‏ 2 Samuel 3

1ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ ദീർഘകാലം യുദ്ധം നടന്നു. ദാവീദ് മേൽക്കുമേൽ ശക്തി പ്രാപിച്ചുവന്നു; ശൗലിന്റെപക്ഷം കൂടുതൽ കൂടുതൽ ക്ഷയിച്ചുകൊണ്ടിരുന്നു.

2ഹെബ്രോനിൽവെച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു:

അദ്ദേഹത്തിന്റെ ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു.
3രണ്ടാമൻ കർമേൽക്കാരനായ നാബാലിന്റെ വിധവയായ അബീഗയിലിൽ ജനിച്ച കിലെയാബ്.
മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം.
4നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്.
അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്.
5ആറാമൻ ദാവീദിന്റെ ഭാര്യയായ എഗ്ലായിൽ ജനിച്ച യിത്‌രെയാം.

ഇവരാണ് ദാവീദിന് ഹെബ്രോനിൽവെച്ചു ജനിച്ച മക്കൾ.

അബ്നേർ ദാവീദിന്റെ അടുത്തേക്കു വരുന്നു

6ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ യുദ്ധം നടന്നിരുന്നകാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തനിക്കുള്ള പദവി ദൃഢതരമാക്കിക്കൊണ്ടിരുന്നു. 7അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ശൗലിനുണ്ടായിരുന്നു. “എന്റെ പിതാവിന്റെ വെപ്പാട്ടിയായ സ്ത്രീയെ സ്വീകരിച്ചതെന്തിന്?” എന്ന് ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു.

8ഈശ്-ബോശെത്തിന്റെ വാക്കുകൾമൂലം അബ്നേർ അത്യന്തം കുപിതനായി; അദ്ദേഹം മറുപടി പറഞ്ഞു: “യെഹൂദാപക്ഷത്തുള്ള ഒരു നായുടെ തലയാണു ഞാനെന്നു താങ്കൾ ധരിച്ചിരിക്കുന്നോ? ഞാൻ ഇന്നും താങ്കളുടെ പിതാവായ ശൗലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്നേഹിതന്മാരോടും കൂറുള്ളവനായിരിക്കുന്നു. ഞാൻ താങ്കളെ ദാവീദിന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുത്തിട്ടില്ല. എന്നിട്ടും ഈ സ്ത്രീയുടെപേരിൽ താങ്കൾ എന്നിൽ ഒരു കുറ്റം ആരോപിക്കുകയാണോ! 9 10രാജത്വം ശൗലിന്റെ ഗൃഹത്തിൽനിന്നു മാറ്റി ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബാവരെ സകല ഇസ്രായേലിലും യെഹൂദ്യയിലും സുസ്ഥിരമാക്കുമെന്ന് യഹോവ ദാവീദിനോടു ശപഥംചെയ്തിരിക്കുന്നു. ഞാൻ ദാവീദിനുവേണ്ടി പ്രവർത്തിച്ച് അതു സഫലമാക്കിത്തീർക്കുന്നില്ലെങ്കിൽ ദൈവം അബ്നേരിന് അർഹിക്കുന്നതും അതിലധികവുമായ ശിക്ഷ നൽകട്ടെ!” 11ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെട്ടിരുന്നു. അതിനാൽ പിന്നെ ഒരു വാക്കുപോലും പറയാൻ അദ്ദേഹം ധൈര്യപ്പെട്ടില്ല.

12അതിനുശേഷം അബ്നേർ ദൂതന്മാരെ അയച്ച് ദാവീദിനോട് ഇപ്രകാരം പറയിച്ചു: “ദേശം ആർക്കുള്ളത്? ഞാനുമായി ഒരു ഉടമ്പടി ചെയ്യുക! എന്നാൽ സകല ഇസ്രായേലിനെയും അങ്ങയുടെ പക്ഷത്താക്കുന്നതിന് ഞാൻ അങ്ങയെ തുണയ്ക്കാം.”

13ദാവീദ് മറുപടികൊടുത്തു: “കൊള്ളാം; ഞാൻ താങ്കളുമായി ഒരു ഉടമ്പടി ചെയ്യാം. എന്നാൽ ഒരു കാര്യം ഞാൻ ആവശ്യപ്പെടുന്നു. താങ്കൾ എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ സന്നിധിയിൽ വരരുത്.” 14പിന്നെ ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇപ്രകാരം ആവശ്യപ്പെട്ടു: “നൂറു ഫെലിസ്ത്യരുടെ അഗ്രചർമം
അതായത്, ജീവൻ
വിലയായിക്കൊടുത്ത് ഞാൻ വിവാഹനിശ്ചയം ചെയ്ത, എന്റെ ഭാര്യ മീഖളിനെ ഏൽപ്പിച്ചുതരിക.”

