2 Chronicles 25
അമസ്യാവ് യെഹൂദാരാജാവ്
1അമസ്യാവ് രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യഹോവദ്ദാൻ എന്നായിരുന്നു; അവർ ജെറുശലേംകാരിയായിരുന്നു. 2അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ അതു പൂർണഹൃദയത്തോടെ ആയിരുന്നില്ല. 3രാജ്യം തന്റെ അധീനതയിൽ ഉറച്ചപ്പോൾ അദ്ദേഹം തന്റെ പിതാവായിരുന്ന രാജാവിനെ വധിച്ച ഉദ്യോഗസ്ഥന്മാർക്കു വധശിക്ഷതന്നെ നൽകി. 4എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,” a എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് അവരുടെ മക്കളെ കൊലചെയ്യിച്ചില്ല.5അമസ്യാവ് യെഹൂദാജനതയെ ഒരുമിച്ചു വിളിച്ചുകൂട്ടി; അവരെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃകുടുംബക്രമമനുസരിച്ച് സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിൽ നിയോഗിച്ചു. അതിനുശേഷം അദ്ദേഹം ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തി; യുദ്ധസേവനത്തിനു സന്നദ്ധരും കുന്തവും പരിചയും പ്രയോഗിക്കാൻ പ്രാപ്തരുമായി മൂന്നുലക്ഷം പടയാളികൾ ഉള്ളതായിക്കണ്ടു. 6നൂറു താലന്തു ▼
▼ഏക. 3.75 ടൺ.
വെള്ളികൊടുത്ത് അദ്ദേഹം ഇസ്രായേലിൽനിന്ന് ഒരുലക്ഷം യോദ്ധാക്കളെ വാടകയ്ക്കും എടുത്തു. 7എന്നാൽ ഒരു ദൈവപുരുഷൻ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു: “അല്ലയോ രാജാവേ, ഇസ്രായേലിൽനിന്നുള്ള ഈ പടയാളികൾ അങ്ങയോടുകൂടി യുദ്ധത്തിനു വരരുത്—കാരണം യഹോവ ഇസ്രായേല്യരോടുകൂടെ ഇല്ല. എഫ്രയീംജനതയിലെ യാതൊരുത്തന്റെകൂടെയും ഇല്ല. 8യുദ്ധത്തിൽ അങ്ങുതന്നെ ചെന്ന് ധീരമായി പോരാടിയാലും ദൈവം നിങ്ങളെ ശത്രുവിന്റെ മുമ്പിൽ പരാജയപ്പെടുത്തും. കാരണം ദൈവം തുണയ്ക്കാനും തകർക്കാനും ശക്തിയുള്ളവനാണ്.”
9“എന്നാൽ ഈ പടയാളികൾക്കുവേണ്ടി ഞാൻ കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യമോ?” അമസ്യാവ് ദൈവപുരുഷനോട് ചോദിച്ചു.
അതിന് ദൈവപുരുഷൻ: “യഹോവയ്ക്ക് അതും അതിലധികവും തരാൻ കഴിയും” എന്നുത്തരം പറഞ്ഞു.
10അതിനാൽ എഫ്രയീമിൽനിന്ന് തന്റെ അടുത്തേക്കുവന്ന ആ സൈന്യത്തെ അമസ്യാവു പിരിച്ചുവിട്ടു; അവരെ എഫ്രയീമിലേക്കു തിരിച്ചയച്ചു. യെഹൂദയ്ക്കെതിരേ അവരുടെ ക്രോധം ജ്വലിച്ചു. അവർ ഉഗ്രകോപത്തോടെ മടങ്ങിപ്പോയി.
