1 Thessalonians 2
പൗലോസിന്റെ തെസ്സലോനിക്യൻ ദൗത്യം
1സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് നിഷ്ഫലമായില്ല എന്നു നിങ്ങൾ അറിയുന്നല്ലോ. 2മുമ്പ് ഞങ്ങൾ ഫിലിപ്പിയയിൽവെച്ച് കഷ്ടവും അതിഹീനമായ അപമാനവും സഹിച്ചത് നിങ്ങൾക്കറിയാമല്ലോ. അങ്ങനെ ശക്തമായ എതിർപ്പുണ്ടായിട്ടും നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ദിവ്യസുവിശേഷം നിങ്ങളോടറിയിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടു. 3ഞങ്ങളുടെ പ്രബോധനം തെറ്റായതോ ദുരുദ്ദേശ്യപരമോ കാപട്യത്തിൽനിന്ന് ഉളവായതോ അല്ല; 4നേരേമറിച്ച്, സുവിശേഷം ഭരമേൽപ്പിക്കുന്നതിനു ദൈവം ഞങ്ങളെ യോഗ്യരായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രസംഗിക്കുന്നത്. മനുഷ്യരെ അല്ല, നമ്മുടെ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെത്തന്നെയാണ് ഞങ്ങൾ പ്രസാദിപ്പിക്കുന്നത്. 5ഞങ്ങൾ ഒരിക്കലും മുഖസ്തുതി പറയുകയോ കൗശലം പ്രയോഗിച്ച് നിങ്ങളിൽനിന്ന് ധനം അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നു നിങ്ങൾക്കറിയാം; അതിനു ദൈവം സാക്ഷി. 6ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്നനിലയിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നെങ്കിലും നിങ്ങളിൽനിന്നോ മറ്റാരിലെങ്കിലുംനിന്നോ പ്രശംസ ആഗ്രഹിച്ചിട്ടില്ല. 7പിന്നെയോ, ഞങ്ങൾ നിങ്ങളുടെ മധ്യത്തിൽ ശിശുക്കളെപ്പോലെയായിരുന്നു.ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെയാണ് ഞങ്ങൾ നിങ്ങളെ ആർദ്രതയോടെ പരിചരിച്ചത്. 8നിങ്ങൾ ഞങ്ങളുടെ വത്സലർ ആയിത്തീർന്നതിനാൽ, ദൈവത്തിന്റെ സുവിശേഷംമാത്രമല്ല; ഞങ്ങളുടെ പ്രാണനുംകൂടി നിങ്ങൾക്കായി നൽകാൻ ഞങ്ങൾ തൽപ്പരർ ആയിരുന്നു. 9സഹോദരങ്ങളേ, ഞങ്ങൾ ദൈവത്തിന്റെ സുവിശേഷം നിങ്ങളെ അറിയിച്ചപ്പോൾ നിങ്ങൾക്കൊരു ഭാരമാകരുത് എന്നു കരുതിയാണ് ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തിരുന്നത്. ഇതു നിങ്ങൾ നിശ്ചയമായും ഓർക്കുമല്ലോ. 10വിശ്വാസികളായ നിങ്ങളുടെ മധ്യത്തിൽ ഞങ്ങൾ എത്ര പവിത്രരും നീതിനിഷ്ഠരും നിഷ്കളങ്കരും ആയിരുന്നെന്നതിനു നിങ്ങളും ദൈവവും സാക്ഷി. 11– 12ഞങ്ങൾ നിങ്ങളോടു പെരുമാറിയത് ഒരു പിതാവ് സ്വന്തം മക്കളോടു പെരുമാറുന്നതുപോലെ ആയിരുന്നുവെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളെ അവിടത്തെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും വിളിക്കുന്ന ദൈവത്തിന് യോഗ്യരായി ജീവിതം നയിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും ഉത്തേജിപ്പിക്കാനുമാണ് ഇപ്രകാരം പെരുമാറിയത്.
13ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അതു പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു. 14സഹോദരങ്ങളേ, സ്വന്തം ജനത്തിൽനിന്ന് കഷ്ടം സഹിച്ചുകൊണ്ട് നിങ്ങളും യെഹൂദ്യ നാട്ടിൽ യെഹൂദരിൽനിന്നുതന്നെ കഷ്ടം സഹിച്ച ക്രിസ്തുയേശുവിലുള്ള ദൈവസഭകളെ അനുകരിക്കുന്നവരായിത്തീർന്നു. 15യെഹൂദർ കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്തു. അവർ ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സർവമനുഷ്യരോടും ശത്രുത പുലർത്തുന്നവരും ആണ്. 16യെഹൂദേതരർ രക്ഷിക്കപ്പെടാതിരിക്കാൻ അവരോടു പ്രസംഗിക്കുന്നതിൽനിന്ന് ഞങ്ങളെ നിരോധിക്കുന്നു. അവർ തങ്ങളുടെ പാപങ്ങൾ എപ്പോഴും കൂമ്പാരമായി കൂട്ടുന്നു. ഇത് നിമിത്തം ദൈവക്രോധം പൂർണമായി അവരുടെമേൽ നിപതിച്ചിരിക്കുന്നു.
തെസ്സലോനിക്യരെ കാണാനുള്ള പൗലോസിന്റെ വാഞ്ഛ
17എന്നാൽ സഹോദരങ്ങളേ, മനസ്സില്ലാമനസ്സോടെയാണെങ്കിലും നിങ്ങളിൽനിന്നും അൽപ്പകാലം, ഹൃദയംകൊണ്ടല്ല ശരീരംകൊണ്ടു വേർപിരിഞ്ഞതിനാൽ ഞങ്ങൾ നിങ്ങളെ മുഖാമുഖം കാണാൻ തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 18എന്നാൽ നിങ്ങളെ സന്ദർശിക്കാൻ ഞങ്ങൾ—പ്രത്യേകിച്ചും പൗലോസ് എന്ന ഞാൻ, വീണ്ടും വീണ്ടും ആഗ്രഹിച്ചു, പക്ഷേ സാത്താൻ ഞങ്ങളുടെ വഴി തടഞ്ഞു. 19നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ, തിരുമുമ്പിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും നിങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ്? 20അതേ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനവും ▼▼മൂ.ഭാ. മഹത്ത്വം
ആനന്ദവും.
Copyright information for
MalMCV