2 Kings 10
ആഹാബിന്റെ കുടുംബം കൊല്ലപ്പെടുന്നു
1ശമര്യയിൽ ആഹാബിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അതിനാൽ യേഹു യെസ്രീലിലെ ▼▼ചി.കൈ.പ്ര. പട്ടണത്തിലെ
ഉദ്യോഗസ്ഥന്മാർക്കും നേതാക്കന്മാർക്കും ആഹാബിന്റെ പുത്രന്മാരുടെ രക്ഷാകർത്താക്കൾക്കും കത്തുകളെഴുതി അവരുടെപേരിൽ ശമര്യയിലേക്കു കൊടുത്തയച്ചു. അദ്ദേഹം അതിൽ ഇപ്രകാരമെഴുതിയിരുന്നു: 2“നിങ്ങളുടെ യജമാനന്റെ മക്കൾ നിങ്ങളോടുകൂടി ഉണ്ടല്ലോ! നിങ്ങൾക്കു രഥങ്ങളും കുതിരകളും കോട്ടകെട്ടി ബലപ്പെടുത്തിയ ഒരു നഗരവും ആയുധങ്ങളും ഉണ്ടല്ലോ! അതിനാൽ ഈ എഴുത്തു കിട്ടിയാലുടൻ, 3നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഏറ്റവും നല്ലവനും യോഗ്യനുമായവനെ തെരഞ്ഞെടുത്ത് അവന്റെ പിതാവിന്റെ സിംഹാസനത്തിൽ വാഴിക്കുകയും പിന്നെ നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി പോരാടുകയും ചെയ്യുക.” 4എന്നാൽ അവർ ഏറ്റവും ഭയപ്പെട്ടു. “രണ്ടു രാജാക്കന്മാർക്ക് അദ്ദേഹത്തിനെതിരേ നിൽക്കാൻ കഴിഞ്ഞില്ലല്ലോ. പിന്നെ നമുക്ക് എങ്ങനെ കഴിയും?” എന്ന് അവർ പറഞ്ഞു.
5അതിനാൽ കൊട്ടാരം ഭരണാധിപനും നഗരാധിപനും നേതാക്കന്മാരും പുത്രപാലകന്മാരും ചേർന്ന് യേഹുവിന് ഇങ്ങനെ ഒരു സന്ദേശം കൊടുത്തയച്ചു: “ഞങ്ങൾ അങ്ങയുടെ സേവകന്മാരാണ്; അങ്ങു പറയുന്നതെന്തും ഞങ്ങൾ ചെയ്യാം. ഞങ്ങൾ ആരെയും രാജാവാക്കാൻ പോകുന്നില്ല. അങ്ങയുടെ ദൃഷ്ടിയിൽ ഏറ്റവും നല്ലതായിത്തോന്നുന്നത് ചെയ്താലും!”
6അപ്പോൾ യേഹു അവർക്കു രണ്ടാമതും ഒരു എഴുത്തെഴുതി. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങൾ എന്റെ പക്ഷംചേർന്ന് ഞാൻ പറയുന്നത് അനുസരിക്കുമെങ്കിൽ, നാളെ രാവിലെ ഈ നേരമാകുമ്പോഴേക്കും നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തലകൾ യെസ്രീലിൽ എന്റെ അടുക്കൽ കൊണ്ടുവരിക!”
രാജകുമാരന്മാർ എഴുപതുപേരും അവരെ വളർത്തുന്ന നഗരപ്രമാണിമാരോടുകൂടെ ആയിരുന്നു. 7ആ കത്തു കിട്ടിയപ്പോൾ അവർ രാജകുമാരന്മാരെ എല്ലാവരെയും പിടിച്ചുകൊന്നു; അവരുടെ തല അവർ കുട്ടയിലാക്കി യെസ്രീലിൽ യേഹുവിനു കൊടുത്തയച്ചു. 8“അവർ രാജകുമാരന്മാരുടെ തലകൾ കൊണ്ടുവന്നിരിക്കുന്നു,” എന്ന് സന്ദേശവാഹകർ വന്ന് യേഹുവിനെ അറിയിച്ചു.
