‏ Daniel 7

നാലുമൃഗങ്ങളെപ്പറ്റി ദാനീയേൽ കണ്ട സ്വപ്നം

1ബാബേൽരാജാവായ ബേൽശസ്സരിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ ദാനീയേൽ ഒരു സ്വപ്നംകണ്ടു. കിടക്കയിൽവെച്ച് അദ്ദേഹത്തിനു ദർശനങ്ങളുണ്ടായി. അദ്ദേഹം തന്റെ സ്വപ്നത്തിന്റെ സാരാംശം എഴുതി.

2ദാനീയേൽ ഇപ്രകാരം വിവരിച്ചു: “ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നതു ഞാൻ രാത്രി ദർശനത്തിൽ കണ്ടു. 3അപ്പോൾ വ്യത്യസ്തങ്ങളായ നാലു വലിയ മൃഗങ്ങൾ സമുദ്രത്തിൽനിന്ന് കയറിവന്നു.

4“ഒന്നാമത്തേതു സിംഹത്തിനു തുല്യം, അതിന് കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ, അതിന്റെ ചിറകുകൾ പറിച്ചുനീക്കപ്പെട്ടു; അതിനെ നിലത്തുനിന്നുയർത്തി മനുഷ്യനെപ്പോലെ ഇരുകാലിൽ നിർത്തി; അതിന് ഒരു മനുഷ്യഹൃദയവും നൽകപ്പെട്ടു.

5“രണ്ടാമതു കരടിക്കു തുല്യമായ മറ്റൊരു മൃഗത്തെ കണ്ടു. അതിന്റെ ഒരു പാർശ്വം ഉയർന്നിരുന്നു; വായിൽ പല്ലുകൾക്കിടയിൽ മൂന്നു വാരിയെല്ലുകൾ ഉണ്ടായിരുന്നു. ‘എഴുന്നേറ്റ് ധാരാളം മാംസം തിന്നുക,’ എന്ന് അതിനോടു പറയപ്പെട്ടു.

6“അതിനുശേഷം ഞാൻ നോക്കിയപ്പോൾ പുള്ളിപ്പുലിക്കു തുല്യമായ മറ്റൊരു മൃഗത്തെ കണ്ടു. അതിന്റെ മുതുകിൽ പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു. ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. ആധിപത്യം ആ മൃഗത്തിനു ലഭിച്ചു.

7“അതിനുശേഷം രാത്രി ദർശനത്തിൽ ഞാൻ ഉഗ്രവും ഭയാനകവും അതിശക്തവുമായ നാലാമതൊരു മൃഗത്തെ കണ്ടു. അതിന് വലിയ ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നു. അതു തിന്നുകയും തകർക്കുകയും ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തു. അതിനുമുമ്പുള്ള എല്ലാ മൃഗങ്ങളിൽനിന്നും അതു വ്യത്യസ്തമായിരുന്നു; പത്തു കൊമ്പുകൾ അതിനുണ്ടായിരുന്നു.

8“ആ കൊമ്പുകളെക്കുറിച്ചു ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ചെറിയ കൊമ്പ് അവയ്ക്കിടയിൽ മുളച്ചുവന്നു. ആദ്യത്തെ കൊമ്പുകളിൽ മൂന്നെണ്ണം അതിന്റെ മുമ്പിൽവെച്ച് വേരോടെ പിഴുതെറിയപ്പെട്ടു. ഈ കൊമ്പിൽ മനുഷ്യനുള്ളതുപോലെ കണ്ണുകളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.

