‏ Daniel 4

നെബൂഖദ്നേസർ സ്വപ്നത്തിൽ കണ്ട വൃക്ഷം

1നെബൂഖദ്നേസർ രാജാവ്,

ഭൂമിയിൽ എല്ലായിടത്തും ജീവിക്കുന്ന സകലരാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും ഭാഷക്കാർക്കും എഴുതുന്നത്:

നിങ്ങൾക്കു സമാധാനം വർധിക്കട്ടെ!

2പരമോന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതചിഹ്നങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നിയിരിക്കുന്നു.

3അവിടത്തെ ചിഹ്നങ്ങൾ എത്ര വലിയവ,
അവിടത്തെ അത്ഭുതങ്ങൾ എത്ര പ്രതാപമുള്ളവ!
അവിടത്തെ രാജ്യം നിത്യമായ ഒരു രാജ്യംതന്നെ;
അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കുന്നു.
4നെബൂഖദ്നേസർ എന്ന ഞാൻ, എന്റെ അരമനയിൽ സർവ ആഡംബരത്തോടുംകൂടെ സന്തുഷ്ടജീവിതം നയിച്ചുവരികയായിരുന്നു. 5എന്നാൽ എന്നെ ഭീതിപ്പെടുത്തുന്ന ഒരു ദുഃസ്വപ്നം ഞാൻ കണ്ടു. കിടക്കയിൽവെച്ച് എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളും ദർശനങ്ങളും എന്നെ ഭയപരവശനാക്കി. 6അതിനാൽ ഈ സ്വപ്നത്തിന്റെ അർഥം എനിക്കു വെളിപ്പെടുത്തേണ്ടതിന് ബാബേലിലെ സകലജ്ഞാനികളെയും എന്റെ അടുക്കൽ വരുത്താൻ ഞാൻ ആജ്ഞ നൽകി. 7അപ്പോൾ ആഭിചാരകന്മാരും മന്ത്രവാദികളും ജ്യോതിഷികളും ദേവപ്രശ്നംവെക്കുന്നവരും എന്റെ അടുക്കൽവന്നു. ഞാൻ അവരോട് സ്വപ്നം വിവരിച്ചു; എന്നാൽ അതിന്റെ അർഥം വെളിപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. 8ഒടുവിൽ എന്റെ ദേവന്റെ പേരുള്ള ബേൽത്ത്ശസ്സർ എന്നവനും വിശുദ്ധദേവതകളുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെമുമ്പിൽ വന്നു. അദ്ദേഹത്തോട് ഞാൻ എന്റെ സ്വപ്നം ഇപ്രകാരം വിവരിച്ചു:

9“മന്ത്രവാദികളിൽ പ്രമുഖനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവതകളുടെ ആത്മാവു നിന്നിലുണ്ടെന്നും ഒരു രഹസ്യവും നിനക്ക് അജ്ഞാതമല്ലെന്നും എനിക്കറിയാം. ഞാൻ കണ്ട സ്വപ്നത്തിന്റെ താത്പര്യവും അതിന്റെ അർഥവും നീ എന്നെ അറിയിക്കുക. 10എന്റെ കിടക്കയിൽ ഞാൻ കണ്ട ദർശനങ്ങൾ ഇപ്രകാരമായിരുന്നു. ഞാൻ നോക്കുമ്പോൾ ഭൂമിയുടെ നടുവിൽ ഒരു വൃക്ഷം, അത് അത്യധികം ഉയരമുള്ളതായിരുന്നു. 11വൃക്ഷം വളരെ വലുപ്പമുള്ളതും ബലമുള്ളതുമായിത്തീർന്നു; അങ്ങനെ അതിന്റെ ഉയരം ആകാശത്തോളമെത്തി. ഭൂമിയുടെ അറ്റങ്ങളോളം അതിനെ കാണാമായിരുന്നു. 12അതിന്റെ ഇല മനോഹരവും ഫലം സമൃദ്ധവുമായിരുന്നു. എല്ലാവർക്കും അതിൽനിന്ന് ആഹാരം ലഭിച്ചിരുന്നു. വയലിലെ മൃഗങ്ങൾ അതിന്റെ തണലിൽ വിശ്രമിച്ചു; ആകാശത്തിലെ പറവകൾ അതിന്റെ കൊമ്പുകളിൽ വസിച്ചു. എല്ലാ ജീവജാലങ്ങളും അതിൽനിന്ന് ഭക്ഷിച്ചിരുന്നു.

