‏ Daniel 3

സ്വർണപ്രതിമയും തീച്ചൂളയും

1നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ട് ഒരു പ്രതിമയുണ്ടാക്കി. അതിന്റെ ഉയരം അറുപതു മുഴവും വീതി ആറുമുഴവും
ഏക. 27 മീ. പൊക്കവും 2.7 മീ. വിസ്താരവും.
ആയിരുന്നു. അദ്ദേഹം അതിനെ ബാബേൽ പ്രവിശ്യയിലുള്ള ദൂരാസമഭൂമിയിൽ നിർത്തി.
2അതിനുശേഷം നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയുടെ പ്രതിഷ്ഠയ്ക്ക് രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും ഉപദേശകരും ഭണ്ഡാരവിചാരകരും ന്യായാധിപരും മജിസ്ട്രേറ്റുമാരും മറ്റ് എല്ലാ പ്രവിശ്യകളിലെയും ഉദ്യോഗസ്ഥരും വന്നുചേരാൻ നെബൂഖദ്നേസർ രാജാവ് ആളയച്ചു. 3അങ്ങനെ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും ഉപദേശകരും ഭണ്ഡാരവിചാരകരും ന്യായാധിപരും മജിസ്ട്രേറ്റുമാരും മറ്റ് എല്ലാ പ്രവിശ്യകളിലെയും ഉദ്യോഗസ്ഥരും നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയുടെ പ്രതിഷ്ഠയ്ക്ക് വന്നുകൂടി. നെബൂഖദ്നേസർ നിർത്തിയ പ്രതിമയ്ക്കുമുമ്പിൽ അവർ നിന്നു.

4അതിനുശേഷം വിളംബരംചെയ്യുന്നവർ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചറിയിച്ചു: “രാഷ്ട്രങ്ങളേ, ജനങ്ങളേ, സകലഭാഷക്കാരുമേ, നിങ്ങൾക്ക് ഈ കൽപ്പന നൽകപ്പെടുന്നു: 5കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവാദ്യങ്ങളുടെയും നാദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കണം. 6ആരെങ്കിലും വീണ് നമസ്കരിക്കാതിരുന്നാൽ അവരെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞുകളയുന്നതാണ്.”

7അങ്ങനെ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ തുടങ്ങിയ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലരാഷ്ട്രങ്ങളിൽനിന്നും വന്നുചേർന്ന എല്ലാ ജനതകളും ഭാഷക്കാരും വീണ് നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയെ നമസ്കരിച്ചു.

8ആ സമയത്ത് ചില ജ്യോതിഷികൾ മുന്നോട്ടുവന്ന് യെഹൂദന്മാരെക്കുറിച്ച് ആരോപണം ഉന്നയിച്ചു. 9അവർ നെബൂഖദ്നേസർ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! 10 11കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം എന്നിങ്ങനെയുള്ള സകലവിധ വാദ്യനാദവും കേൾക്കുമ്പോൾ അതു കേൾക്കുന്നവരെല്ലാം വീണ് സ്വർണപ്രതിമയെ നമസ്കരിക്കണമെന്നും, അപ്രകാരം വീണ് നമസ്കരിക്കാത്തവർ ആരായിരുന്നാലും അവരെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുമെന്നും തിരുമനസ്സ് ഒരു കൽപ്പന പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. 12എന്നാൽ അങ്ങ് ബാബേൽ പ്രവിശ്യയുടെ അധികാരികളായി നിയമിച്ചിട്ടുള്ള ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാർ, രാജാവേ, അങ്ങയുടെ കൽപ്പന ഗൗനിക്കുന്നില്ല. അവർ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല.”

13ഇതിൽ കോപാകുലനായി നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വിളിപ്പിച്ചു. അവർ ഈ പുരുഷന്മാരെ രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു. 14നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവതകളെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യംതന്നെയോ? 15ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?”

16ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “അല്ലയോ നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഞങ്ങൾ അങ്ങയോട് ഉത്തരം പറയേണ്ട ആവശ്യമില്ല. 17ഞങ്ങളെ തീച്ചൂളയിലേക്ക് എറിയുന്നെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു തീച്ചൂളയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിയും. രാജാവേ, ആ ദൈവം ഞങ്ങളെ അങ്ങയുടെ കൈയിൽനിന്ന് വിടുവിക്കും. 18ഇല്ലെങ്കിലും ഞങ്ങൾ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു സ്ഥാപിച്ച സ്വർണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുകയില്ല, എന്നു തിരുമേനി അറിഞ്ഞാലും.”