9“ഞാൻ നോക്കിക്കൊണ്ടിരിക്കെ,

“സിംഹാസനങ്ങൾ ഒരുക്കപ്പെട്ടു;
പുരാതനനായവൻ ഉപവിഷ്ടനായി.
അവിടത്തെ വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും
തലമുടി നിർമലമായ ആട്ടിൻരോമംപോലെയും ആയിരുന്നു.
അവിടത്തെ സിംഹാസനം അഗ്നിജ്വാലയും
അതിന്റെ ചക്രങ്ങൾ എരിയുന്ന തീയും ആയിരുന്നു.
10അവിടത്തെ സന്നിധിയിൽനിന്ന്
ഒരു അഗ്നിനദി പ്രവഹിക്കുന്നുണ്ടായിരുന്നു.
ആയിരമായിരംപേർ അവിടത്തേക്ക് ശുശ്രൂഷചെയ്തു;
പതിനായിരം പതിനായിരംപേർ അവിടത്തെ മുമ്പിൽ നിന്നിരുന്നു.
ന്യായവിസ്താരസഭ സമ്മേളിച്ചു,
പുസ്തകങ്ങൾ തുറന്നു.
11“ആ കൊമ്പു സംസാരിച്ചുകൊണ്ടിരുന്ന അഹങ്കാരവാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ നോക്കി. മൃഗത്തെ കൊന്ന് അതിന്റെ ശരീരം നശിപ്പിച്ച് കത്തിജ്വലിക്കുന്ന തീയിൽ ഇടുന്നതുവരെ ഞാൻ നോക്കിക്കൊണ്ടിരുന്നു. 12മറ്റു മൃഗങ്ങളുടെ കാര്യത്തിലാകട്ടെ, അവയുടെ ആധിപത്യം നീക്കപ്പെട്ടു; എങ്കിലും ഒരു നിർദിഷ്ടകാലത്തേക്ക് അവയുടെ ആയുസ്സു നീട്ടിക്കൊടുത്തു.

13“രാത്രിദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കെ, ആകാശമേഘങ്ങളിലൂടെ മനുഷ്യപുത്രനു
മൂ.ഭാ. ബർ-എനാശ് എന്ന വാക്കിന് മനുഷ്യൻ എന്നർഥം. പുതിയനിയമത്തിൽ യേശുവിനു നൽകപ്പെട്ട മനുഷ്യപുത്രൻ, എന്ന പേര് ഈ വാക്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കാം. അതുകൊണ്ടാണ് മനുഷ്യപുത്രൻ എന്ന പ്രയോഗം ഇവിടെ നിലനിർത്തിയിരിക്കുന്നത്.
സദൃശനായ ഒരുവൻ വരുന്നതു കണ്ടു. അദ്ദേഹം പുരാതനനായവന്റെ അടുക്കൽ ചെന്നു. അവർ അദ്ദേഹത്തെ അവിടത്തെ മുമ്പിൽ കൊണ്ടുവന്നു.
14സകലരാഷ്ട്രങ്ങളും ജനതകളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ ആധിപത്യം നീക്കംവരാത്ത നിത്യാധിപത്യമാണ്. അദ്ദേഹത്തിന്റെ രാജ്യം അനശ്വരംതന്നെ.

സ്വപ്നവ്യാഖ്യാനം

15“ദാനീയേൽ എന്ന ഞാൻ എന്റെ ആത്മാവിൽ ദുഃഖിച്ചു. എന്റെ മനസ്സിലെ ദർശനങ്ങളാൽ ഞാൻ വിവശനായിത്തീർന്നു. 16ഞാൻ സമീപത്തു നിന്ന ഒരുവന്റെ അടുക്കൽച്ചെന്ന് ഇതിന്റെയെല്ലാം പൊരുൾ എന്താണെന്നു ചോദിച്ചു.

“അതിനാൽ അദ്ദേഹം ഈ കാര്യങ്ങളുടെ സാരം എനിക്കു വ്യക്തമാക്കിത്തന്നു.
17ഈ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉയർന്നുവരാനുള്ള നാലു രാജാക്കന്മാരാകുന്നു. 18എന്നാൽ പരമോന്നതന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജ്യം അവകാശമാക്കും.

