2 Kings 11
അഥല്യയും യോവാശും
1തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ അവർ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി. 2എന്നാൽ യെഹോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ അവനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല; ആ ശിശു കൊല്ലപ്പെട്ടുമില്ല. 3ആ കുഞ്ഞ് അതിന്റെ ധാത്രിയോടൊപ്പം യഹോവയുടെ ആലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.4ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ആളയച്ച് ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും ▼
▼മൂ.ഭാ. കാര്യരെയും
കൊട്ടാരം കാവൽക്കാരെയും തന്റെ അടുത്ത് യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തി. അദ്ദേഹം അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. യഹോവയുടെ ആലയത്തിൽവെച്ച് അവരെക്കൊണ്ടു ശപഥംചെയ്യിച്ചു. പിന്നെ അദ്ദേഹം രാജാവിന്റെ മകനെ അവർക്കു കാണിച്ചുകൊടുത്തു. 5അദ്ദേഹം അവർക്ക് ഇപ്രകാരം കൽപ്പനകൊടുത്തു: “നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന നിങ്ങളിൽ മൂന്നിലൊരുഭാഗം രാജകൊട്ടാരത്തിലും 6മൂന്നിലൊരുഭാഗം സൂർകവാടത്തിലും മൂന്നിലൊരുഭാഗം കൊട്ടാരം കാവൽക്കാരുടെ പിൻപുറത്തുള്ള കവാടത്തിലുമായി കാവൽനിൽക്കണം. ഈ മൂന്നുകൂട്ടരും ആലയത്തിനു കാവൽനിൽക്കേണ്ടവരാണ്. 7ശബ്ബത്തുനാളിൽ ഒഴിവുള്ള മറ്റേ രണ്ടുകൂട്ടർ യഹോവയുടെ ആലയത്തിൽ രാജാവിനു കാവൽനിൽക്കണം. 8അങ്ങനെ നിങ്ങൾ രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. ഓരോരുത്തനും അവനവന്റെ ആയുധവും ഏന്തിയിരിക്കണം. നിങ്ങളുടെ അണിയെ സമീപിക്കുന്ന ഏതൊരുവനെയും കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.” 9പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ശതാധിപന്മാർ ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളുമായി യെഹോയാദാപുരോഹിതന്റെ അടുത്തെത്തി. 10ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും പരിചകളും യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് സൈന്യാധിപന്മാരുടെ കൈവശം കൊടുത്തു. 11കൊട്ടാരം കാവൽക്കാർ, ഓരോരുത്തനും കൈയിൽ അവനവന്റെ ആയുധവുമായി, ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരന്നു.
12യെഹോയാദാ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് യെഹോയാദാ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട് കൈയടിച്ച്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.
13കൊട്ടാരം കാവൽക്കാരും ജനങ്ങളും ഉയർത്തിയ ആരവം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ ജനങ്ങളുടെ അടുത്തേക്കുവന്നു. 14അവൾ നോക്കി. ആചാരമനുസരിച്ച് അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്നു വിളിച്ചുപറഞ്ഞു.
15സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരോട് യെഹോയാദാപുരോഹിതൻ: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്” എന്ന് ആജ്ഞാപിച്ചു. 16അതിനാൽ കുതിരകൾ കൊട്ടാരവളപ്പിലേക്കു കടക്കുന്ന വാതിൽക്കൽ അവൾ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.
17തങ്ങൾ യഹോവയുടെ ജനമായിരിക്കുമെന്ന് യഹോവയുമായി ഒരു ഉടമ്പടി രാജാവിനെയും ജനങ്ങളെയുംകൊണ്ട് യെഹോയാദാ ചെയ്യിച്ചു. രാജാവും ജനങ്ങളുംതമ്മിലും ഇതുപോലെ ഒരു ഉടമ്പടി അദ്ദേഹം ചെയ്യിച്ചു. 18ദേശത്തെ ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ ഉടച്ചു കഷണങ്ങളാക്കി. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു.
അതിനുശേഷം യെഹോയാദാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കാവൽക്കാരെ നിയോഗിച്ചു. 19അദ്ദേഹം ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും ദേശത്തെ സകലജനത്തെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അവർ കൂട്ടമായിച്ചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നിറക്കി കാവൽക്കാരുടെ കവാടംവഴിയായി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതിനുശേഷം രാജാവ് സിംഹാസനത്തിൽ ഉപവിഷ്ടനായി. 20ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ രാജകൊട്ടാരത്തിൽവെച്ചു വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.
21യോവാശിന് ▼
▼യഹോവാശ്, യോവാശ് എന്നതിന്റെ മറ്റൊരുരൂപം.
ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി.
Copyright information for
MalMCV