2 Chronicles 24
യോവാശ് ദൈവാലയം നന്നാക്കുന്നു
1യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേരു സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരി ആയിരുന്നു. 2യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. 3അദ്ദേഹം യോവാശിനുവേണ്ടി രണ്ടു ഭാര്യമാരെ തെരഞ്ഞെടുത്തിരുന്നു; യോവാശിന് പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു.4അൽപ്പകാലം കഴിഞ്ഞ് യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കാൻ തീരുമാനിച്ചു. 5അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു പറഞ്ഞു: “നിങ്ങൾ യെഹൂദാനഗരങ്ങളിൽചെന്ന് ദൈവത്തിന്റെ ആലയത്തിന്റെ കേടുപാടുകൾ പോക്കുന്നതിന് എല്ലാ ഇസ്രായേലും ആണ്ടുതോറും കൊടുക്കേണ്ടതായ ദ്രവ്യം ശേഖരിക്കുക! ഇക്കാര്യം വേഗം നിർവഹിക്കുക.” എന്നാൽ ലേവ്യർ വേഗത്തിൽ ഈ കാര്യം ചെയ്തില്ല.
6അതിനാൽ രാജാവ് പുരോഹിതമുഖ്യനായ യെഹോയാദായെ വരുത്തി അദ്ദേഹത്തോടു ചോദിച്ചു: “ഉടമ്പടിയുടെ കൂടാരത്തിനുവേണ്ടി യഹോവയുടെ ദാസനായ മോശയും ഇസ്രായേലിന്റെ സർവസഭയും ചുമത്തിയ കരം യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും പിരിച്ചെടുത്തുകൊണ്ടുവരാൻ അങ്ങ് ലേവ്യരോട് ആവശ്യപ്പെടാത്തതെന്ത്?”
7ആ ദുഷ്ടസ്ത്രീ അഥല്യയുടെ പുത്രന്മാർ ദൈവത്തിന്റെ മന്ദിരത്തിൽ അതിക്രമിച്ചുകടന്ന് യഹോവയുടെ ആലയത്തിലെ വിശുദ്ധവസ്തുക്കൾപോലും ബാലിനുവേണ്ടി ഉപയോഗിച്ചിരുന്നു.
8രാജകൽപ്പനയനുസരിച്ച് അവർ ഒരു കാണിക്കവഞ്ചിയുണ്ടാക്കി യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ പുറത്തുവെച്ചു. 9ദൈവദാസനായ മോശ മരുഭൂമിയിൽവെച്ച് ഇസ്രായേലിന്മേൽ ചുമത്തിയിരുന്ന കരം സകല യെഹൂദാനിവാസികളും ജെറുശലേമ്യരും കൊണ്ടുവന്ന് യഹോവയ്ക്കു നൽകണം എന്ന് ഒരു വിളംബരവും ഇറക്കി. 10സകലപ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂർവം തങ്ങളുടെ വിഹിതം കൊണ്ടുവന്ന് ആ വഞ്ചി നിറയുന്നതുവരെ നിക്ഷേപിച്ചു. 11വഞ്ചിയിൽ ധാരാളം പണം വീണു എന്നു കാണുമ്പോൾ ലേവ്യർ അതെടുത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുത്തുകൊണ്ടുവരും. അപ്പോഴൊക്കെ രാജാവിന്റെ ലേഖകനും ▼
▼അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ.
പുരോഹിതമുഖ്യന്റെ കാര്യസ്ഥനുംകൂടി വഞ്ചി ഒഴിച്ചശേഷം പൂർവസ്ഥാനത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. അവർ ദിനംപ്രതി ഈ വിധം ചെയ്യുമായിരുന്നു; അങ്ങനെ വളരെ വലിയൊരു തുക സമാഹരിക്കുകയും ചെയ്തു. 12ഈ ദ്രവ്യം രാജാവും യെഹോയാദാ പുരോഹിതനുംകൂടി, യഹോവയുടെ ആലയത്തിൽ ആവശ്യമായ പണികൾ ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നവരെ ഏൽപ്പിച്ചു. അവർ യഹോവയുടെ ആലയം പുനരുദ്ധരിക്കുന്നതിന് കൽപ്പണിക്കാരെയും മരപ്പണിക്കാരെയും കൂലിക്കെടുത്തു; കൂടാതെ, ഇരുമ്പും വെങ്കലവുംകൊണ്ടു പണിചെയ്യുന്ന ആളുകളെയും അവർ നിയോഗിച്ചു. 13പണിയുടെ ചുമതലക്കാർ കഠിനാധ്വാനശീലമുള്ളവരായിരുന്നു. അവരുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിച്ചു. അവർ ദൈവാലയത്തെ ആദ്യത്തെ രൂപകൽപ്പനകൾക്കനുസൃതമായി പുനരുദ്ധരിച്ചു ബലപ്പെടുത്തി. 14പണികളെല്ലാം തീർത്തുകഴിഞ്ഞപ്പോൾ അവർ അധികമുള്ള പണം രാജാവിന്റെയും യെഹോയാദാ പുരോഹിതന്റെയും മുമ്പാകെ സമർപ്പിച്ചു. ആ പണംകൊണ്ട് യഹോവയുടെ ആലയത്തിൽവേണ്ടതായ സാധനസാമഗ്രികൾ ഉണ്ടാക്കി. ആരാധനയ്ക്കും ഹോമയാഗങ്ങൾക്കും വേണ്ടതായ ഉപകരണങ്ങൾ, സ്വർണവും വെള്ളിയുംകൊണ്ടുള്ള തളികകളും മറ്റു സാധനങ്ങളും എല്ലാം ആ പണംകൊണ്ടുണ്ടാക്കി. യെഹോയാദാപുരോഹിതന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു.