19“പിന്നീട്, മറ്റെല്ലാ മൃഗങ്ങളിൽനിന്നു വ്യത്യസ്തവും അതിഭയങ്കരവും ഇരുമ്പുപല്ലുകളും വെങ്കലനഖങ്ങളുമുള്ളതും വിഴുങ്ങുകയും തകർക്കുകയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും 20അതിന്റെ തലയിലുണ്ടായിരുന്ന പത്തുകൊമ്പുകളെക്കുറിച്ചും പിന്നീടു മുളച്ചുവളർന്നതും മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണും വമ്പുപറയുന്ന വായുമുള്ളതും മറ്റുള്ളവയെക്കാൾ കാഴ്ചയിൽ വലുതുമായ മറ്റേ കൊമ്പിനെക്കുറിച്ചും അറിയുവാൻ ഞാൻ ആഗ്രഹിച്ചു. 21 22പുരാതനനായവൻ വന്ന് പരമോന്നതന്റെ വിശുദ്ധർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും വിശുദ്ധർ രാജ്യം പിടിച്ചടക്കുകയും ചെയ്യുന്നസമയം വരുവോളം ആ കൊമ്പു വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ ജയിക്കുന്നതു ഞാൻ കണ്ടു.

23“അദ്ദേഹം ഈ വിശദീകരണം എനിക്കു നൽകി: നാലാമത്തെ മൃഗം, ഭൂമിയിൽ വരാനുള്ള നാലാമത്തേതായ ഒരു രാജത്വമാണ്. അതു മറ്റെല്ലാ രാജത്വങ്ങളെക്കാളും വ്യത്യസ്തമായിരിക്കും. അത് ഭൂമിയെ മുഴുവൻ വിഴുങ്ങുകയും അതിനെ ചവിട്ടിമെതിക്കുകയും തകർക്കുകയും ചെയ്യും. 24പത്തുകൊമ്പുകളോ, ഈ രാജത്വത്തിൽനിന്ന് എഴുന്നേൽക്കുന്ന പത്തു രാജാക്കന്മാരാണ്. അവർക്കുശേഷം മറ്റൊരു രാജാവ് എഴുന്നേൽക്കും. മുൻഗാമികളിൽനിന്നു വ്യത്യസ്തനായി അദ്ദേഹം മൂന്നു രാജാക്കന്മാരെ കീഴടക്കും. 25അദ്ദേഹം പരമോന്നതനെതിരേ വമ്പു പറയുകയും പരമോന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുന്നതിനു ശ്രമിക്കുകയും ചെയ്യും. കാലവും കാലങ്ങളും കാലാർധവും
അഥവാ, ഒരുവർഷം, രണ്ടുവർഷം, അരവർഷം
കഴിയുംവരെ അവരെ അദ്ദേഹത്തിന്റെ പക്കൽ ഏൽപ്പിക്കും.

26“ ‘എന്നാൽ ന്യായവിസ്താരസഭ ഇരിക്കുകയും അദ്ദേഹത്തിന്റെ ആധിപത്യം എടുത്തുകളഞ്ഞ് അവസാനത്തോളം നശിപ്പിച്ച് മുടിച്ചുകളയുകയും ചെയ്യും. 27പിന്നീട്, രാജത്വവും ആധിപത്യവും ആകാശത്തിനുകീഴേ എല്ലായിടത്തുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും പരമോന്നതന്റെ വിശുദ്ധന്മാരായ ജനത്തിനു നൽകപ്പെടും. അവിടത്തെ രാജ്യം ഒരു നിത്യരാജ്യമായിരിക്കും; എല്ലാ ആധിപത്യങ്ങളും അവിടത്തെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.’

28“ഇങ്ങനെയാകുന്നു കാര്യങ്ങളുടെ അവസാനം. ദാനീയേൽ എന്ന ഞാനാകട്ടെ, എന്റെ വിചാരങ്ങളാൽ അതിവിവശനായിത്തീർന്നു. എന്റെ മുഖം വിളറിവെളുത്തു. എങ്കിലും ഈ കാര്യം ഞാൻ ഹൃദയത്തിൽ സംഗ്രഹിച്ചു.”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.