15അങ്ങനെ ഈശ്-ബോശെത്ത് കൽപ്പനകൊടുത്ത്, അവളുടെ ഭർത്താവും ലയീശിന്റെ മകനുമായ ഫല്തിയേലിന്റെ അടുത്തുനിന്നു മീഖളിനെ വരുത്തി. 16എന്നാൽ അവളുടെ ഭർത്താവായ ഫല്തിയേൽ കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. “ഭവനത്തിലേക്കു മടങ്ങിപ്പോകുക,” എന്ന് അബ്നേർ അയാളോട് ആജ്ഞാപിച്ചു; അയാൾ മടങ്ങിപ്പോകുകയും ചെയ്തു.

17അബ്നേർ ഇസ്രായേലിലെ ഗോത്രത്തലവന്മാരുമായി കൂടിയാലോചിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “കുറച്ചുനാളായി ദാവീദിനെ നിങ്ങളുടെ രാജാവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നല്ലോ! 18‘എന്റെ ദാസനായ ദാവീദിനെക്കൊണ്ട് ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നും അവരുടെ സകലശത്രുക്കളുടെയും കൈയിൽനിന്നും വിടുവിക്കും,’ എന്ന് യഹോവ ദാവീദിനോടു വാഗ്ദാനംചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽത്തന്നെ ചെയ്യുക.”

19അബ്നേർ ബെന്യാമീന്യരോടും വ്യക്തിപരമായി സംസാരിച്ചു. ഇതിനെത്തുടർന്ന് ഇസ്രായേലും ബെന്യാമീന്റെ സകലഗൃഹവും താത്പര്യപ്പെടുന്ന കാര്യങ്ങളെല്ലാം ദാവീദിനെ അറിയിക്കുന്നതിനായി അദ്ദേഹം ഹെബ്രോനിലേക്കു പോയി. 20അബ്നേരും അദ്ദേഹത്തോടൊപ്പം ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി. ദാവീദ് അദ്ദേഹത്തിനും ആൾക്കാർക്കുംവേണ്ടി ഒരു വിരുന്നൊരുക്കി. 21അപ്പോൾ അബ്നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ വേഗം പോകട്ടെ! ഞാൻ ചെന്ന് എന്റെ യജമാനനായ രാജാവിനുവേണ്ടി സകല ഇസ്രായേലിനെയും കൂട്ടിവരുത്താം. അവർ അങ്ങയോട് ഉടമ്പടി ചെയ്യട്ടെ! അങ്ങ് ആഗ്രഹിക്കുന്നതുപോലെ സകല ഇസ്രായേലിനെയും അങ്ങേക്കു ഭരിക്കുകയും ചെയ്യാം.” അങ്ങനെ ദാവീദ് അബ്നേരിനെ യാത്രയാക്കി. അദ്ദേഹം സമാധാനത്തോടെ മടങ്ങിപ്പോയി.

യോവാബ് അബ്നേരിനെ വധിക്കുന്നു

22ആസമയത്താണ് ദാവീദിന്റെ പടയാളികളും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി തിരിച്ചെത്തിയത്. എന്നാൽ ആ സമയത്ത് ദാവീദിനൊപ്പം ഹെബ്രോനിൽ അബ്നേർ ഇല്ലായിരുന്നു. കാരണം ദാവീദ് അദ്ദേഹത്തെ യാത്രയാക്കിയിരുന്നു; അദ്ദേഹം സമാധാനത്തോടെ പോയിക്കഴിഞ്ഞിരുന്നു. 23യോവാബും കൂടെയുള്ള പടയാളികളും എത്തിച്ചേർന്നപ്പോൾ നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുത്തു വന്നിരുന്നെന്നും അയാൾ സമാധാനത്തോടെ മടങ്ങിപ്പോയി എന്നും അറിഞ്ഞു.

24അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങ് ഈ ചെയ്തതെന്താണ്? നോക്കൂ! അബ്നേർ അങ്ങയുടെ അടുത്തുവന്നു; അങ്ങ് അയാളെ വിട്ടുകളഞ്ഞതെന്ത്? അയാൾ പൊയ്ക്കളഞ്ഞല്ലോ! 25നേരിന്റെ മകനായ അബ്നേരിനെ അങ്ങ് അറിയുമല്ലോ! അങ്ങയെ ചതിക്കാനും അങ്ങയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അങ്ങയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമാണ് അയാൾ വന്നത്!”

26പിന്നെ യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തുകടന്ന്, അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരാ ജലസംഭരണിയിങ്കൽവെച്ച് അദ്ദേഹത്തെക്കണ്ട് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ഇതൊന്നും ദാവീദ് അറിഞ്ഞില്ല. 27അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ ഒരു രഹസ്യം പറയാനെന്നഭാവേന യോവാബ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പടിവാതിൽക്കലേക്കു മാറിപ്പോയി. അവിടെവെച്ച്, തന്റെ സഹോദരനായ അസാഹേലിന്റെ രക്തത്തിനു പ്രതികാരമായി യോവാബ് അദ്ദേഹത്തെ വയറ്റത്തു കുത്തി; അദ്ദേഹം മരിച്ചുവീണു.

