2 Chronicles 20
യെഹോശാഫാത്ത് മോവാബിനെയും അമ്മോനെയും പരാജയപ്പെടുത്തുന്നു
1അതിനുശേഷം മോവാബ്യരും അമ്മോന്യരും മെയൂന്യരിൽ ▼▼ചി.കൈ.പ്ര. അമ്മോന്യർ
ചിലരും ചേർന്ന് യെഹോശാഫാത്തിനെതിരേ യുദ്ധത്തിനുവന്നു. 2ചിലർ വന്ന് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇതാ ഉപ്പുകടലിനക്കരെ ▼
▼അതായത്, ചാവുകടൽ
ഏദോമിൽനിന്ന് ▼▼ഒരു കൈ.പ്ര. ഏദോം; മിക്ക കൈ.പ്ര. അരാം
ഒരു മഹാസൈന്യം അങ്ങേക്കെതിരേ വരുന്നു. അവർ എൻ-ഗെദി എന്ന ഹസെസോൻ-താമാരിൽ എത്തിയിരിക്കുന്നു.” 3യെഹോശാഫാത്ത് ഭയന്നുവിറച്ച് യഹോവയുടെഹിതം ആരായാൻ തീരുമാനിച്ചു. അദ്ദേഹം യെഹൂദ്യയിലെങ്ങും ഒരു ഉപവാസം പ്രഖ്യാപിച്ചു. 4യഹോവയിൽനിന്ന് സഹായം തേടാൻ യെഹൂദാജനമെല്ലാം ഒരുമിച്ചുകൂടി. അവർ യെഹൂദ്യയുടെ എല്ലാ നഗരത്തിൽനിന്നും യഥാർഥമായി യഹോവയെ അന്വേഷിച്ചു വന്നെത്തി. 5യഹോവയുടെ ആലയത്തിൽ പുതിയ അങ്കണത്തിനുമുമ്പിൽ യെഹൂദ്യ-ജെറുശലേംനിവാസികൾ ഒരുമിച്ചുകൂടി. ആ മഹാസഭയിൽ യെഹോശാഫാത്ത് എഴുന്നേറ്റുനിന്ന് 6ഇപ്രകാരം പറഞ്ഞു:
“ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ! സ്വർഗസ്ഥനായ ദൈവം അങ്ങുമാത്രമാണല്ലോ! ഭൂമിയിലെ ▼
▼മൂ.ഭാ. രാഷ്ട്രം അഥവാ, ജനത
സകലരാജ്യങ്ങളെയും ഭരിക്കുന്നത് അവിടന്നാണ്. ബലവും ശക്തിയും അവിടത്തെ കൈകളിലാകുന്നു. അങ്ങയോട് എതിർത്തുനിൽക്കാൻ ഒരുത്തനും സാധ്യമല്ലല്ലോ! 7ഞങ്ങളുടെ ദൈവമേ! അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ പൂർവനിവാസികളെ അങ്ങു തുരത്തുകയും ദേശത്തെ അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികൾക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്തല്ലോ! 8അവർ ഇവിടെ വസിച്ചു; തിരുനാമത്തിന് ഒരു വിശുദ്ധമന്ദിരം ഇവിടെ നിർമിക്കുകയും ചെയ്തു. അന്ന് അവർ പറഞ്ഞു: 9‘ഞങ്ങൾക്ക് അത്യാപത്തു വന്നുഭവിച്ചാൽ—ന്യായവിധിയുടെ വാളോ മഹാമാരിയോ ക്ഷാമമോ ഏതു വിധത്തിലുള്ളതായാലും—ഞങ്ങൾ അവിടത്തെ സന്നിധിയിൽ, തിരുനാമം വഹിക്കുന്ന ഈ ആലയത്തിനുമുമ്പിൽ നിൽക്കുകയും ഞങ്ങളുടെ കഷ്ടതയിൽ അങ്ങയോടു നിലവിളിക്കുകയും ചെയ്യും; അങ്ങ് ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’ 10“എന്നാൽ ഇപ്പോൾ ഇവിടെയിതാ അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളും! ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ ഇവരുടെ ദേശങ്ങളെ ആക്രമിക്കാൻ അങ്ങ് ഞങ്ങളുടെ പൂർവികരെ അനുവദിച്ചിരുന്നില്ലല്ലോ! അതിനാൽ ഇസ്രായേൽ ഇവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോന്നു. 11അങ്ങു ഞങ്ങൾക്ക് അവകാശമായിത്തന്ന സമ്പത്തിൽനിന്ന് ഞങ്ങളെ തുരത്തിയോടിക്കാൻ ഇവർ വന്നിരിക്കുന്നതുകൊണ്ട് ഇവർ എപ്രകാരം പ്രത്യുപകാരം ചെയ്യുന്നു എന്നു കാണണമേ! 12ഞങ്ങളുടെ ദൈവമേ! അങ്ങ് ഇവരെ ന്യായംവിധിക്കുകയില്ലേ? കാരണം ഞങ്ങളെ ആക്രമിക്കുന്ന ഈ മഹാസൈന്യത്തെ നേരിടാനുള്ള ശക്തി ഞങ്ങൾക്കില്ല. യഹോവേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് കണ്ണുകൾ ഉയർത്തിയിരിക്കുന്നു.”
