ വീണ്ടും പ്രസാദിക്കുകയും സമൃദ്ധിയിലേക്കു നയിക്കുകയും ചെയ്യും.

ജീവനോ മരണമോ തെരഞ്ഞെടുക്കാം

11ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന കൽപ്പനകൾ നിനക്കു പ്രയാസമുള്ളതും അപ്രാപ്യവുമല്ല. 12“ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സ്വർഗത്തിൽക്കയറിച്ചെന്ന് അതു ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സ്വർഗത്തിലല്ല. 13“ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സമുദ്രം കടന്ന് അതു കൊണ്ടുവന്ന് ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സമുദ്രത്തിനപ്പുറവുമല്ല. 14വചനം നിങ്ങളോട് ഏറ്റവും സമീപമാകുന്നു, നിങ്ങൾ അനുസരിക്കത്തക്കവിധം അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു.

15ഇതാ, ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ ജീവനും സമൃദ്ധിയും, മരണവും നാശവും വെക്കുന്നു. 16നീ ജീവിക്കുകയും വർധിക്കുകയും നീ അവകാശമാക്കാൻപോകുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുകയും ചെയ്യേണ്ടതിനു നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കാനും അവിടത്തെ വഴികളിൽ നടക്കാനും അവിടത്തെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പ്രമാണിക്കാനും ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു.

17എന്നാൽ, നിങ്ങൾ അനുസരണം ഇല്ലാതെ ഹൃദയം തിരിച്ചുകളയുകയും അന്യദേവന്മാരെ നമസ്കരിക്കേണ്ടതിനും ആരാധിക്കേണ്ടതിനും വശീകരിക്കപ്പെടുകയും ചെയ്താൽ, 18നീ അവകാശമാക്കാൻ യോർദാൻനദി കടന്നുചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ തീർച്ചയായും നശിച്ചുപോകും എന്ന് ഇന്നു ഞാൻ നിങ്ങളോട് പ്രസ്താവിക്കുന്നു.

19ജീവനും മരണവും അനുഗ്രഹവും ശാപവും നിന്റെ മുമ്പാകെ വെക്കുന്നു. നീ ഇതിൽ ഏതു തെരഞ്ഞെടുക്കും എന്നതിനു സാക്ഷ്യത്തിനായി ഇന്നു ഞാൻ സ്വർഗത്തെയും ഭൂമിയെയും വിളിക്കുന്നു. നീയും നിന്റെ മക്കളും ജീവനോടിരിക്കേണ്ടതിന് ഇപ്പോൾ ജീവൻ തെരഞ്ഞെടുത്തുകൊൾക. 20നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ ശബ്ദം ശ്രദ്ധിച്ച് അവിടത്തോടു പറ്റിച്ചേർന്നുകൊൾക. യഹോവ നിന്റെ ജീവൻ ആകുന്നു. അവിടന്ന് നിന്റെ പിതാക്കന്മാരായ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്ത് അവിടന്ന് നിനക്കു ദീർഘായുസ്സു നൽകും.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.