‏ 1 Thessalonians 5

കർത്താവിന്റെ ദിവസം

1സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയുംകുറിച്ചു നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല. 2കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം. 3“സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല.

4എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; 5നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. 6അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. 7ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 8എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം. 9ദൈവം നമ്മെ ക്രോധത്തിന് ഇരയാക്കാനല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കായാണ് നിയമിച്ചിരിക്കുന്നത്. 10നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടത്തോടുകൂടെ ജീവിക്കേണ്ടതിനാണ് യേശു നമുക്കുവേണ്ടി മരിച്ചത്. 11ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും പണിത് ഉയർത്തുകയുംചെയ്യുക.

സമാപന നിർദേശങ്ങൾ

12സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. 13അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക. 14സഹോദരങ്ങളേ, നിങ്ങൾക്കുള്ള ഞങ്ങളുടെ പ്രോത്സാഹനമോ: അലസരെ ശാസിക്കുക, ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ ഉത്തേജിപ്പിക്കുക, ബലഹീനരെ സഹായിക്കുക, എല്ലാവരോടും ക്ഷമാപൂർവം പെരുമാറുക. 15നിങ്ങളിലാരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരസ്പരവും, മറ്റുള്ളവർക്കും എപ്പോഴും നന്മമാത്രം ചെയ്യുക.

16എപ്പോഴും ആനന്ദിക്കുക; 17നിരന്തരം പ്രാർഥിക്കുക; 18എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.

19ആത്മാവിന്റെ അഗ്നി കെടുത്തിക്കളയരുത്; 20പ്രവചനം നിസ്സാരവൽക്കരിക്കരുത്. 21സകലതും സശ്രദ്ധം പരിശോധിച്ചതിനുശേഷം നല്ലതുമാത്രം അംഗീകരിക്കുക. 22എല്ലാത്തരം തിന്മകളെയും ഉപേക്ഷിക്കുക.

23സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. 24നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും.

25സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.

26സകലസഹോദരങ്ങൾക്കും വിശുദ്ധചുംബനത്താൽ അഭിവാദനംചെയ്യുക.

27ഈ ലേഖനം എല്ലാ സഹോദരങ്ങളെയും വായിച്ചു കേൾപ്പിക്കണമെന്നു കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.

28നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.