11അതിനുശേഷം അമസ്യാവ് തന്റെ സൈന്യത്തെ അണിനിരത്തി അവരെ ഉപ്പുതാഴ്വരയിലേക്കു നയിച്ചു. അവിടെ അദ്ദേഹം സേയീർനിവാസികളിൽ പതിനായിരംപേരെ സംഹരിച്ചു. 12യെഹൂദാസൈന്യം മറ്റൊരു പതിനായിരംപേരെക്കൂടി ജീവനോടെ പിടികൂടി; അവരെ കടുംതൂക്കായ ഒരു പാറയുടെ മുകളിലേക്കു കൊണ്ടുപോയി, അവിടെനിന്ന് അവരെ താഴേക്ക് എറിഞ്ഞുകളഞ്ഞു; അവരുടെ ശരീരങ്ങൾ ഛിന്നഭിന്നമായിപ്പോയി.
13ഈ സമയത്ത് ഈ യുദ്ധത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ അമസ്യാവു തിരിച്ചയച്ച ഇസ്രായേൽ പടക്കൂട്ടം യെഹൂദാനഗരങ്ങളിൽ—ശമര്യമുതൽ ബേത്-ഹോരോൻവരെ കടന്നാക്രമിച്ചു. അവർ മൂവായിരം ആളുകളെ വധിക്കുകയും അനവധി കൊള്ളമുതൽ കൊണ്ടുപോകുകയും ചെയ്തു.
14അമസ്യാവ് ഏദോമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ സേയീർജനതയുടെ ദേവന്മാരെയും എടുത്തുകൊണ്ടുപോന്നു. അദ്ദേഹം അവയെ തന്റെ സ്വന്തം ദേവന്മാരായി പ്രതിഷ്ഠിച്ച് അവയുടെമുമ്പിൽ കുമ്പിടുകയും ഹോമബലികൾ അർപ്പിക്കുകയും ചെയ്തു. 15യഹോവയുടെ കോപം അമസ്യാവിനെതിരേ ജ്വലിച്ചു. യഹോവ ഒരു പ്രവാചകനെ അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. ആ പ്രവാചകൻ ചോദിച്ചു: “സ്വന്തം ജനത്തെ നിന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിയാഞ്ഞവരാണല്ലോ ഈ ദൈവങ്ങൾ! ഈ ജനതയുടെ ദേവന്മാരെ നീയെന്തിന് ആശ്രയിക്കുന്നു!”
16പ്രവാചകൻ സംസാരിച്ചുകൊണ്ടിരിക്കെ, രാജാവ് അദ്ദേഹത്തോടു പറഞ്ഞു, “നിന്നെ രാജാവിന്റെ ഉപദേഷ്ടാവായി ഞങ്ങൾ നിയമിച്ചിട്ടുണ്ടോ? നിർത്തുക. നീ വെട്ടുകൊണ്ടു ചാകുന്നതെന്തിന്?”
അതിനാൽ ആ പ്രവാചകൻ നിർത്തി. പക്ഷേ, ഇത്രയുംകൂടി പറഞ്ഞു: “നീ ഇതു ചെയ്യുകയാലും എന്റെ ഉപദേശം ചെവിക്കൊള്ളാതിരിക്കയാലും ദൈവം നിന്നെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു.”
17അതിനുശേഷം യെഹൂദാരാജാവായ അമസ്യാവ് തന്റെ ഉപദേഷ്ടാക്കളുമായി കൂടിയാലോചിച്ചശേഷം ഇസ്രായേൽരാജാവും യേഹുവിന്റെ പൗത്രനും യഹോവാഹാസിന്റെ പുത്രനുമായ യഹോവാശിന്റെ അടുക്കൽ വെല്ലുവിളി അയച്ചു: “വരൂ, നമുക്കൊന്നു നേരിൽ ഏറ്റുമുട്ടാം.”