13“കിടക്കയിൽവെച്ച് എനിക്കുണ്ടായ ദർശനങ്ങളിൽ, വിശുദ്ധനായ ഒരു ദൈവദൂതൻ
അഥവാ, കാവൽക്കാരൻ, വാ. 17, 23 കാണുക.
സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു.
14അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇലകൾ കോതി, കായ്കൾ ചിതറിച്ചുകളയുക. മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ ശാഖകളിൽനിന്ന് പറന്നകലട്ടെ. 15എങ്കിലും വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ വയലിലെ പുല്ലുകൾക്കിടയിൽ ചുറ്റും ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കുക.

“ ‘ആകാശത്തിലെ മഞ്ഞുകൊണ്ട് അദ്ദേഹം നനയട്ടെ. വയലിലെ മൃഗങ്ങളോടൊപ്പം അദ്ദേഹം മേയട്ടെ.
16അദ്ദേഹത്തിനു മനുഷ്യസ്വഭാവം മാറ്റി ഒരു മൃഗസ്വഭാവം ലഭിക്കട്ടെ. അങ്ങനെ അദ്ദേഹം ഏഴുകാലം
അഥവാ, ഏഴുവർഷം, വാ. 23, 25, 32 കാണുക.
കഴിയട്ടെ.

17“ ‘പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളുടെയുംമേൽ വാഴുന്നു എന്നും തനിക്ക് ഇഷ്ടമുള്ളവന് അതു നൽകുന്നു എന്നും മനുഷ്യരിൽ ഏറ്റവും താണവനെ അതിന്മേൽ വാഴിക്കുന്നു എന്നും ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ ഉത്തരവും വിശുദ്ധജനങ്ങളുടെ തീർപ്പും ആകുന്നു.’

18“നെബൂഖദ്നേസർ രാജാവെന്ന ഞാൻ കണ്ട സ്വപ്നം ഇതാകുന്നു. ഇപ്പോൾ ബേൽത്ത്ശസ്സരേ, താങ്കൾ ഇതിന്റെ അർഥം പറഞ്ഞുതരിക. എന്റെ രാജ്യത്തിലെ ജ്ഞാനികളാരുംതന്നെ എനിക്ക് അതു വ്യാഖ്യാനിച്ചുതരാൻ കഴിവുള്ളവരായിരുന്നില്ല. എന്നാൽ വിശുദ്ധദേവതകളുടെ ആത്മാവ് നിന്നിൽ ഉള്ളതിനാൽ നിനക്ക് അതു ചെയ്യാൻ കഴിയും.”

ദാനീയേൽ സ്വപ്നം വ്യാഖ്യാനിക്കുന്നു

19അപ്പോൾ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേൽ ചിന്താപരവശനായി ഭയപ്പെട്ട് കുറച്ചുസമയത്തേക്ക് അസ്തപ്രജ്ഞനായി ഇരുന്നുപോയി. രാജാവ് അദ്ദേഹത്തോട്, “ബേൽത്ത്ശസ്സരേ, സ്വപ്നമോ അതിന്റെ അർഥമോ നിമിത്തം നീ ചിന്താവിവശനാകരുത്” എന്നു കൽപ്പിച്ചു.