28പിന്നീട് ഇതേപ്പറ്റി അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും ഒരുനാളും യഹോവയുടെ സന്നിധിയിൽ കുറ്റമില്ല. 29അദ്ദേഹത്തിന്റെ രക്തം യോവാബിന്റെയും അയാളുടെ പിതൃഭവനത്തിന്റെയും തലയിൽ പതിക്കട്ടെ! യോവാബ് ഗൃഹത്തിൽ ഉണങ്ങാത്ത വ്രണമുള്ളവനോ കുഷ്ഠരോഗിയോ
ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു.
വടികുത്തി നടക്കുന്ന വികലാംഗനോ വാളാൽ വീഴുന്നവനോ പട്ടിണിക്കാരനോ ഒരുനാളും ഒഴിയാതിരിക്കട്ടെ!”

30(ഗിബെയോനിലെ യുദ്ധത്തിൽവെച്ച് അബ്നേർ തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊലപ്പെടുത്തിയതുമൂലം യോവാബും സഹോദരനായ അബീശായിയുംകൂടി അദ്ദേഹത്തെ വധിക്കുകയായിരുന്നു.)

31അതിനുശേഷം ദാവീദ് യോവാബിനോടും അദ്ദേഹത്തിന്റെ കൂടെയുള്ള സകലജനത്തോടും പറഞ്ഞു: “നിങ്ങളുടെ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് അബ്നേരിന്റെ മുമ്പിൽ വിലപിച്ചു നടക്കുക.” ദാവീദുരാജാവു ശവമഞ്ചത്തിന്റെ പിന്നിൽ നടന്നിരുന്നു. 32അവർ അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചു. അബ്നേരിന്റെ ശവകുടീരത്തിൽ രാജാവ് ഉച്ചത്തിൽ വിലപിച്ചു. സകലജനവും വിലപിച്ചു.

33അബ്നേരിനെപ്പറ്റി രാജാവ് ഈ വിലാപഗാനം പാടി:

“അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടിവന്നത്!
34നിന്റെ കരങ്ങൾ ബന്ധിച്ചിരുന്നില്ല,
നിന്റെ കാലുകൾക്കു ചങ്ങലയിട്ടിരുന്നില്ല.
ദുഷ്ടന്മാരുടെമുമ്പിൽ ഒരുവൻ വീഴുന്നതുപോലെ നീ വീണല്ലോ!”
സകലജനവും അവനെക്കുറിച്ച് വീണ്ടും വിലപിച്ചു.

35പിന്നെ അവർ, വന്ന് ഭക്ഷണം കഴിക്കുന്നതിനു ദാവീദിനെ നിർബന്ധിച്ചു. നേരം നന്നേ പകലായിരുന്നു. എന്നാൽ “സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അപ്പമോ മറ്റെന്തെങ്കിലുമോ ഞാൻ ഭക്ഷിക്കുന്നപക്ഷം ഞാൻ അർഹിക്കുന്നവിധവും അതിലധികവും ദൈവം എന്നെ ശിക്ഷിക്കട്ടെ!” എന്നു പറഞ്ഞ് ദാവീദ് ഒരു ശപഥംചെയ്തിരുന്നു.

36സകലജനവും ഇതു ശ്രദ്ധിച്ചു. രാജാവിന്റെ മറ്റു പ്രവൃത്തികളെല്ലാം അവർക്കു സന്തോഷകരമായിരുന്നതുപോലെ, ഇതും അവർക്കു സന്തോഷകരമായിത്തീർന്നു. 37നേരിന്റെ മകനായ അബ്നേരിനെ വധിച്ചതിൽ രാജാവിനു യാതൊരു പങ്കുമില്ലായിരുന്നു എന്ന് അങ്ങനെ അവിടെ ഉണ്ടായിരുന്ന സകലജനത്തിനും, ഇസ്രായേല്യർക്ക് മുഴുവനും, ബോധ്യമായി.

38അതിനുശേഷം രാജാവ് തന്റെ ആളുകളോട് ഇപ്രകാരം പറഞ്ഞു: “ഒരു പ്രഭുവും മഹാനുമായ വ്യക്തിയാണ് ഇന്ന് ഇസ്രായേലിൽ വീണുപോയതെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ! 39ഇന്ന്, ഞാൻ, അഭിഷിക്തനായ രാജാവെങ്കിലും ബലഹീനനാണ്. സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്ത നിഷ്ഠുരന്മാരാണ്. ദുഷ്ടനു തന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം നൽകട്ടെ!”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.