19അപ്പോൾ നെബൂഖദ്നേസർ കോപംകൊണ്ടുനിറഞ്ഞു. ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയുംനേരേ അദ്ദേഹത്തിന്റെ മുഖഭാവം മാറി. തീച്ചൂള പതിവിലും ഏഴുമടങ്ങ് അധികം ചൂടാക്കാൻ അദ്ദേഹം കൽപ്പിച്ചു. 20സൈന്യത്തിലുള്ള കരുത്തരായ ചില സൈനികരോട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വരിഞ്ഞുകെട്ടി എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയാൻ കൽപ്പിച്ചു. 21അങ്ങനെ ഈ പുരുഷന്മാരെ അവർ ധരിച്ചിരുന്ന കുപ്പായങ്ങൾ, കാലുറകൾ, തൊപ്പി, മറ്റു വസ്ത്രങ്ങൾ എന്നിവയോടുകൂടെ ബന്ധിച്ച് എരിയുന്ന തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞു. 22രാജകൽപ്പന കർശനമായിരിക്കുകയാലും തീച്ചൂള ഏറ്റവുമധികം ചൂടേറിയതാകുകയാലും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എടുത്തുകൊണ്ടുപോയ ഭടന്മാരെ തീജ്വാല ദഹിപ്പിച്ചുകളഞ്ഞു. 23ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ പുരുഷന്മാരോ, ബന്ധിതരായി എരിയുന്ന തീച്ചൂളയുടെ നടുവിൽ വീണു.

24അപ്പോൾ നെബൂഖദ്നേസർ രാജാവ് പരിഭ്രമിച്ചു; അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേറ്റ് തന്റെ ഉപദേശകന്മാരോട്, “മൂന്നു പുരുഷന്മാരെയല്ലേ നാം ബന്ധിച്ച്, തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞത്?” എന്നു ചോദിച്ചു.

“അതേ, രാജാവേ,” എന്ന് അവർ മറുപടി നൽകി.

25“നോക്കുക, നാലു പുരുഷന്മാർ ഒരു കേടുംകൂടാതെ കെട്ടഴിഞ്ഞവരായി തീച്ചൂളയുടെ മധ്യത്തിൽ നടക്കുന്നതായി ഞാൻ കാണുന്നു; നാലാമത്തവന്റെ രൂപം ഒരു ദേവപുത്രന്റേതിനു
അഥവാ, ദേവതകളുടെ
തുല്യമായിരിക്കുന്നു,” എന്നു നെബൂഖദ്നേസർ പറഞ്ഞു.

26അപ്പോൾ നെബൂഖദ്നേസർ തീച്ചൂളയുടെ വാതിൽക്കൽ ചെന്ന് അത്യുച്ചത്തിൽ, “പരമോന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരിക! ഇങ്ങോട്ടു വരിക!” എന്നു കൽപ്പിച്ചു.

ശദ്രക്കും മേശക്കും അബേദ്നെഗോവും തീയുടെ നടുവിൽനിന്ന് പുറത്തുവന്നു.
27അപ്പോൾ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും രാജാവിന്റെ ഉപദേശകരും അവരുടെ ചുറ്റും ഒരുമിച്ചുകൂടി. ഈ പുരുഷന്മാരുടെ ശരീരത്തിന്മേൽ തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും അവരുടെ വസ്ത്രങ്ങൾ കേടുവരാതെയും തീയുടെ മണംപോലും അവരുടെ ശരീരത്തിനുണ്ടാകാതെയും ഇരുന്നതായി കണ്ടു.

28അപ്പോൾ നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെടട്ടെ. രാജകൽപ്പന ലംഘിച്ച് തങ്ങളുടെ ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും സേവിക്കാതിരിക്കാൻവേണ്ടി സ്വന്തം ജീവൻ ഏൽപ്പിച്ചുകൊടുത്തവരും ആണല്ലോ. തന്നിൽ ശരണപ്പെട്ടവരായ തന്റെ ദാസന്മാരെ അവിടന്നു സ്വന്തം ദൂതനെ അയച്ച് വിടുവിച്ചല്ലോ. 29അതിനാൽ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തെ ദുഷിച്ച് എന്തെങ്കിലും സംസാരിക്കുന്ന ഏതുരാഷ്ട്രത്തിലുള്ള ഏതുജനതയായാലും ഭാഷക്കാരായാലും അവരെ കഷണംകഷണമായി ചീന്തിക്കളയുകയും അവരുടെ ഭവനങ്ങളെ കൽക്കൂമ്പാരമാക്കുകയും ചെയ്യുമെന്ന് ഞാൻ കൽപ്പന നൽകുന്നു. ഈ വിധത്തിൽ രക്ഷിക്കാൻ കഴിയുന്ന മറ്റൊരു ദേവനുമില്ല.”

30പിന്നീട് രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽ പ്രവിശ്യയിൽ ഉന്നതസ്ഥാനങ്ങൾ നൽകി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.