‏ Acts 7

സ്തെഫാനൊസിന്റെ പ്രസംഗം

1അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു.

2അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി. 3ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന
മൂ.ഭാ. കാണിക്കാനിരിക്കുന്ന
ദേശത്തേക്കു പോകുക’ b എന്ന് അരുളിച്ചെയ്തു.

4“അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു. 5അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി. 6ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും. 7എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’ 8പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം
അതായത്, സുന്നത്ത്
നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.

9“ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.
ഉൽ. 37 കാണുക.
10എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു.

11“അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി. 12ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ
അതായത്, യാക്കോബിന്റെ പന്ത്രണ്ട് മക്കളെ.
ആദ്യമായി അവിടേക്കയച്ചു.
13രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു. 14പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു. 15അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു. 16അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു.

17“അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു. 18കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’ g 19അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു.

20“ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ
അഥവാ, ദൈവദൃഷ്ടിയിൽ
സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി.
21അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. 22മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു.

23“മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. 24തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു. 25മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല. 26അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു.

27“എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? 28ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’ i 29ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.

30“അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി. 31മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു, 32‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ j ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല.

33“അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു. 34‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു.

35“ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു. 36നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു.

37“ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ l എന്നു പ്രവചിച്ചത്. 38അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്.

39“എന്നാൽ, നമ്മുടെ പിതാക്കന്മാർ
അതായത്, അബ്രാഹാമിന്റെ വംശജർ
മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു.
40അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ n എന്നു പറഞ്ഞു. 41അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു. 42എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു:

“ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ
യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
43നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ
മോലെക്കിന്റെ കൂടാരവും
നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു.
ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’ o
44“നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം p ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു. 45നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു. 46ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ
ചി.കൈ.പ്ര. യാക്കോബുഗൃഹത്തിന്റെ
ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു.
47എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്.

48“എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്:

49“ ‘സ്വർഗം എന്റെ സിംഹാസനവും
ഭൂമി എന്റെ പാദപീഠവും ആകുന്നു.
നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്?
എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
എന്റെ വിശ്രമസ്ഥലം എവിടെ?
50എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’
51“ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്. 52നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു. 53ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”

സ്തെഫാനൊസിനെ കല്ലെറിയുന്നു

54ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു. 55എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു. 56“ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

57അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു. 58അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു.

59അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു. 60പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.

Copyright information for MalMCV