‏ Acts 24

ഫേലിക്സിന്റെ മുമ്പാകെയുള്ള വിചാരണ

1അഞ്ചുദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, സമുദായനേതാക്കന്മാരിൽ ചിലരെയും തെർത്തുല്ലോസ് എന്നു പേരുള്ള ഒരു അഭിഭാഷകനെയുംകൂട്ടി കൈസര്യയിൽ വന്നു. അവർ പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഭരണാധികാരിയെ ബോധിപ്പിച്ചു. 2പൗലോസിനെ അകത്തേക്കു വിളിച്ചുവരുത്തിയശേഷം ഫേലിക്സിന്റെ മുമ്പിൽ തെർത്തുല്ലോസ് പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഇങ്ങനെ നിരത്താൻ തുടങ്ങി: “അഭിവന്ദ്യനായ ഫേലിക്സേ, അങ്ങയുടെ ഭരണത്തിൻകീഴിൽ ഞങ്ങൾ ഏറെക്കാലമായി സമാധാനമനുഭവിച്ചുപോരുന്നു; അങ്ങയുടെ ദീർഘദൃഷ്ടി നിമിത്തം ഈ ദേശത്തിന് വളരെ പുരോഗതി ഉണ്ടായിട്ടുണ്ട്. 3എല്ലായിടത്തും എല്ലാവിധത്തിലുമുള്ള ഈ അഭ്യുന്നതിക്കായി ഞങ്ങൾ അങ്ങയോട് അത്യധികം കൃതജ്ഞതയുള്ളവരാണ്. 4അങ്ങയെ അധികം മുഷിപ്പിക്കാതെ ഞങ്ങൾക്കു പറയാനുള്ളതു ചുരുക്കിപ്പറയാം, ദയവായി കേട്ടാലും:

5“ഈ മനുഷ്യൻ ഒരു കലാപകാരിയാണ്, ലോകമെങ്ങുമുള്ള യെഹൂദരുടെ ഇടയിൽ ഇയാൾ പ്രക്ഷോഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. 6‘നസറായപക്ഷക്കാരുടെ’ ഒരു നേതാവായ ഈ മനുഷ്യൻ യെഹൂദരുടെ ദൈവാലയം അശുദ്ധമാക്കുന്നതിനു ശ്രമിക്കുകയുണ്ടായി; അതുകൊണ്ട് ഇയാളെ പിടികൂടി, ഞങ്ങളുടെ ന്യായപ്രമാണമനുസരിച്ച് വിസ്തരിക്കാമെന്നാണ് കരുതിയിരുന്നത്. 7എന്നാൽ, സഹസ്രാധിപനായ ലുസിയാസ് ബലം പ്രയോഗിച്ച് ഞങ്ങളിൽനിന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. അങ്ങയുടെമുമ്പാകെ ഞങ്ങളുടെ ആരോപണങ്ങൾ വ്യക്തമാക്കാൻ ഉത്തരവിട്ടു. 8അങ്ങ് ഇയാളെ നേരിട്ടു വിസ്തരിക്കുമ്പോൾ,
ചി.കൈ.പ്ര. വാ. 6 രണ്ടാംപകുതിമുതൽ വാ. 8 ആദ്യപകുതിവരെ കാണുന്നില്ല.
ഞങ്ങൾ ഇയാൾക്കെതിരായി കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഗ്രഹിക്കാൻ കഴിയുന്നതാണ്.”

9ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ആവർത്തിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന യെഹൂദന്മാർ കുറ്റാരോപണങ്ങളെ ഉറപ്പിച്ചു.

10ഇതുകഴിഞ്ഞ്, തനിക്കു സംസാരിക്കാമെന്ന് ഭരണാധികാരി ആംഗ്യംകാട്ടി, അനുമതിനൽകിയപ്പോൾ പൗലോസ് ഇങ്ങനെ പറഞ്ഞു: “അവിടന്ന് അനേകം വർഷങ്ങളായി ഈ ദേശത്തിന്റെ ന്യായാധിപനായിരിക്കുന്നെന്ന് എനിക്കറിയാം; അതുകൊണ്ട് ഞാൻ ആനന്ദത്തോടുകൂടി എന്റെ പ്രതിവാദം നടത്തുകയാണ്. 11ഞാൻ ആരാധനയ്ക്കായി ജെറുശലേമിലേക്കു പോയിട്ട് പന്ത്രണ്ട് ദിവസത്തിൽ അധികമായിട്ടില്ലെന്ന് അങ്ങേക്ക് അന്വേഷിച്ച് ഉറപ്പുവരുത്താവുന്നതാണ്. 12ഞാൻ ദൈവാലയത്തിൽവെച്ച് ആരോടെങ്കിലും തർക്കിക്കുന്നതായോ യെഹൂദപ്പള്ളിയിലോ നഗരത്തിൽ മറ്റെവിടെയെങ്കിലുമോ ജനക്കൂട്ടത്തെ ഇളക്കിവിടുന്നതായോ ഈ കുറ്റാരോപണം നടത്തുന്നവർ കണ്ടിട്ടില്ല; 13ഇപ്പോൾ എനിക്കെതിരേ ഉന്നയിക്കുന്ന ഈ ആരോപണങ്ങൾ അങ്ങയുടെമുമ്പാകെ തെളിയിക്കാൻ ഇവർക്കു സാധ്യവുമല്ല. 14ഏതായാലും ഒരു കാര്യം ഞാൻ സമ്മതിക്കുന്നു: ഞാൻ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുന്നത്, ഇവർ മതഭേദം എന്നു പറയുന്ന ഈ മാർഗത്തിന്റെ അനുഗാമി എന്ന നിലയ്കാണ്. ന്യായപ്രമാണത്തിന് അനുസൃതമായ എല്ലാക്കാര്യങ്ങളിലും പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന എല്ലാറ്റിലും ഞാൻ വിശ്വസിക്കുന്നു. 15നീതിനിഷ്ഠർക്കും ദുഷ്ടർക്കും പുനരുത്ഥാനം ഉണ്ടാകുമെന്ന് ദൈവത്തിൽ ഇവർക്കുള്ള അതേ പ്രത്യാശ എനിക്കും ഉണ്ട്. 16അതുകൊണ്ട്, ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും എന്റെ മനസ്സാക്ഷി നിർമലമായി സൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു.