15യെഹോയാദാ വൃദ്ധനും കാലസമ്പൂർണനുമായി നൂറ്റിമുപ്പതാമത്തെ വയസ്സിൽ മരിച്ചു. 16ഇസ്രായേലിൽ, ദൈവത്തിനും അവന്റെ ജനങ്ങൾക്കുംവേണ്ടി അദ്ദേഹം ചെയ്ത നന്മകളെ പരിഗണിച്ച് അവർ അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരോടൊപ്പം സംസ്കരിച്ചു.
യോവാശിന്റെ തിന്മ
17യെഹോയാദായുടെ മരണശേഷം യെഹൂദ്യയിൽനിന്നുള്ള ഉദ്യോഗസ്ഥന്മാർ വന്ന് രാജാവിനെ വണങ്ങി. അദ്ദേഹം അവർക്കു ചെവികൊടുക്കുകയും ചെയ്തു. 18അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെ ഉപേക്ഷിച്ചുചെന്ന് അശേരാപ്രതിഷ്ഠകളെയും ബിംബങ്ങളെയും ആരാധിച്ചു. അവരുടെ ഈ കുറ്റംനിമിത്തം ദൈവകോപം യെഹൂദ്യയുടെയും ജെറുശലേമിന്റെയുംമേൽ പതിച്ചു. 19അവരെ തിരികെ വരുത്താനായി യഹോവ അവരുടെ ഇടയിലേക്കു പ്രവാചകന്മാരെ അയയ്ക്കുകയും ആ പ്രവാചകന്മാർ അവർക്കെതിരേ സാക്ഷ്യം പറയുകയും ചെയ്തെങ്കിലും അവർ ചെവിക്കൊണ്ടില്ല.20യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു. അദ്ദേഹം ജനത്തിനുമുമ്പാകെ നിന്ന് ഈ വിധം പറഞ്ഞു: “ഇതാ ദൈവം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതിരിക്കുന്നതെന്ത്? അതിനാൽ നിങ്ങൾക്കു ശുഭം വരികയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നതിനാൽ അവിടന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.’ ”
21എന്നാൽ അവർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി; രാജകൽപ്പനയനുസരിച്ച് അവർ അദ്ദേഹത്തെ യഹോവയുടെ ആലയാങ്കണത്തിൽവെച്ച് കല്ലെറിഞ്ഞുകൊന്നു. 22സെഖര്യാവിന്റെ പിതാവായ യെഹോയാദാ തന്നോടു കാണിച്ച ദയ യോവാശ് രാജാവ് ഓർമിച്ചില്ല; അയാൾ അദ്ദേഹത്തിന്റെ മകനെ കൊന്നു. “യഹോവ ഇതു കാണട്ടെ! നിനക്കെതിരേ കണക്കു തീർക്കട്ടെ,” എന്നു പറഞ്ഞുകൊണ്ട് സെഖര്യാവു മരിച്ചുവീണു.
23ആ വർഷം തീരാറായപ്പോൾ ▼
▼ഒരുപക്ഷേ വസന്തകാലത്ത്
അരാമ്യസൈന്യം യോവാശിനെതിരേ വന്നുചേർന്നു. അവർ യെഹൂദ്യയെയും ജെറുശലേമിനെയും ആക്രമിച്ച് സകലജനനായകന്മാരെയും വധിച്ചു; കൊള്ളമുതൽ മുഴുവൻ അവർ ദമസ്കോസിലേക്ക്, അവരുടെ രാജാവിന് കൊടുത്തയച്ചു. 24വളരെക്കുറച്ച് ആളുകളുമായാണ് അരാമ്യസൈന്യം വന്നതെങ്കിലും യഹോവ ഒരു വലിയ സൈന്യത്തെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു. യെഹൂദാ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് യോവാശിന്റെമേൽ ന്യായവിധി നടത്തപ്പെട്ടു. 25അരാമ്യസൈന്യം പിൻവാങ്ങിയപ്പോൾ യോവാശിനെ വളരെ മാരകമായ നിലയിൽ മുറിവേൽപ്പിച്ചിട്ടാണ് അവർ വിട്ടുപോയത്. പുരോഹിതനായ യെഹോയാദായുടെ പുത്രനെ വധിച്ചതുമൂലം അദ്ദേഹത്തിന്റെ ഭൃത്യന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും, കിടക്കയിൽവെച്ച് അദ്ദേഹത്തെ കൊന്നുകളയുകയും ചെയ്തു. അങ്ങനെ യോവാശ് മരിച്ചു; ദാവീദിന്റെ നഗരത്തിൽ അടക്കപ്പെടുകയും ചെയ്തു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു അദ്ദേഹത്തെ അടക്കിയത്. 26ഒരു അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും, ▼
▼യോസാബാദ്, സാബാദ് എന്നതിന്റെ മറ്റൊരുരൂപം.
മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ ▼▼ശോമെർ, ശിമ്രീത്ത് എന്നതിന്റെ മറ്റൊരുരൂപം.
മകൻ യെഹോസാബാദും ആയിരുന്നു യോവാശിനെതിരേ ഗൂഢാലോചന നടത്തിയത്. 27യോവാശിന്റെ പുത്രന്മാരുടെയും അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി പ്രവചനങ്ങളുടെയും അദ്ദേഹം ദൈവാലയം പുനരുദ്ധരിച്ചതിന്റെയും വിവരങ്ങൾ രാജാക്കന്മാരുടെ ചരിത്രവ്യാഖ്യാന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ അമസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
Copyright information for
MalMCV