‏ 2 Chronicles 30

ഹിസ്കിയാവ് പെസഹ ആഘോഷിക്കുന്നു

1ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെസഹ ആചരിക്കാൻ ജെറുശലേമിൽ യഹോവയുടെ ആലയത്തിൽ എത്താൻ ക്ഷണിച്ചുകൊണ്ട് ഹിസ്കിയാവ് എല്ലാ ഇസ്രായേലിലും യെഹൂദ്യയിലും സന്ദേശവാഹകരെ അയച്ചു. എഫ്രയീം, മനശ്ശെ ഗോത്രങ്ങൾക്ക് എഴുത്തുകളും എഴുതി. 2രാജാവും പ്രഭുക്കന്മാരും ജെറുശലേമിലെ സർവസഭയും രണ്ടാംമാസത്തിൽ പെസഹ ആചരിക്കണമെന്ന് ആലോചിച്ചുറച്ചിരുന്നു. 3വേണ്ടുവോളം പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു കഴിഞ്ഞിട്ടില്ലാതിരുന്നതിനാലും ജനം ജെറുശലേമിൽ വന്നുകൂടിയിട്ടില്ലാതിരുന്നതിനാലും പെസഹാ യഥാസമയം ആഘോഷിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. 4രണ്ടാംമാസത്തിൽ പെസഹ ആഘോഷിക്കുന്ന കാര്യം രാജാവിനും ജനങ്ങൾക്കും സന്തോഷകരമായി. 5ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജെറുശലേമിൽ ഏവരും വന്നെത്തണമെന്ന് ബേർ-ശേബാമുതൽ ദാൻവരെയും ഉള്ള സകല ഇസ്രായേലിലും ഒരു വിളംബരം പുറപ്പെടുവിക്കണമെന്ന് അവർ തീർപ്പാക്കി. അവർ ഇത്രയധികം ജനങ്ങളുമായി
ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
വിധിപ്രകാരം അത് ആചരിച്ചിരുന്നില്ലല്ലോ!

6രാജകൽപ്പനയനുസരിച്ച് സന്ദേശവാഹകർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യെഹൂദ്യയിലും എല്ലായിടത്തും പോയി. കത്തുകളിൽ ഈ വിധം എഴുതിയിരുന്നു:

“ഇസ്രായേൽജനമേ! അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരിക! അങ്ങനെയായാൽ, അശ്ശൂർരാജാക്കന്മാരുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്ന ശേഷിപ്പായ നമ്മിലേക്ക് അവിടന്നു തിരിയും.
7തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കെതിരേ അവിശ്വസ്തരായിത്തീർന്ന നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്. അതുമൂലം യഹോവ അവരെ ഒരു ഭീതി വിഷയമാക്കിത്തീർത്തു; അതു നിങ്ങൾ കാണുന്നല്ലോ! 8നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യമുള്ളവരാകരുത്; യഹോവയുടെമുമ്പാകെ നിങ്ങളെത്തന്നെ സമർപ്പിക്കുക! അവിടന്ന് എന്നെന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന തന്റെ വിശുദ്ധമന്ദിരത്തിലേക്കു വരിക! നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപത്തിന്റെ ഭയങ്കരത്വം നിങ്ങളെ വിട്ടുമാറേണ്ടതിന്, അവിടത്തെ സേവിക്കുക! 9നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും മക്കളും അവരെ തടവുകാരാക്കിയവരിൽനിന്നു കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കൃപാലുവും കാരുണ്യവാനുമാണല്ലോ. നിങ്ങൾ യഹോവയുടെ അടുത്തേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളിൽനിന്ന് അവിടന്ന് മുഖംതിരിച്ചുകളയുകയില്ല.”

10സന്ദേശവാഹകർ എഫ്രയീമിലും മനശ്ശെയിലും ഉള്ള നഗരങ്ങളോരോന്നും കടന്നുപോയി, അവർ സെബൂലൂൻവരെയും ചെന്നെത്തി. എന്നാൽ ജനം അവരെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു. 11എന്നിരുന്നാലും ആശേർ, മനശ്ശെ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് ചിലർ സ്വയം വിനയപ്പെടുകയും ജെറുശലേമിലേക്കു വരികയും ചെയ്തു. 12യഹോവയുടെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നൽകിയ കൽപ്പനകൾ അനുസരിക്കുന്നതിന് യെഹൂദ്യദേശത്തുള്ളവരെല്ലാവരും ഏകമനസ്സുള്ളവരായിരിക്കാൻ ദൈവത്തിന്റെ കൈ അവരുടെമേൽ ഉണ്ടായിരുന്നു.

13അങ്ങനെ, രണ്ടാംമാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കാൻ വൻപിച്ച ഒരു ജനാവലി ജെറുശലേമിൽ സമ്മേളിച്ചു. 14അവർ എഴുന്നേറ്റ് ജെറുശലേമിലുണ്ടായിരുന്ന അന്യദേവന്മാരുടെ ബലിപീഠങ്ങളെല്ലാം നീക്കിക്കളയുകയും ധൂപാർച്ചനയ്ക്കുള്ള ബലിപീഠങ്ങളെല്ലാം കിദ്രോൻതോട്ടിൽ എറിഞ്ഞുകളയുകയും ചെയ്തു.