അപ്പോൾ യേഹു കൽപ്പനകൊടുത്തു: “നഗരത്തിന്റെ പ്രവേശനകവാടത്തിൽ അവ രണ്ടു കൂമ്പാരമാക്കിയിട്ട് നാളെ രാവിലെവരെ സൂക്ഷിക്കുക!”
9പിറ്റേദിവസം അതിരാവിലെ യേഹു പുറത്തുവന്നു. അദ്ദേഹം സകലജനത്തിന്റെയും മുമ്പാകെ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിരപരാധികൾ; എന്റെ യജമാനനെതിരേ ഗൂഢാലോചന നടത്തിയതും അദ്ദേഹത്തെ കൊന്നതും ഞാൻതന്നെ. എന്നാൽ ഇവരെയെല്ലാം കൊന്നത് ആരാണ്? 10അതിനാൽ നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക: ആഹാബിന്റെ ഗൃഹത്തിനെതിരായി യഹോവ അരുളിച്ചെയ്ത വാക്കുകളിൽ ഒന്നുപോലും വ്യർഥമായിപ്പോകുകയില്ല. തന്റെ ദാസനായ ഏലിയാവു മുഖാന്തരം യഹോവ അരുളിച്ചെയ്തതു നിറവേറിയിരിക്കുന്നു.” 11അങ്ങനെ യേഹു യെസ്രീലിൽ ആഹാബ് ഗൃഹത്തിൽ അവശേഷിച്ചിരുന്ന സകലരെയും അദ്ദേഹത്തിന്റെ പ്രമുഖവ്യക്തികളെയും ഉറ്റ സ്നേഹിതരെയും പുരോഹിതന്മാരെയും എല്ലാം ഒന്നൊഴിയാതെ സംഹരിച്ചു; അവർക്കൊരു പിൻഗാമിയെപ്പോലും ശേഷിപ്പിച്ചില്ല.
12പിന്നെ യേഹു പുറപ്പെട്ട് ശമര്യയിലേക്കുചെന്നു. വഴിമധ്യേ ഇടയന്മാരുടെ ബെയ്ത്ത്-എഖെദ് ▼
▼രോമം കത്രിക്കുന്ന സ്ഥലം എന്നർഥം.
എന്ന ഇടത്തുവെച്ച് 13അദ്ദേഹം യെഹൂദാരാജാവായിരുന്ന അഹസ്യാവിന്റെ ചില ബന്ധുജനങ്ങളെ കണ്ടുമുട്ടി. “നിങ്ങൾ ആരാണ്?” അദ്ദേഹം അവരോടു ചോദിച്ചു.അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യാവിന്റെ ബന്ധുക്കളാണ്. രാജാവിന്റെയും രാജമാതാവിന്റെയും കുടുംബാംഗങ്ങളെക്കണ്ട് അഭിവാദ്യംചെയ്യുന്നതിനായി ഞങ്ങൾ വന്നിരിക്കുന്നു.”
14“അവരെ ജീവനോടെ പിടിക്കുക!” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ ആളുകൾ അവരെ ജീവനോടെ പിടിച്ച് ബെയ്ത്ത്-എഖെദ് എന്ന കിണറിന് അടുത്തുവെച്ച് നാൽപ്പത്തിരണ്ടുപേരെയും സംഹരിച്ചുകളഞ്ഞു. ഒരുവനെപ്പോലും അദ്ദേഹം ശേഷിപ്പിച്ചില്ല.
15അവിടം വിട്ടുപോയപ്പോൾ അദ്ദേഹം രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടുമുട്ടി. അദ്ദേഹം യേഹുവിനെ കാണുന്നതിനു വരികയായിരുന്നു. യേഹു അദ്ദേഹത്തെ അഭിവാദ്യം ചെയ്തിട്ട് ചോദിച്ചു: “എനിക്കു നിന്നോടുള്ള ഹൃദയൈക്യം നിനക്ക് എന്റെനേരേ ഉണ്ടോ?”
“ഉണ്ട്,” എന്നു യോനാദാബ് ▼
▼യെഹോനാദാബ്, യോനാദാബ് എന്നതിന്റെ മറ്റൊരുരൂപം.
