‏ 2 Kings 14

യെഹൂദാരാജാവായ അമസ്യാവ്

1ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ രണ്ടാമാണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് ഭരണം തുടങ്ങി. 2രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യഹോവദ്ദാൻ എന്നായിരുന്നു; അവർ ജെറുശലേംകാരിയായിരുന്നു. 3അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ ആയിരുന്നില്ലതാനും. എല്ലാക്കാര്യത്തിലും അദ്ദേഹം തന്റെ പിതാവായ യോവാശിനെ മാതൃകയാക്കിയിരുന്നു. 4എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.

5രാജ്യം തന്റെ അധീനതയിൽ സുസ്ഥിരമായപ്പോൾ അദ്ദേഹം തന്റെ പിതാവായിരുന്ന രാജാവിനെ വധിച്ച ഉദ്യോഗസ്ഥന്മാർക്കു വധശിക്ഷതന്നെ നൽകി. 6എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,” a എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് ചതിയന്മാരായ ആ ഘാതകരുടെ മക്കളെ കൊന്നില്ല.

7ഉപ്പുതാഴ്വരയിൽവെച്ച് പതിനായിരം ഏദോമ്യരെ തോൽപ്പിക്കുകയും യുദ്ധത്തിൽ സേലാ പിടിച്ചടക്കുകയും ചെയ്തത് ഈ അമസ്യാവുതന്നെ. അദ്ദേഹം സേലായ്ക്ക് യൊക്തെയേൽ എന്നു പേരുവിളിച്ചു; അത് ഇന്നുവരെയും അപ്രകാരംതന്നെ അറിയപ്പെടുന്നു.

8അതിനുശേഷം അമസ്യാവ് ഇസ്രായേൽരാജാവും യേഹുവിന്റെ പൗത്രനും യഹോവാഹാസിന്റെ പുത്രനുമായ യഹോവാശിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ച് വെല്ലുവിളിച്ചു: “വരൂ, നമുക്കൊന്നു നേരിൽ ഏറ്റുമുട്ടാം.”

9എന്നാൽ ഇസ്രായേൽരാജാവായ യഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് ഇപ്രകാരം മറുപടികൊടുത്തു: “ലെബാനോനിലെ ഒരു മുൾച്ചെടി ലെബാനോനിലെതന്നെ ഒരു ദേവദാരുവിന്റെ അടുക്കൽ ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായിത്തരിക’ എന്നു സന്ദേശം പറഞ്ഞയച്ചു. എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം അതുവഴി വന്നു. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു. 10ഏദോമിനെ തോൽപ്പിച്ചതുമൂലം താങ്കൾ ഇപ്പോൾ നിഗളിച്ചിരിക്കുന്നു. താങ്കൾ നേടിയ വിജയം കൊള്ളാം. അതുമായി വീട്ടിൽ അടങ്ങി താമസിച്ചുകൊള്ളുക. താങ്കളുടെയും യെഹൂദയുടെയും നാശത്തിനുവേണ്ടി എന്തിന് ഉപദ്രവം ക്ഷണിച്ചുവരുത്തുന്നു?”

11എങ്കിലും അമസ്യാവ് അതു ചെവിക്കൊണ്ടില്ല. അതിനാൽ ഇസ്രായേൽരാജാവായ യഹോവാശ് ആക്രമണം നടത്തി. യെഹൂദ്യയിലെ ബേത്-ശേമെശിൽവെച്ച് അദ്ദേഹവും യെഹൂദാരാജാവായ അമസ്യാവുംതമ്മിൽ ഏറ്റുമുട്ടി. 12ഇസ്രായേൽ യെഹൂദയെ തോൽപ്പിച്ചോടിച്ചു; ഓരോരുത്തരും താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി. 13ഇസ്രായേൽരാജാവായ യഹോവാശ് ബേത്-ശേമെശിൽവെച്ച് യെഹൂദാരാജാവും യോവാശിന്റെ പുത്രനും അഹസ്യാവിന്റെ പൗത്രനുമായ അമസ്യാവിനെ പിടിച്ചു ബന്ധിച്ചു. പിന്നെ യഹോവാശ് ജെറുശലേമിലേക്കുചെന്ന് ജെറുശലേമിന്റെ മതിൽ എഫ്രയീംകവാടംമുതൽ കോൺകവാടംവരെ
ദൈവാലയത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പ്രവേശനകവാടത്തിന്റെ പേരാണ് ഇത്.
ഏകദേശം നാനൂറുമുഴം
ഏക. 180 മീ.
നീളത്തിൽ ഇടിച്ചുനിരത്തി.
14യഹോവയുടെ ആലയത്തിലും രാജഭണ്ഡാരത്തിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും എടുത്ത് ജാമ്യത്തടവുകാരെയും പിടിച്ച് അദ്ദേഹം ശമര്യയിലേക്കു മടങ്ങി.

15യഹോവാശിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അയാൾ ചെയ്ത പ്രവൃത്തികൾ, യെഹൂദാരാജാവായ അമസ്യാവിനോട് അയാൾ ചെയ്ത യുദ്ധം ഉൾപ്പെടെയുള്ള അയാളുടെ നേട്ടങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 16യഹോവാശ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ശമര്യയിൽ ഇസ്രായേൽരാജാക്കന്മാരുടെ ശ്മശാനത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ യൊരോബെയാം അദ്ദേഹത്തിനുപകരം രാജാവായി.

17ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷംകൂടി യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു ജീവിച്ചിരുന്നു. 18അമസ്യാവിന്റെ ഭരണകാലത്തെ മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?

19അമസ്യാവിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു; അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. 20അദ്ദേഹത്തിന്റെ മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്ന് ജെറുശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ സംസ്കരിച്ചു.

21പിന്നെ യെഹൂദ്യയിലെ സകലജനങ്ങളും ചേർന്ന് അസര്യാവിനെ
ഉസ്സിയാ എന്നും വിളിക്കപ്പെടുന്നു.
കൊണ്ടുവന്നു. അന്ന് അസര്യാവിനു പതിനാറുവയസ്സായിരുന്നു. ജനം അദ്ദേഹത്തെ പിതാവായ അമസ്യാവിന്റെ സ്ഥാനത്തു രാജാവാക്കി.
22അമസ്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നശേഷം ഏലാത്ത് പുതുക്കിപ്പണിതതും അതിനെ യെഹൂദയോടു വീണ്ടും ചേർത്തതും ഇദ്ദേഹമാണ്.

ഇസ്രായേൽരാജാവായ യൊരോബെയാം രണ്ടാമൻ

23യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാംവർഷം ഇസ്രായേൽരാജാവായ യഹോവാശിന്റെ മകൻ യൊരോബെയാം ശമര്യയിൽ രാജാവായി. അദ്ദേഹം നാൽപ്പത്തിയൊന്നുവർഷം ഭരണംനടത്തി. 24അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു; നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല. 25ഗത്ത്-ഹേഫെർകാരനായ അമിത്ഥായുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖേന ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം ലെബോ-ഹമാത്തുമുതൽ ഉപ്പുകടൽ
മൂ.ഭാ. അരാബാക്കടൽ; അതായത്, ചാവുകടൽ.
വരെയുള്ള ഇസ്രായേലിന്റെ അതിർത്തി പുനഃസ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.

26അടിമയോ സ്വതന്ത്രനോ എന്ന വ്യത്യാസംകൂടാതെ ഇസ്രായേൽമുഴുവൻ കഷ്ടത സഹിക്കുന്നെന്നും അവരെ സഹായിക്കാൻ ആരുമില്ലെന്നും യഹോവ കണ്ടിട്ട് 27ഇസ്രായേലിന്റെ നാമം ആകാശത്തിൻകീഴേ നിന്ന് തുടച്ചുമാറ്റുമെന്നു കൽപ്പിക്കാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖേന യഹോവ അവരെ രക്ഷിച്ചു.

28യൊരോബെയാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, യെഹൂദയുടെ അധീനതയിലായിരുന്ന ദമസ്കോസും ഹമാത്തും അദ്ദേഹം ഇസ്രായേലിനുവേണ്ടി വീണ്ടെടുത്തതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സൈനികനേട്ടങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 29യൊരോബെയാം ഇസ്രായേൽരാജാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ സെഖര്യാവ് അദ്ദേഹത്തിനുപകരം രാജാവായി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.