‏ 2 Timothy 4

1ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിച്ച് തിരുരാജ്യം സ്ഥാപിക്കാൻ പ്രത്യക്ഷനാകുന്ന ദൈവത്തിന്റെയും ക്രിസ്തുയേശുവിന്റെയും സന്നിധിയിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുകയാണ്: 2തിരുവചനം ഘോഷിക്കുക; അനുകൂലസമയത്തും പ്രതികൂലസമയത്തും അതിന് സന്നദ്ധനായിരിക്കുക. വളരെ ക്ഷമയോടെ ഉപദേശിച്ചുകൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കുക, ശാസിക്കുക, പ്രോത്സാഹിപ്പിക്കുക. 3മനുഷ്യർ നിർമലോപദേശം ഉൾക്കൊള്ളാൻ വിമുഖരായിട്ട് തങ്ങളുടെ അഭിരുചിക്കനുസൃതമായി ഇമ്പമുള്ള കാര്യങ്ങൾ പറഞ്ഞുകേൾപ്പിക്കുന്ന ഉപദേഷ്ടാക്കളെ വിളിച്ചുകൂട്ടുന്ന കാലം വരും. 4അന്ന് അവർ സത്യത്തിനു പുറംതിരിഞ്ഞ്,
മൂ.ഭാ. ചെവികൊടുക്കാതെ
കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.
5നീയോ സകലത്തിലും ആത്മസംയമനം പാലിക്കുക, കഷ്ടത സഹിക്കുക, ഒരു സുവിശേഷകന്റെ പ്രവൃത്തിചെയ്യുക, നിന്റെ ശുശ്രൂഷ പരിപൂർണമായി നിർവഹിക്കുക.

6ഞാൻ ഇപ്പോൾത്തന്നെ പാനീയയാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; b ,
വീഞ്ഞ് യാഗപീഠത്തിന്മേൽ അർപ്പിക്കപ്പെടുന്നതുപോലെ, തന്റെ ജീവൻ ഒരു യാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്റെ അന്തിമയാത്രയ്ക്കുള്ള സമയവും ആസന്നമായിരിക്കുന്നു.
7ഞാൻ നന്നായി യുദ്ധംചെയ്തു; ഓട്ടം പൂർത്തിയാക്കി; അവസാനംവരെ ഞാൻ വിശ്വാസം സംരക്ഷിച്ചു. 8ഇനി, നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. അത്, നീതിയുള്ള ന്യായാധിപതിയായ കർത്താവ് അന്നാളിൽ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവിടത്തെ പുനരാഗമനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ.

വ്യക്തിപരമായ പ്രസ്താവനകൾ

9എന്റെ അടുത്ത് കഴിയുന്നത്ര വേഗം എത്താൻ ഉത്സാഹിക്കുക. 10എന്തുകൊണ്ടെന്നാൽ, ദേമാസ് ഈ ലോകജീവിതസൗകര്യങ്ങളെ സ്നേഹിച്ച് എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയ്ക്കും തീത്തോസ് ദൽമാത്യയ്ക്കും പൊയ്ക്കഴിഞ്ഞു. 11ലൂക്കോസുമാത്രമാണ് എന്നോടുകൂടെയുള്ളത്. മർക്കോസിനെ നീ കൂട്ടിക്കൊണ്ടുവരിക; അയാൾ എന്റെ ശുശ്രൂഷയിൽ എനിക്കു പ്രയോജനമുള്ളവനാണ്. 12തിഹിക്കൊസിനെ ഞാൻ എഫേസോസിലേക്ക് അയച്ചിരിക്കുകയാണ്. 13നീ വരുമ്പോൾ, ത്രോവാസിൽ കാർപ്പൊസിന്റെ അടുക്കൽ ഞാൻ വെച്ചിട്ടുപോന്ന പുറംകുപ്പായവും പുസ്തകങ്ങളും വിശേഷാൽ ചർമലിഖിതങ്ങളും കൊണ്ടുവരണം.

14ചെമ്പുപണിക്കാരനായ അലെക്സന്തർ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്റെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം കർത്താവ് അവന് നൽകും. 15നീയും അവനെ സൂക്ഷിക്കുക, കാരണം അയാൾ നമ്മുടെ സന്ദേശത്തെ ശക്തിയുക്തം എതിർത്തവനാണ്.

16ന്യായാധിപന്റെ മുമ്പാകെ എന്നെ ആദ്യമായി ഹാജരാക്കിയപ്പോൾ ആരും എന്റെ സഹായത്തിനായി മുമ്പോട്ട് വന്നില്ല, എല്ലാവരും എന്നെ കൈയൊഴിഞ്ഞു. ഇത് അവരുടെമേൽ കുറ്റമായി ആരോപിക്കപ്പെടാതെയിരിക്കട്ടെ. 17എന്നാൽ, കർത്താവ് എന്നോടൊപ്പംനിന്ന് എന്നെ ശക്തിപ്പെടുത്തി. അങ്ങനെ എന്നിലൂടെ വചനപ്രഘോഷം നിർവഹിക്കാനും യെഹൂദേതരർ സകലരും അതു കേൾക്കാനും കാരണമായി. അതോടെ, ഞാൻ സിംഹത്തിന്റെ വായിൽനിന്ന് മോചിതനായി. 18കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ.

ആശംസകൾ

19പ്രിസ്കിലയ്ക്കും അക്വിലായ്ക്കും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും അഭിവാദനങ്ങൾ.

20എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമൊസിനെ ഞാൻ മിലേത്തോസിൽ രോഗിയായി വിട്ടിട്ട് പോന്നു. 21ശീതകാലത്തിനുമുമ്പേ ഇവിടെ എത്താൻ നീ പരമാവധി ശ്രമിക്കണം.

യൂബൂലൊസും പൂദെസും ലീനോസും ക്ലൗദിയയും സഹോദരങ്ങൾ സകലരും നിനക്ക് അഭിവാദനങ്ങൾ അർപ്പിക്കുന്നു.

22കർത്താവ് നിന്റെ ആത്മാവോടുകൂടെ ഉണ്ടാകുമാറാകട്ടെ. അവിടത്തെ കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.

Copyright information for MalMCV