മറുപടി പറഞ്ഞു.“എങ്കിൽ കൈതരിക,” എന്ന് യേഹു പറഞ്ഞു. അദ്ദേഹം അപ്രകാരംചെയ്തു. യേഹു അദ്ദേഹത്തെ തന്റെ രഥത്തിലേക്ക് പിടിച്ചുകയറ്റി. 16അതിനുശേഷം യേഹു പറഞ്ഞു: “എന്റെകൂടെ വരിക; വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള തീക്ഷ്ണത കാണുക.” അങ്ങനെ യേഹു യോനാദാബിനെ രഥത്തിലിരുത്തി ഓടിച്ചുപോയി.
17യേഹു ശമര്യയിലെത്തിയപ്പോൾ ആഹാബിന്റെ കുടുംബത്തിൽ അവശേഷിച്ചിരുന്ന സകലരെയും അദ്ദേഹം കൊന്നുകളഞ്ഞു. ഏലിയാവിനോട് യഹോവ അരുളിച്ചെയ്ത വചനപ്രകാരം യേഹു അവരെ ഉന്മൂലനംചെയ്തു.
ബാലിന്റെ ശുശ്രൂഷകർ വധിക്കപ്പെടുന്നു
18അതിനുശേഷം യേഹു സകലജനത്തെയും കൂട്ടിവരുത്തി അവരോടു പറഞ്ഞു: “ആഹാബ് ബാലിനെ അൽപ്പമേ സേവിച്ചുള്ളൂ; യേഹു ബാലിനെ അധികം സേവിക്കും. 19ഇപ്പോൾത്തന്നെ ബാലിന്റെ സകലപ്രവാചകന്മാരെയും സകലശുശ്രൂഷകരെയും സകലപുരോഹിതന്മാരെയും വിളിച്ചുവരുത്തുക. ഞാൻ ബാലിന് ഒരു മഹായാഗം കഴിക്കാൻപോകുന്നു. അതിനാൽ ഒരുവൻപോലും വിട്ടുനിൽക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളണം. ഇവിടെ വരാൻ കഴിയാതെപോകുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.” എന്നാൽ ബാലിന്റെ ശുശ്രൂഷകരെ സംഹരിക്കേണ്ടതിന് യേഹു കൗശലം പ്രയോഗിക്കുകയായിരുന്നു.20“ബാലിനുവേണ്ടി ഒരു വിശുദ്ധസമ്മേളനം വിളിച്ചുകൂട്ടുക,” എന്ന് യേഹു കൽപ്പിച്ചു; അവർ അതു വിളംബരംചെയ്തു. 21അദ്ദേഹം ഇസ്രായേലിൽ എല്ലായിടത്തും ആളയച്ചു; ബാലിന്റെ ശുശ്രൂഷകരെല്ലാം എത്തിച്ചേർന്നു. ആരും വരാതെയിരുന്നില്ല. ബാലിന്റെ ക്ഷേത്രം ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിറയുന്നതുവരെ അവർ അതിൽ തിങ്ങിക്കൂടി. 22“ബാലിന്റെ ശുശ്രൂഷകന്മാർക്കെല്ലാം അങ്കികൾ കൊണ്ടുവന്നു കൊടുക്കുക,” എന്ന് യേഹു വസ്ത്രശാലയുടെ സൂക്ഷിപ്പുകാരനോടു കൽപ്പിച്ചു. അയാൾ അവർക്ക് അങ്കികൾ കൊണ്ടുവന്നു കൊടുത്തു.
23പിന്നെ യേഹുവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. യേഹു ബാലിന്റെ ശുശ്രൂഷകരോട്: “നിങ്ങൾ ചുറ്റും നോക്കി, ബാലിന്റെ ശുശ്രൂഷകന്മാരല്ലാതെ യഹോവയുടെസേവകർ ആരും നിങ്ങളുടെകൂടെ ഇല്ലെന്ന് ഉറപ്പുവരുത്തുക” എന്ന് ആജ്ഞാപിച്ചു. 24ബലികളും ഹോമയാഗങ്ങളും കഴിക്കുന്നതിനായി അവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. യേഹു തന്റെ ആളുകളിൽ എൺപതുപേരെ ആലയത്തിനു പുറത്തു നിർത്തിയിരുന്നു. “ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്ന ആളുകളിൽ ഒരുവനെങ്കിലും ജീവനോടെ രക്ഷപ്പെട്ടാൽ നിങ്ങളുടെ ജീവൻ അവന്റെ ജീവനു പകരമായിരിക്കും,” എന്നുള്ള താക്കീതും അവർക്കു കൊടുത്തിരുന്നു.