അപ്പോൾ ബേൽത്ത്ശസ്സർ ഇപ്രകാരം പറഞ്ഞു: “യജമാനനേ, സ്വപ്നം അങ്ങയുടെ ശത്രുക്കൾക്കും അതിന്റെ അർഥം അങ്ങയുടെ എതിരാളികൾക്കും മാത്രമുള്ളതായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
20വലുതും ബലമുള്ളതും ആകാശത്തോളം ഉയർന്നതും ഭൂമിയിൽ എവിടെ നിന്നാലും കാണാൻ കഴിയുന്ന 21മനോഹരമായ ഇലയും സമൃദ്ധമായ ഫലവും എല്ലാവർക്കും ഭക്ഷണവും ഉള്ളതും തണലിൽ മൃഗങ്ങളും ശാഖകളിൽ പക്ഷികളും വിശ്രമിക്കുന്നതുമായ— 22വൃക്ഷം രാജാവേ, അങ്ങുതന്നെ ആകുന്നു. അങ്ങു മഹാനും പ്രബലനുമായിത്തീർന്നിരിക്കുന്നു. അങ്ങയുടെ പ്രഭാവം ആകാശത്തോളം എത്തുന്നതായി തീർന്നിരിക്കുന്നു. അവിടത്തെ ആധിപത്യം ഭൂമിയുടെ അറ്റങ്ങളോളം വ്യാപിച്ചിരിക്കുന്നു.

23“വിശുദ്ധനായ ഒരു ദൂതൻ ആകാശത്തുനിന്ന് ഇറങ്ങിവന്ന്, ‘വൃക്ഷം വെട്ടിനശിപ്പിക്കാനും അതിന്റെ കുറ്റി നിലത്തെ വേരുകളോടൊപ്പം ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കാനും കൽപ്പിച്ചതും; ആകാശത്തെ മഞ്ഞുകൊണ്ട് അദ്ദേഹം നനയുകയും വയലിലെ മൃഗങ്ങളോടൊപ്പം മേയുകയും ചെയ്യട്ടെ, അങ്ങനെ അദ്ദേഹത്തിന് ഏഴുകാലം കഴിയട്ടെ’ എന്നു പറഞ്ഞതും അങ്ങു കണ്ടല്ലോ.

24“രാജാവേ, അതിന്റെ അർഥം ഇതാകുന്നു: ഇത് എന്റെ യജമാനനായ രാജാവിന്റെമേൽ വന്നിട്ടുള്ള പരമോന്നതനായവന്റെ കൽപ്പനയാകുന്നു. 25തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമേനിയുടെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടെയാകും. കാളയെപ്പോലെ അങ്ങു പുല്ലുതിന്നും. തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും വാഴുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും തിരുമേനി ഗ്രഹിക്കുന്നതുവരെ അങ്ങനെ ഏഴുകാലം കഴിയും. 26വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ ശേഷിക്കുന്നതായിക്കണ്ടതിന്റെ അർഥമോ, സ്വർഗമാണ് സകലതും ഭരിക്കുന്നത് എന്ന് അങ്ങ് അംഗീകരിച്ചതിനുശേഷം രാജ്യം തിരുമേനിക്കു സ്ഥിരമായിത്തീരും എന്നത്രേ. 27അതുകൊണ്ടു രാജാവേ, എന്റെ ഉപദേശം തിരുമേനിക്കു പ്രസാദകരമായിത്തീരട്ടെ. നീതിയാൽ പാപങ്ങളിൽനിന്നും ദരിദ്രരോടു കരുണ കാട്ടുന്നതിനാൽ അനീതിയിൽനിന്നും അങ്ങ് ഒഴിഞ്ഞിരുന്നാലും. അങ്ങനെയെങ്കിൽ അവിടത്തെ ക്ഷേമകാലം തുടർന്നുപോകുകതന്നെ ചെയ്യും.”

സ്വപ്നം നിറവേറുന്നു

28ഇതെല്ലാം നെബൂഖദ്നേസർ രാജാവിനു സംഭവിച്ചു. 29പന്ത്രണ്ടു മാസത്തിനുശേഷം, രാജാവ് ബാബേലിലെ അരമനയുടെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. 30“ഇത് എന്റെ ശക്തിയുടെ പ്രഭാവത്താൽ എന്റെ പ്രതാപമഹത്ത്വത്തിനായി ഞാൻതന്നെ നിർമിച്ച രാജകീയ നിവാസമായ ബാബേൽ അല്ലയോ?” എന്ന് രാജാവ് പറഞ്ഞു.