15അതിനുശേഷം രണ്ടാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായിരുന്നു; അവർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിലേക്ക് ഹോമയാഗങ്ങൾ കൊണ്ടുവന്നു. 16ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ പറയുന്നപ്രകാരം അവർ അവരവരുടെ ക്രമമനുസരിച്ചുള്ള സ്ഥാനത്ത് നിലയുറപ്പിച്ചു. ലേവ്യരുടെ കൈയിൽനിന്ന് ഏറ്റുവാങ്ങിയ രക്തം പുരോഹിതന്മാർ യാഗപീഠത്തിന്മേൽ തളിച്ചു. 17തങ്ങളെത്തന്നെ ശുദ്ധീകരിക്കാത്ത അനേകർ ആ സഭയിൽ ഉണ്ടായിരുന്നു. അതിനാൽ ആചാരപരമായി ശുദ്ധീകരിക്കപ്പെടാത്ത ഓരോരുത്തർക്കുംവേണ്ടി പെസഹാക്കുഞ്ഞാടിനെ അറക്കാനും അവയെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനുമുള്ള ചുമതല ലേവ്യർക്കായിരുന്നു. 18വലിയൊരു ജനാവലി—എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നുള്ള ഭൂരിഭാഗംപേരും—തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. എന്നിട്ടും വിധിപ്രകാരമല്ലാതെ അവർ പെസഹ ഭക്ഷിച്ചു. എന്നാൽ ഹിസ്കിയാവ് അവർക്കുവേണ്ടി ഇപ്രകാരം പ്രാർഥിച്ചു: “നല്ലവനായ യഹോവേ, ഏവരോടും ക്ഷമിക്കണമേ! 19വിശുദ്ധസ്ഥലത്തിന്റെ പവിത്രീകരണവിധിപ്രകാരം ശുദ്ധരായിത്തീർന്നിട്ടില്ലെങ്കിലും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെക്കുന്ന ഏവരോടും അങ്ങു ക്ഷമിക്കണമേ!” 20യഹോവ ഹിസ്കിയാവിന്റെ പ്രാർഥനകേട്ട് ജനത്തെ സൗഖ്യമാക്കി.

21ജെറുശലേമിലുണ്ടായിരുന്ന ഇസ്രായേൽജനം ഏഴുദിവസം മഹാസന്തോഷത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആചരിച്ചു. യഹോവയ്ക്ക് ഉച്ചനാദത്തിലുള്ള വാദ്യങ്ങൾ മീട്ടിപ്പാടി ലേവ്യരും പുരോഹിതന്മാരും ദിവസംപ്രതി യഹോവയെ സ്തുതിച്ചുകൊണ്ടിരുന്നു.

22യഹോവയുടെ ശുശ്രൂഷയിൽ പ്രാഗല്ഭ്യം കാട്ടിയ ലേവ്യരെ ഹിസ്കിയാവ് അഭിനന്ദിച്ചു. അവർ തങ്ങൾക്കുള്ള ഭക്ഷണം കഴിച്ചുകൊണ്ട് ഉത്സവത്തിന്റെ ഈ ഏഴു നാളുകൾ മുഴുവനും സമാധാനയാഗങ്ങൾ അർപ്പിച്ചു, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചു.
അഥവാ, യഹോവയോടു പാപങ്ങൾ ഏറ്റുപറഞ്ഞു.


23സർവസഭയും ഏഴുദിവസംകൂടി പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു. അവർ ആനന്ദപൂർവം ഏഴുദിവസംകൂടി ഉത്സവം ആഘോഷിക്കുകയും ചെയ്തു. 24യെഹൂദാരാജാവായ ഹിസ്കിയാവ് സഭയ്ക്കുവേണ്ടി ആയിരം കാളകളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. പ്രഭുക്കന്മാരും ആ സഭയ്ക്കുവേണ്ടി ആയിരം കാളകളെയും പതിനായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. ഇതിനിടയിൽ വലിയൊരുകൂട്ടം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു. 25പുരോഹിതന്മാരോടും ലേവ്യരോടും ഒപ്പം യെഹൂദ്യയിലെ സർവസഭയും ഇസ്രായേലിൽനിന്നുവന്ന സർവസഭയും ഇസ്രായേലിൽനിന്നു വന്നുചേർന്നവരും യെഹൂദ്യയിലുണ്ടായിരുന്നവരുമായ വിദേശികളും ഉൾപ്പെടെ എല്ലാവരും ആഹ്ലാദിച്ചു. 26അങ്ങനെ ജെറുശലേമിൽ ആനന്ദം അലതല്ലി. ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലത്തിനുശേഷം ഇങ്ങനെ ഒരുത്സവം ജെറുശലേമിൽ നടന്നിരുന്നില്ല. 27അതിനുശേഷം ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ ആശീർവദിച്ചു. യഹോവയുടെ വിശുദ്ധനിവാസമായ സ്വർഗംവരെ അവരുടെ പ്രാർഥന എത്തുകയും ദൈവം അവരുടെ ശബ്ദം കേൾക്കുകയും ചെയ്തു.

Copyright information for MalMCV