25ഹോമയാഗം കഴിച്ചുതീർന്ന ഉടനെ യേഹു അംഗരക്ഷകരോടും കാര്യസ്ഥന്മാരോടും കൽപ്പിച്ചു: “അകത്തുകടന്ന് അവരെ വധിക്കുക; ഒരുത്തൻപോലും രക്ഷപ്പെടരുത്.” അംഗരക്ഷകരും ഉദ്യോഗസ്ഥന്മാരും അവരെ വാളാൽ വെട്ടി മൃതശരീരങ്ങൾ പുറത്തേക്കെറിഞ്ഞു. പിന്നെ അവർ ബാൽക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കടന്നു. 26ആചാരസ്തൂപങ്ങൾ അവർ ബാൽക്ഷേത്രത്തിനു പുറത്തുകൊണ്ടുവന്നു ചുട്ടുകളഞ്ഞു. 27അവർ ബാലിന്റെ ആചാരസ്തൂപങ്ങളും ക്ഷേത്രവും തല്ലിത്തകർത്തു. അവിടം ഇന്നുവരെയും ജനം വിസർജനാലയമായി ഉപയോഗിച്ചുവരുന്നു.
28അങ്ങനെ യേഹു ഇസ്രായേലിൽനിന്ന് ബാലിന്റെ ആരാധന ഉന്മൂലനംചെയ്തു. 29എങ്കിലും, ബേഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കിടാങ്ങളെക്കൊണ്ട് ഇസ്രായേലിനെ പാപംചെയ്യാൻ പ്രേരിപ്പിച്ചവനും നെബാത്തിന്റെ മകനുമായ യൊരോബെയാമിന്റെ പാപങ്ങളെ യേഹു വിട്ടുമാറിയില്ല.
30യഹോവ യേഹുവിനോട്: “എന്റെ ദൃഷ്ടിയിൽ നന്മയായുള്ളത് അനുഷ്ഠിക്കുന്നതിൽ നീ വേണ്ടതുപോലെ പ്രവർത്തിച്ചു; എന്റെ ഇംഗിതമനുസരിച്ചുള്ളതെല്ലാം ആഹാബ് ഗൃഹത്തോടു ചെയ്തുമിരിക്കുന്നു. അതിനാൽ നിന്റെ പിൻഗാമികൾ നാലാംതലമുറവരെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ വാഴും” എന്ന് അരുളിച്ചെയ്തു. 31എങ്കിലും യേഹു പൂർണഹൃദയത്തോടെ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നില്ല. യൊരോബെയാമിന്റെ പാപങ്ങളിൽനിന്ന്—അയാൾ ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നുതന്നെ—അയാൾ വിട്ടുമാറിയതുമില്ല.
32അക്കാലത്ത് യഹോവ ഇസ്രായേലിനെ, എണ്ണത്തിൽ കുറച്ചുകളയാൻ തുടങ്ങി. ഹസായേൽ ഇസ്രായേലിന്റെ ചില പ്രദേശങ്ങൾ കീഴ്പ്പെടുത്തി, 33യോർദാനു കിഴക്ക് ഗാദിന്റെയും രൂബേന്റെയും മനശ്ശെയുടെയും പ്രദേശങ്ങൾ ആയ ഗിലെയാദ് ദേശംമുഴുവനും അർന്നോൻ മലയിടുക്കിനടുത്തുള്ള അരോയേർമുതൽ ഗിലെയാദും ബാശാനുംവരെയുള്ള ദേശവും ഹസായേൽ കീഴ്പ്പെടുത്തി.
34യേഹുവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത സകലപ്രവൃത്തികളും അദ്ദേഹത്തിന്റെ സകലനേട്ടങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
35യേഹു നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ശമര്യയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യഹോവാഹാസ് അദ്ദേഹത്തിനുശേഷം രാജാവായി. 36യേഹു ശമര്യയിൽ ഇസ്രായേലിന്മേൽ വാണകാലം ഇരുപത്തിയെട്ടു വർഷമായിരുന്നു.
Copyright information for
MalMCV