17“സ്വന്തം ജനത്തിൽപ്പെട്ട ദരിദ്രർക്കുവേണ്ടി ദാനങ്ങൾ എത്തിക്കുന്നതിനും വഴിപാട് അർപ്പിക്കുന്നതിനുമായി പല വർഷത്തിനുശേഷമാണ് ഞാൻ ജെറുശലേമിൽ വന്നത്. 18ആ കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവാലയാങ്കണത്തിൽവെച്ച് അവർ എന്നെ കണ്ടു. അപ്പോൾ ഞാൻ ആചാരപരമായി ശുദ്ധിയുള്ളവനായിരുന്നു; എന്നോടൊപ്പം ജനക്കൂട്ടം ഉണ്ടായിരുന്നില്ല, ഞാനൊരു ലഹളയിൽ പങ്കെടുത്തതുമില്ല. 19എന്നാൽ ഏഷ്യാപ്രവിശ്യക്കാരായ ചില യെഹൂദന്മാരാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവർക്ക് എന്റെനേരേ വല്ല ആരോപണവും ഉണ്ടായിരുന്നെങ്കിൽ അവർതന്നെ അത് അങ്ങയുടെമുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു. 20അങ്ങനെയല്ലെങ്കിൽ ന്യായാധിപസമിതിക്കുമുമ്പിൽ നിന്നപ്പോൾ എന്നിൽ എന്തെങ്കിലും കുറ്റം കണ്ടെത്താൻ കഴിഞ്ഞോ എന്ന് ഇവിടെയുള്ളവർ പറയട്ടെ. 21‘മരിച്ചവരുടെ പുനരുത്ഥാനത്തെപ്രതിയാണ് ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ വിസ്തരിക്കപ്പെടുന്നത്,’ എന്ന് അവരുടെ ഇടയിൽനിന്നപ്പോൾ വിളിച്ചുപറഞ്ഞതൊഴിച്ചു മറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ?”

22ഈ മാർഗത്തെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നിട്ടും, “സൈന്യാധിപനായ ലുസിയാസ് വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീരുമാനിക്കാം” എന്നു പറഞ്ഞ് ഫേലിക്സ് നടപടികൾ മാറ്റിവെച്ചു. 23തുടർന്ന്, പൗലോസിനെ കാവലിൽ സൂക്ഷിക്കണമെന്നും അതേസമയം അദ്ദേഹത്തിനു കുറെ സ്വാതന്ത്ര്യം കൊടുക്കണമെന്നും, അദ്ദേഹത്തെ ശുശ്രൂഷിക്കാൻ സ്നേഹിതരെ അനുവദിക്കണമെന്നും ശതാധിപനോടു കൽപ്പിച്ചു.

24കുറെദിവസത്തിനുശേഷം ഫേലിക്സ്, യെഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയോടുകൂടി വന്നു. അദ്ദേഹം പൗലോസിനെ വരുത്തി, ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. 25എന്നാൽ നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെപ്പറ്റി പൗലോസ് സവിസ്തരം പ്രതിപാദിക്കുന്നത് കേട്ടപ്പോൾ ഫേലിക്സിനു ഭയമായി, “ഇപ്പോൾ ഇത്രയും മതി, നിങ്ങൾക്കു പോകാം, സൗകര്യമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് ആളയയ്ക്കാം” എന്ന് അദ്ദേഹം പറഞ്ഞു. 26പൗലോസ് അയാൾക്കു കൈക്കൂലി കൊടുക്കുമെന്ന് അയാൾ ആശിച്ചിരുന്നതിനാൽ കൂടെക്കൂടെ ആളയച്ചുവരുത്തി അദ്ദേഹത്തോടു സംസാരിക്കുമായിരുന്നു.

27രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. യെഹൂദരുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.