31ഈ വാക്ക് രാജാവിന്റെ നാവിന്മേൽ ഇരിക്കെത്തന്നെ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി: “നെബൂഖദ്നേസർ രാജാവേ, നിന്നോടുള്ള കൽപ്പനയാണിത്: രാജത്വം നിന്നിൽനിന്ന് നീക്കപ്പെട്ടിരിക്കുന്നു. 32നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും. നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടൊപ്പമാകും. കാളയെപ്പോലെ നിന്നെ പുല്ലു തീറ്റും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും നീ അറിയുന്നതുവരെ നിനക്ക് ഏഴുകാലം കഴിയും.”

33ഉടൻതന്നെ ആ വചനം നെബൂഖദ്നേസറിൽ നിറവേറി. അദ്ദേഹത്തെ മനുഷ്യരിൽനിന്ന് നീക്കിക്കളഞ്ഞു. അദ്ദേഹം കാളയെപ്പോലെ പുല്ലുതിന്നു. അദ്ദേഹത്തിന്റെ രോമം കഴുകന്റെ തൂവൽപോലെയും അദ്ദേഹത്തിന്റെ നഖം പക്ഷികളുടെ നഖംപോലെയും വളരുന്നതുവരെ അദ്ദേഹത്തിന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.

34ആ കാലം തീർന്നപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ എന്റെ കണ്ണുകൾ സ്വർഗത്തിലേക്കുയർത്തി; എന്റെ ബുദ്ധി എനിക്കു തിരികെക്കിട്ടി. ഞാൻ പരമോന്നതനെ സ്തുതിക്കുകയും എന്നേക്കും ജീവിച്ചിരിക്കുന്നവനെ ആദരിച്ച് മഹത്ത്വപ്പെടുത്തുകയും ചെയ്തു.

അവിടത്തെ ആധിപത്യം നിത്യമായ ആധിപത്യംതന്നെ;
അവിടത്തെ രാജ്യം തലമുറകളോളം നിലനിൽക്കുന്നു.
35അവിടന്ന് സകലഭൂവാസികളെയും
ശൂന്യം എന്ന് എണ്ണുന്നു.
സ്വർഗീയസൈന്യങ്ങളുടെയും
ഭൂവാസികളുടെയും മധ്യേ
അവിടന്ന് തിരുഹിതം നിറവേറ്റുന്നു.
അവിടത്തെ കൈകളെ തടയാനോ, “എന്തു പ്രവർത്തിക്കുന്നു?”
എന്ന് അവിടത്തോടു ചോദിക്കാനോ ആർക്കും കഴിയുകയില്ല.
36ആ സമയത്തുതന്നെ ഞാൻ സുബോധമുള്ളവനായി. എന്റെ രാജ്യത്തിന്റെ മഹത്ത്വത്തിനായി എന്റെ പ്രതാപവും മഹത്ത്വവും എനിക്കു തിരികെ ലഭിച്ചു. എന്റെ ഉപദേശകരും പ്രഭുക്കന്മാരും എന്നെ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ എന്റെ സിംഹാസനത്തിൽ ഞാൻ പുനരാരൂഢനായി, പൂർവോപരി മഹത്ത്വം എനിക്കു ലഭിച്ചു. 37ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗസ്ഥനായ രാജാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. അവിടത്തെ പ്രവൃത്തികളെല്ലാം സത്യവും അവിടത്തെ വഴികൾ നീതിപൂർവവുംതന്നെ. നിഗളിച്ചുനടക്കുന്നവരെ താഴ്ത്താൻ അവിടന്നു പ്രാപ്തനാകുന്നു.

Copyright information for MalMCV