13യെഹൂദാപുരുഷന്മാരെല്ലാവരും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടി യഹോവയുടെ സന്നിധിയിൽ നിന്നു.
14അപ്പോൾ ആ സഭയിൽ നിന്നിരുന്ന യഹസീയേൽ എന്ന പുരുഷന്റെമേൽ യഹോവയുടെ ആത്മാവു വന്നു. യഹസീയേൽ സെഖര്യാവിന്റെ മകൻ; സെഖര്യാവ് ബെനായാവിന്റെ മകൻ; ബെനായാവ് യെയീയേലിന്റെ മകൻ; യെയീയേൽ മത്ഥന്യാവിന്റെ മകൻ; മത്ഥന്യാവ് ലേവ്യനും ആസാഫിന്റെ പുത്രന്മാരിൽ ഒരാളുമായിരുന്നു.
15യഹസീയേൽ പറഞ്ഞു: “യെഹോശാഫാത്ത് രാജാവേ, യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികളേ, ശ്രദ്ധയോടെ കേൾക്കുക! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യംമൂലം നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്. കാരണം യുദ്ധം നിങ്ങൾക്കുള്ളതല്ല, ദൈവത്തിന്റേതാണ്. 16നാളെ നിങ്ങൾ അവർക്കെതിരേ ചെല്ലുക! അവർ സീസ്‌കയറ്റം കയറിവരുന്നുണ്ടാകും. നിങ്ങൾ അവരെ യെരുവേൽ മരുഭൂമിയിൽ മലയിടുക്കിന്റെ അതിർത്തിയിൽവെച്ചു കണ്ടുമുട്ടും. 17ഈ യുദ്ധത്തിൽ നിങ്ങൾക്കു പൊരുതേണ്ടതായി വരികയില്ല. യെഹൂദയേ, ജെറുശലേമേ, നിങ്ങളുടെ സ്ഥാനങ്ങളിൽ നിലകൊള്ളുക; അചഞ്ചലരായിത്തന്നെ നിൽക്കുക. എന്നിട്ട് യഹോവ നിങ്ങൾക്കു തരുന്ന വിടുതൽ കാണുക, ഭയപ്പെടരുത്! അധൈര്യരാകരുത്! നാളെ അവരെ നേരിടാനായി പുറപ്പെടുക. യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.’ ”
18യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി. സകല യെഹൂദയും ഇസ്രായേലും വീണുവണങ്ങി യഹോവയെ ആരാധിച്ചു. 19അപ്പോൾ കെഹാത്യരും കോരഹ്യരുമായ ചില ലേവ്യർ എഴുന്നേറ്റ് അത്യുച്ചനാദത്തിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയെ സ്തുതിച്ചു.
20അതിരാവിലെതന്നെ അവർ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവർ പുറപ്പെടുമ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റ് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: “യെഹൂദയേ, ജെറുശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയെ വിശ്വസിക്കുക; എന്നാൽ നിങ്ങൾക്കു നിങ്ങളുടെ സ്ഥാനങ്ങളിൽ നിൽക്കാൻ കഴിയും. അവിടത്തെ പ്രവാചകരെയും വിശ്വസിക്കുക; എന്നാൽ നിങ്ങൾ വിജയം കൈവരിക്കും.” 21യെഹോശാഫാത്ത് ജനങ്ങളുമായി ആലോചിച്ച് അവിടത്തെ വിശുദ്ധിയുടെ പ്രതാപത്തിന് അനുഗുണമായി യഹോവയെ വാഴ്ത്തിപ്പാടാൻ ആളുകളെ നിയോഗിച്ചു. അവർ സൈന്യത്തിനുമുമ്പിൽ നടന്നുകൊണ്ട്:
“യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ,
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു” എന്നു പാടി.
22അവർ ഈ വിധം സ്തുതിച്ചുപാടാൻ തുടങ്ങിയപ്പോൾ യെഹൂദയെ ആക്രമിക്കാൻവന്ന മോവാബ്യർക്കും അമ്മോന്യർക്കും സേയീർപർവതനിവാസികൾക്കും എതിരായി യഹോവ പതിയിരിപ്പുകാരെ വരുത്തി. അങ്ങനെ അവർ തോറ്റുപോയി. 23അമ്മോന്യരും മോവാബ്യരുംകൂടി സേയീർ പർവതനിവാസികൾക്കെതിരേ തിരിഞ്ഞ് അവരെ നശിപ്പിച്ച് ഉന്മൂലനംചെയ്തു. അവരെ കൊന്നുമുടിച്ചു കഴിഞ്ഞപ്പോൾ അമ്മോന്യരും മോവാബ്യരും പരസ്പരം കൊല്ലുന്നതിനു തുടങ്ങി.
24യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ ആ മഹാസൈന്യത്തിനുനേരേ നോക്കി. അവരെല്ലാം ശവങ്ങളായി തറയിൽക്കിടക്കുന്നതു കണ്ടു; ഒരുത്തനും രക്ഷപ്പെട്ടിരുന്നില്ല. 25അതിനാൽ യെഹോശാഫാത്തും അദ്ദേഹത്തിന്റെ ആളുകളും അവരെ കൊള്ളചെയ്യാൻ ചെന്നു. ധാരാളം സാധനസാമഗ്രികളും വസ്ത്രങ്ങളും ▼
▼ചി.കൈ.പ്ര. വസ്ത്രങ്ങൾ; മിക്ക കൈ.പ്ര. ശവശരീരങ്ങൾ
വിലപിടിപ്പുള്ള വസ്തുക്കളും അവിടെ അവർ കണ്ടു. അവർക്കു കൊണ്ടുപോകാൻ കഴിയുന്നതിലും അധികമായിരുന്നു അവ. അവിടെ വളരെയധികം കൊള്ളമുതൽ ഉണ്ടായിരുന്നതിനാൽ അതു ശേഖരിക്കുന്നതിനുതന്നെ മൂന്നുദിവസം വേണ്ടിവന്നു. 26നാലാംദിവസം അവർ ബെരാഖാ ▼▼സ്തുതി എന്നർഥം.
താഴ്വരയിൽ ഒരുമിച്ചുകൂടി. അവിടെ അവർ യഹോവയെ സ്തുതിച്ചു. അതുകൊണ്ടാണ് അവിടം ഇന്നുവരെയും ബെരാഖാ എന്നപേരിൽ അറിയപ്പെടുന്നത്. 27തങ്ങളുടെ ശത്രുക്കളുടെമേൽ ജയഘോഷം മുഴക്കാൻ യഹോവ അവർക്കു വക നൽകിയതിനാൽ എല്ലാ യെഹൂദ്യരും ജെറുശലേംനിവാസികളും യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ ആനന്ദത്തോടെ ജെറുശലേമിലേക്കു മടങ്ങി. 28അവർ ജെറുശലേമിൽ പ്രവേശിച്ച് കിന്നരത്തോടും വീണയോടും കാഹളത്തോടുംകൂടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
29ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരേ യഹോവ ഏതുവിധം പൊരുതി എന്നറിഞ്ഞപ്പോൾ ചുറ്റുമുള്ള നാടുകളിലും സകലരാജ്യങ്ങളിലും ദൈവത്തെപ്പറ്റിയുള്ള ഭീതി പരന്നു. 30ദൈവം അദ്ദേഹത്തിനുചുറ്റും വിശ്രമം നൽകിയിരുന്നതിനാൽ യെഹോശാഫാത്തിന്റെ രാജ്യത്തിൽ സമാധാനം പുലർന്നു.
യെഹോശാഫാത്തിന്റെ ഭരണത്തിന്റെ അന്ത്യം
31അങ്ങനെ യെഹോശാഫാത്ത് യെഹൂദ്യയിൽ വാണു. രാജഭരണം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയഞ്ചുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഇരുപത്തിയഞ്ചുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അസൂബാ എന്നായിരുന്നു. അവൾ ശിൽഹിയുടെ മകളായിരുന്നു. 32അദ്ദേഹം തന്റെ പിതാവായ ആസായുടെ ജീവിതരീതികൾതന്നെ അനുവർത്തിച്ചു. അദ്ദേഹം അവയിൽനിന്നു വ്യതിചലിക്കാതെ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. 33എന്നിരുന്നാലും, ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന് ഹൃദയം പരിപൂർണമായി സമർപ്പിച്ചിരുന്നതുമില്ല.34യെഹോശാഫാത്തിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ ആദ്യവസാനം, ഹനാനിയുടെ മകനായ യേഹുവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. അവ ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
35പിന്നീടൊരിക്കൽ, യെഹൂദാരാജാവായ യെഹോശാഫാത്ത് ദുഷ്‌പ്രവൃത്തിക്കാരനായ ഇസ്രായേൽരാജാവായ അഹസ്യാവുമായി സഖ്യംചെയ്തു. 36ഒരു കച്ചവടക്കപ്പൽവ്യൂഹം ▼
▼മൂ.ഭാ. തർശീശിലേക്കു പോകുന്ന കപ്പൽ
നിർമിക്കാൻ അദ്ദേഹം അഹസ്യാവോടു കൂട്ടുചേർന്നു. എസ്യോൻ-ഗേബെറിൽവെച്ച് അവ പണിയിക്കപ്പെട്ടു. 37മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസർ യെഹോശാഫാത്തിനെതിരായി പ്രവചിച്ചു പറഞ്ഞു: “അഹസ്യാവുമായി സഖ്യം ചെയ്തതിനാൽ നീ നിർമിച്ചതിനെ യഹോവ തകർത്തുകളയും.” കപ്പലുകളെല്ലാം തകർന്നുപോയി. കച്ചവടത്തിനായി ▼▼മൂ.ഭാ. തർശീശിലേക്കു പോകുന്നതിനായി
അവ കടലിലിറക്കാൻ കഴിഞ്ഞതുമില്ല.
Copyright information for
MalMCV