18എന്നാൽ ഇസ്രായേൽരാജാവായ യഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് ഇപ്രകാരം മറുപടികൊടുത്തു: “ലെബാനോനിലെ ഒരു മുൾച്ചെടി ലെബാനോനിലെതന്നെ ഒരു ദേവദാരുവിന്റെ അടുക്കൽ ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായിത്തരിക’ എന്നു സന്ദേശം പറഞ്ഞയച്ചു. എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം അതുവഴി വന്നു. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു. 19ഏദോമിനെ തോൽപ്പിച്ചെന്നു താങ്കൾ പറയുന്നുണ്ടാകാം; അതിനാൽ നീയിപ്പോൾ ഉന്നതനും നിഗളിയുമായിത്തീർന്നിരിക്കുന്നു. എന്നാൽ അതുമായി വീട്ടിൽ അടങ്ങി താമസിച്ചുകൊള്ളുക. താങ്കളുടെയും യെഹൂദയുടെയും നാശത്തിനുവേണ്ടി എന്തിന് ഉപദ്രവം ക്ഷണിച്ചുവരുത്തുന്നു?”
20എങ്കിലും അമസ്യാവ് അതു ചെവിക്കൊണ്ടില്ല. അദ്ദേഹം ഏദോമ്യദേവന്മാരെ ആശ്രയിക്കയാൽ അദ്ദേഹത്തെ യോവാശിന്റെകൈയിൽ ഏൽപ്പിക്കണമെന്നതു ദൈവഹിതമായിരുന്നു. 21അതിനാൽ ഇസ്രായേൽരാജാവായ യഹോവാശ് ആക്രമണം നടത്തി. യെഹൂദ്യയിലെ ബേത്-ശേമെശിൽവെച്ച് അദ്ദേഹവും യെഹൂദാരാജാവായ അമസ്യാവുംതമ്മിൽ ഏറ്റുമുട്ടി. 22ഇസ്രായേൽ യെഹൂദയെ തോൽപ്പിച്ചോടിച്ചു; ഓരോരുത്തരും താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി. 23ഇസ്രായേൽരാജാവായ യഹോവാശ് ബേത്-ശേമെശിൽവെച്ച്, യെഹൂദാരാജാവും യോവാശിന്റെ പുത്രനും അഹസ്യാവിന്റെ പൗത്രനുമായ അമസ്യാവിനെ പിടിച്ചു ബന്ധിച്ചു. പിന്നെ യഹോവാശ് അദ്ദേഹത്തെ ജെറുശലേമിലേക്കു കൊണ്ടുവന്നു. തുടർന്ന് അദ്ദേഹം ജെറുശലേമിന്റെ മതിൽ എഫ്രയീംകവാടംമുതൽ കോൺകവാടംവരെ ▼
▼വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പ്രവേശനകവാടത്തിന്റെ പേരാണ് ഇത്.
ഏകദേശം നാനൂറുമുഴം ▼▼ഏക. 180 മീ.
നീളത്തിൽ ഇടിച്ചുനിരത്തി. 24ഓബേദ്-ഏദോമിന്റെ സൂക്ഷിപ്പിൽ ദൈവാലയത്തിൽ ഉണ്ടായിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം എടുത്തുകൊണ്ടുപോയി. അതോടൊപ്പം കൊട്ടാരഭണ്ഡാരവും ജാമ്യത്തടവുകാരെയും അദ്ദേഹം കൈയടക്കി. ഇവയെല്ലാമായി അദ്ദേഹം ശമര്യയിലേക്കു മടങ്ങി. 25ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷംകൂടി യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു ജീവിച്ചിരുന്നു. 26അമസ്യാവിന്റെ ഭരണകാലത്തെ മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 27അമസ്യാവ് യഹോവയെ പിൻതുടരുന്നതിൽ നിന്നും വിട്ടുമാറിയ ദിവസംമുതൽ അദ്ദേഹത്തിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. 28അദ്ദേഹത്തിന്റെ മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്ന് യെഹൂദാ ▼
▼ചി.കൈ.പ്ര. ദാവീദിന്റെ; 2 രാജാ. 14:20 കാണുക.
നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ സംസ്കരിച്ചു.
Copyright information for
MalMCV